ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം സംമ്പന്ധിച്ച വിവരങ്ങൾ പുറത്തു വിടേണ്ടതില്ലെന്ന് ഡൽഹി ഹൈക്കോടതി. സർട്ടിഫിക്കറ്റുകൾ പരിശോധിക്കണം എന്ന വിവരാവകാശ കമ്മീഷൻ ഉത്തരവ് റദ്ദാക്കിയാണ് കോടതി ഉത്തരവ്. പ്രധാനമന്ത്രിയുടെ ബിരുദവുമായി ബന്ധപ്പെട്ട് വലിയ ആരോപണ പ്രത്യാരോപണങ്ങളാണ് ഉയർന്നിരുന്നത്.
1978 ലെ എല്ലാ ബിരുദ സർട്ടിഫിക്കറ്റുകളും പരിശോധിക്കണം എന്ന ഉത്തരവായിരുന്നു വിവരാവകാശ കമ്മീഷൻ ഇതുമായി ബന്ധപ്പെട്ട് നൽകിയിരുന്നത്. വിവരാവകാശ കമ്മീഷൻറെ ഈ ഉത്തരവ് ചോദ്യം ചെയ്തു കൊണ്ട് ഡൽഹി സർവ്വകലാശാലയാണ് ഹൈക്കോടതിയെ സമീപിച്ചത്. തുടർന്നു ഫെബ്രുവരിയിൽ മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വാദങ്ങൾ പൂർത്തിയായിരുന്നു. പിന്നീട് കേസ് വിധി പറയാൻ മാറ്റുകയും ചെയ്തിരുന്നു.
തുടർന്ന് ഇന്നാണ് ഈ വിഷയത്തിൽ ഹൈക്കോടതി ഉത്തരവുണ്ടായത്. ഡൽഹി സർവ്വകലാശലയ്ക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരായി. അപരിചിതരായ ആളുകൾക്ക് മുന്നിൽ ബുരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകേണ്ടതില്ല എന്ന നിലപാടാണ് സർവ്വകലാശാല ഈ വിഷയത്തിൽ സ്വീകരിച്ചത്.