പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ സംബന്ധിച്ച വിവാദത്തില്‍ പ്രതികരണവുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്. സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ സുവര്‍ണാവസരമായി ബിജെപി ഉപയോഗിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ആഗോള അയ്യപ്പ സംഗമത്തിന് എല്ലാ മേഖലയില്‍നിന്നും കിട്ടിയ പിന്തുണ കാരണമാണ് ദേവസ്വംബോര്‍ഡിനെതിരെ ആരോപണങ്ങളുയര്‍ത്തുന്നതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.1998 മുതലുള്ള ദേവസ്വവുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ സമഗ്രാന്വേഷണം നടത്താന്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ആവശ്യപ്പെടുമെന്നും പി.എസ്.പ്രശാന്ത് കൂട്ടിച്ചേര്‍ത്തു.
‘ദേവസ്വം മന്ത്രിയുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. 1998-ലാണ് വിജയ് മല്യ സ്വര്‍ണം പൂശുന്നത്. അന്ന് മുതല്‍ ഇതുവരെയുള്ള കാലഘട്ടത്തില്‍ നടന്ന സംഭവങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടാന്‍ പോകുന്നത്. അത് സ്വര്‍ണത്തിന്റെ തൂക്കത്തിന്റെ കാര്യത്തിലും ഇത്തരത്തിലുള്ള അവതാരങ്ങളുടെ കാര്യത്തിലും അന്വേഷണം വേണം. ഹൈക്കോടതിയില്‍ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ഇക്കാര്യം ആവശ്യപ്പെടും’ പ്രശാന്ത് പറഞ്ഞു.
കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇത്തണവ സ്വര്‍ണപ്പാളികള്‍ ചെന്നൈയിലേക്ക് നവീകരണത്തിന് കൊണ്ടുപോയത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈയില്‍ സ്വര്‍ണം കൊടുത്തിവിട്ടിട്ടില്ല. അദ്ദേഹത്തോട് ചെന്നൈയിലേക്ക് വരാനാണ് പറഞ്ഞിരിക്കുന്നത്. 38 കിലോയുള്ള 14 പാളികളിലായി 397 ഗ്രാം സ്വര്‍ണമാണ് ഉള്ളത്. ഇതില്‍ 12 പാളികളാണ് കൊണ്ടുപോയത്. അതിലെ സ്വര്‍ണത്തിന്റെ അളവ് 281 ഗ്രാം ആണ്. നവീകരണത്തിന് 10 ഗ്രാം സ്വര്‍ണം ഉപയോഗിച്ചു. കോടതി ഉത്തരവനുസരിച്ച് തിരിച്ചുകൊണ്ട് വന്നു. നവീകരണത്തിന് ശേഷം 14 പാളികളിലായി 407 ഗ്രാം സ്വര്‍ണം ഉണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സേവനം ദേവസ്വംബോര്‍ഡ് വീണ്ടും തേടിയതിന് കാരണമുണ്ടെന്നും പി.എസ്.പ്രശാന്ത് വിശദീകരിച്ചു. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ 40 വര്‍ഷത്തെ വാറണ്ടിയുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പേരിലാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ സേവനം തേടേണ്ടി വന്നത്. ‘പ്രതിപക്ഷ നേതാവ് കാര്യങ്ങള്‍ പറയുമ്പോള്‍ പഠിച്ച് പറയണം. ഞങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒന്നും ഒളിക്കാനും മറക്കാനുമില്ല. ദേവസ്വം ബോര്‍ഡ് ഇതുവരെ അവര്‍ ഭരിച്ചിട്ടില്ലെന്ന രീതിയിലാണ് പ്രതിപക്ഷ നേതാവ് സംസാരിക്കുന്നത്. ദേവസ്വം വിജിലന്‍സിനെ പേടിച്ച് ഇറങ്ങി ഓടിയ ദേവസ്വംബോര്‍ഡ് മെമ്പര്‍ ഉണ്ട് ഇവിടെ. അതിന്റെ ചരിത്രമൊന്നും ഞങ്ങളെ കൊണ്ട് പറയിപ്പിക്കേണ്ട’ പ്രശാന്ത് പറഞ്ഞു.