കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യക്കുഴിയിൽ മൂന്നുവയസുകാരൻ വീണ് മരിച്ച കേസിൽ സിയാലിനെ (കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്) സംരക്ഷിച്ച് പോലീസ് കുറ്റപത്രം. കേസിൽ മനപൂർവ്വമല്ലാത്ത നരഹത്യാവകുപ്പ് ചുമത്തി കോൺട്രാക്ടർമാരെ മാത്രം പ്രതിയാക്കി കുറ്റപത്രം സമർപ്പിക്കാനാണ് പോലീസ് ഒരുങ്ങുന്നത്.
കേസിൽ നേരത്തെതന്നെ സിയാൽ ഉദ്യോഗസ്ഥരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. മാലിന്യക്കുഴിക്ക് ചുറ്റും ലൈറ്റുകൾ സ്ഥാപിക്കണമെന്നും മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്നും കോൺട്രാക്ടർമാരോട് നിർദേശിച്ചിരുന്നുവെന്നാണ് സിയാലിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് കോൺട്രാക്ടർമാരെ മാത്രം പ്രതി ചേർത്ത് കുറ്റപത്രം സമർപ്പിക്കാൻ പോലീസ് നീക്കം നടത്തുന്നത്.
ഫെബ്രുവരി 7നാണ് വിമാനത്താവളത്തിലെ കഫേയ്ക്ക് പുറത്തുള്ള മാലിന്യക്കുഴിയിൽ വീണ് രാജസ്ഥാൻ സ്വദേശിയായ മൂന്ന് വയസ്സുകാരനായ റിഥാൻ രാജു മരിച്ചത്. രാജസ്ഥാനിൽ നിന്നും മൂന്നാറിൽ വിനോദയാത്രയ്‌ക്കെത്തിയ ഏഴംഗ സംഘത്തിലായിരുന്നു റിഥാൻ. ആഭ്യന്തര ടെർമിനലിൽ നിന്ന് പുറത്തെത്തി ടൂർ ഏജൻസിക്കായി കാത്തിരിക്കുന്നതിനിടെയാണ് ഭക്ഷണം കഴിക്കാനായി സമീപത്തെ കഫറ്റീരിയയിലേക്ക് കുടുംബം കയറിയത്. ഇതിനിടെയായിരുന്നു അപകടം.
നാലുവയസുകാരനായ സഹോദരനൊപ്പം കളിക്കുന്നതിനിടെയാണ് റിഥാൻ കുഴിയിലേക്ക് വീണത്. കുട്ടിയെ കാണാതായതോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മാലിന്യക്കുഴിയിൽ വീണതായി കണ്ടെത്തിയത്. ഉടനെ പുറത്തെത്തിച്ചെങ്കിലും ശ്വാസ തടസം മൂലം കുട്ടി മരിക്കുകയായിരുന്നു.
അതേസമയം പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത സ്ഥലത്ത് വെച്ചാണ് അപകടമുണ്ടായതെന്നായിരുന്നു സിയാലിന്റെ പ്രതികരണം. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും തുടർ നടപടികൾക്ക് കുടുംബത്തോടൊപ്പം നിൽക്കുമെന്നും സിയാൽ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.