ഹോങ്കോങ്: വടക്കൻ തായ്‌പേയിൽ 31 നില പാർപ്പിട സമുച്ചയങ്ങളിലുണ്ടായ തീപ്പിടിത്തത്തിൽ മരണസംഖ്യ 44 ആയി ഉയർന്നു. 279 പേരെ കാണാതായും ഹോങ്കോങ് ചീഫ് എക്‌സിക്യൂട്ടീവ് ജോൺ ലീ അറിയിച്ചു. മരിച്ചവരിൽ ഒരു അഗ്‌നിശമന സേനാംഗവും ഉൾപ്പെടുന്നു. ആദ്യം 28 പേരെയാണ് രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. ഇതിൽ ഒൻപത് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരുന്നവർ പിന്നീട് മരണപ്പെട്ടു. അതേസമയം ചികിത്സയിൽ കഴിയുന്ന 45 പേരുടെ നില ഗുരുതരമാണ്. നിരവധി പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോർട്ട്.
പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ട് 6.22 ഓടെയായിരുന്നു സംഭവം.31 നിലകളുള്ള കെട്ടിടത്തിൽനിന്ന് ആദ്യം പുക ഉയരുകയും പിന്നാലെ തീ ആളിക്കത്തുകയുമായിരുന്നു. വാങ് ഫുക് ഭവനസമുച്ചയത്തിലാണ് തീപ്പിടിത്തം ആരംഭിച്ചത്.1980കളിൽ നിർമിച്ച എട്ട് കെട്ടിടങ്ങൾ അടങ്ങുന്ന ഈ ഭാഗത്ത് രണ്ടായിരത്തോളം പാർപ്പിട സമുച്ചയങ്ങളുണ്ട്. ഇവിടെ 4800 പേർ താമസിക്കുന്നു. ലോകത്തിലെതന്നെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഒന്നാണ് ഹോങ്കോങ്ങിലെ വാങ് ഫുക് കോർട്ട്.
അതേസമയം തീപിടിത്തത്തിനു പിന്നിലെ കാരണം കണ്ടെത്താനായി പോലീസും അഗ്‌നിരക്ഷാസേനയും ചേർന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായും അദ്ദേഹം പറഞ്ഞു. നൂറുകണക്കിന് താമസക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്. 29 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. നിലവിൽ തീ നിയന്ത്രണ വിധേയമാണ്. കഴിഞ്ഞ മുപ്പതു വർഷത്തിനിടയിൽ ഹോങ്കോങ്ങിലെ ഏറ്റവും വലിയ തീപിടിത്തമാണിതെന്ന് അധികൃതർ പറഞ്ഞു. 1996 നവംബറിൽ കൗലൂൺ ജില്ലയിലെ വാണിജ്യ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ 41 പേരാണ് മരിച്ചത്.



















































