വയനാട്: താമരശ്ശേരിയിലെ ഒമ്പത് വയസുകാരിയുടെ മരണം ചികിത്സാ പിഴവ് കാരണമെന്ന് അമ്മ രംബീസ. തന്റെ കുട്ടിയെ ഡോക്ടർമാർ വേണ്ട രീതിയിൽ ശ്രദ്ധിച്ചില്ലെന്നും നേരത്തെ ഉന്നയിച്ച കാര്യങ്ങൾ പോസ്റ്റുമോർട്ടം റിപ്പോർട്ടിലൂടെ തെളിഞ്ഞെന്നും രംബീസ പറഞ്ഞു. സംഭവത്തിൽ ചികിത്സാപിഴവ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് താമരശ്ശേരി ഡിവൈഎസ്പിയ്ക്ക് കുടുംബം പരാതി നൽകി. കുട്ടിയെ ചികിത്സിച്ച ഡോക്ടർമാർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിക്കും പരാതി നൽകുമെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.
അതേസമയം കുട്ടിയുടെ മരണത്തിൽ ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നാണ് താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ ഗോപാലകൃഷ്ണൻ പറയുന്നത്. ന്യുമോണിയയുടെ ലക്ഷണങ്ങൾ കുട്ടിയ്ക്ക് ഉണ്ടായിരുന്നില്ല. ആമീബിക് ആണെന്നാണ് മെഡിക്കൽ കോളേജിലെ മൈക്രോബയോളജി റിപ്പോർട്ട്, ഫോറൻസിക് റിപ്പോർട്ടിലും മൈക്രോബയോളജി റിപ്പോർട്ടുകളിലും വ്യത്യാസം ഉണ്ട്. ഈ റിപ്പോർട്ടിലെ അവ്യക്ത പരിഹരിക്കേണ്ടത് മെഡിക്കൽ കോളേജും മെഡിക്കൽ ബോർഡുമാണ് എന്നുമാണ് സൂപ്രണ്ടിൻറെ വാദം.
കടുത്ത പനിയെ തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ 9 വയസുകാരി അനയയെ പ്രവേശിപ്പിച്ചത് ഓഗസ്റ്റ് 14നാണ്. വൈകിട്ട് മൂന്നുമണിയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ കുട്ടി മരിക്കുകയായിരുന്നു. സ്രവ പരിശോധനയിൽ കുട്ടിക്ക് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചിരുന്നതായി വ്യക്തമായെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ വിശദീകരണം. എന്നാൽ കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരം അല്ലെന്നും നേരത്തെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തിരുന്നെങ്കിൽ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നുവെന്നും മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പറഞ്ഞിരുന്നതായി കുടുംബം അന്ന് പറഞ്ഞിരുന്നു. ഇതിനിടയിലാണ് കുട്ടി മരിച്ചത് ഇൻഫ്ലുവൻസ എ അണുബാധയെ തുടർന്നുള്ള വൈറൽ ന്യൂമോണിയ മൂലമാണെന്ന് വ്യക്തമാക്കുന്ന തരത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടിയെ ചികിത്സിച്ചതിൽ താമരശ്ശേരി താലൂക്ക് ആശുപത്രി അധികൃതർക്ക് വീഴ്ചപറ്റിയെന്ന് ആരോപിച്ചാണ് കുടുംബം താമരശ്ശേരി ഡിവൈഎസ്പിക്ക് പരാതി നൽകിയത്.