കൊല്ലം: സി.പി.എം. സംസ്ഥാന സമ്മേളനത്തിന് ഇന്ന് (മാര്‍ച്ച് ആറ്) കൊല്ലത്ത് തുടക്കം. ഇന്നലെ ആശ്രാമത്തെ സീതാറാം യെച്ചൂരി നഗറില്‍ സ്വാഗത സംഘം ചെയര്‍മാന്‍ കെ.എന്‍. ബാലഗോപാല്‍ പതാക ഉയര്‍ത്തി. ഇന്ന് രാവിലെ 9 മണിയോടെ മുതിര്‍ന്ന നേതാവ് എ.കെ. ബാലന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന്, പി ബി അംഗം പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ 530 പ്രതിനിധികള്‍ പങ്കെടുക്കും.
ഉച്ചയ്ക്ക് ശേഷം പ്രവര്‍ത്തന റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അവതരിപ്പിക്കും. ഇതോടൊപ്പം നവ കേരള നയ രേഖ മുഖ്യമന്ത്രിയും അവതരിപ്പിക്കും. സംസ്ഥാനത്തേക്ക് വന്‍കിട നിക്ഷേപം ഉള്‍പ്പെടെ ആകര്‍ഷിക്കാന്‍ കഴിയുന്ന നിര്‍ദ്ദേശങ്ങള്‍ അടക്കം ചേര്‍ന്നാണ് നയരേഖ. മധുരയില്‍ ഏപ്രില്‍ 2 മുതല്‍ 6 വരെ നടക്കുന്ന 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി ഇന്ന് മുതല്‍ 9 വരെയാണ് സംസ്ഥാന സമ്മേളനം.