പാലക്കാട്: പാലക്കാട് പല്ലൻചാത്തൂരിൽ 14 കാരൻ അർജുൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്ലാസ് അധ്യാപികക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. ഒൻപതാക്ലാസുകാരനായ അർജുനെ കണ്ണാടി ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപികനിരന്തരം മാനസികമായി പീഡിപ്പിക്കാറുണ്ടെന്ന് കുടുംബം ആരോപിച്ചു. ഇൻസ്റ്റഗ്രാമിൽ കുട്ടികൾ തമ്മിൽ മെസ്സേജ് അയച്ചതിന് അർജുനെ ഭീഷണിപ്പെടുത്തിയെന്നും കുടുംബം പരാതിപ്പെടുന്നു.
സംഭവത്തിൽ കുഴൽമന്ദം പോലീസിൽ പരാതി നൽകാനുള്ള തീരുമാനത്തിലാണ് കുടുംബം. കണ്ണാടി ഹയർസെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അർജുൻ. കഴിഞ്ഞ ദിവസമാണ് വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ അർജുനെ കണ്ടെത്തിയത്. സ്കൂൾ യൂണിഫോം പോലും മാറ്റാതെയാണ്കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻസ്റ്റഗ്രാമിൽ കുട്ടികൾ മെസേജ് അയച്ചതിന് ഭീഷണിപ്പെടുത്തി. കൂടാതെ ജയിലിലിടുമെന്നും അധ്യാപിക കുട്ടിയെ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം ആരോപിക്കുന്നു.