ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയെ ആക്രമിച്ചയാളെ ഡൽഹി പോലീസ് തിരിച്ചറിഞ്ഞു. ഗുജറാത്തിലെ രാജ്‌കോട്ട് സ്വദേശിയായ രാജേഷ് സക്രിയ എന്നയാളാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഇയാളെ ചോദ്യംചെയ്ത് വരികയാണെന്നും ഇയാളുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഇതിനിടെ രാജേഷ് ഒരു നായസ്‌നേഹിയാണെന്നും തെരുവുനായകൾക്ക് ഷെൽറ്റൽ ഒരുക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ വിധിയിൽ അസ്വസ്ഥനായിരുന്നുവെന്നും ഇയാളുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
‘എന്റെ മകന് നായകളെ വലിയ ഇഷ്ടമാണ്. ഡൽഹി എൻസിആറിലെ തെരുവുനായകളെ പിടികൂടി ഷെൽട്ടറുകളിലേക്ക് മാറ്റാനുള്ള സുപ്രീം കോടതി വിധി വന്നതിന് ശേഷം അവൻ ദേഷ്യത്തിലായിരുന്നു. അധികം വൈകാതെ ഡൽഹിയിലേക്ക് പോയി. അതിൽ കൂടുതൽ ഞങ്ങൾക്ക് ഒന്നും അറിയില്ല.’ സക്രിയയുടെ അമ്മ ഭാനു മാധ്യമങ്ങളോട് പറഞ്ഞു.
ഇതിനിടെ ഒരു ബന്ധുവിനെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ സഹായം തേടിയാണ് 41-കാരനായ സക്രിയ പൊതുയോഗത്തിനെത്തിയതെന്നും പുറത്തുവരുന്ന ചില റിപ്പോർട്ടുകൾ പറയുന്നു. ബുധനാഴ്ച രാവിലെ തന്റെ വസതിയിൽ താമസക്കാരുടെ പ്രശ്‌നങ്ങൾ കേൾക്കാനുള്ള ‘ജൻസുൻവായ്’ യോഗത്തിൽ പങ്കെടുക്കവേയാണ് മുഖ്യമന്ത്രി രേഖ ഗുപ്ത ആക്രമിക്കപ്പെട്ടത്. ദൃക്‌സാക്ഷികൾ പറയുന്നതനുസരിച്ച്, രാജേഷ് ചില രേഖകളുമായി മുഖ്യമന്ത്രിയെ സമീപിച്ചു. സംഭാഷണത്തിനിടെ, അയാൾ ബഹളം വയ്ക്കുകയും മുഖ്യമന്ത്രിയെ ആക്രമിക്കുകയുമായിരുന്നു. രാജേഷ് മദ്യപിച്ചിരുന്നതായി ചില ദൃക്‌സാക്ഷികൾ അവകാശപ്പെട്ടെങ്കിലും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ആക്രമണം നടന്നയുടൻ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടി. ഡൽഹി പോലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഡൽഹി പോലീസ് കമ്മീഷണർ എസ്ബികെ സിങ് ആണ് അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കുന്നത്.
എന്നാൽ ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ബിജെപി സംശയം പ്രകടിപ്പിച്ചു. മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങൾ എതിരാളികൾക്ക് സഹിക്കാൻ കഴിയുന്നില്ലെന്നും ആക്രമണത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ടെന്നും ഡൽഹി മന്ത്രി മഞ്ജീന്ദർ സിങ് സിർസ പറഞ്ഞു.
മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ ആം ആദ്മി പാർട്ടി നേതാവ് അതിഷി ആക്രമണത്തെ അപലപിച്ചു. ‘ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്‌ക്കെതിരായ ആക്രമണം അങ്ങേയറ്റം അപലപനീയമാണ്. ജനാധിപത്യത്തിൽ വിയോജിപ്പിനും പ്രതിഷേധത്തിനും സ്ഥാനമുണ്ട്, എന്നാൽ അക്രമത്തിന് സ്ഥാനമില്ല. കുറ്റവാളികൾക്കെതിരെ ഡൽഹി പോലീസ് കർശന നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രി പൂർണ്ണമായും സുരക്ഷിതയാണെന്ന് കരുതുന്നു,’ അതിഷി പറഞ്ഞു.