പത്തനംതിട്ട: റാന്നിയിൽ വിവാഹ വാഗ്ദാനം നൽകി സിപിഎം നേതാവ് പീഡിപ്പിച്ച കേസ് പോലീസും സിപിഎം നേതൃത്വവും ചേർന്ന് അട്ടിമറിച്ചതായി ആരോപണം. തന്നെ വിവാഹം കഴിക്കുമെന്ന് പാർട്ടി ഉറപ്പു തന്നെങ്കിലും അത് നടന്നില്ലെന്നാണ് പരാതിക്കാരി ഉന്നയിക്കുന്ന ആരോപണം. സിപിഎം റാന്നി ഏരിയ കമ്മിറ്റി അംഗമായിരുന്ന അലൻ മാത്യുവാണ് പീഡനക്കേസിലെ പ്രതി.
വിവാഹ വാഗ്ദാനം നൽകി അലൻ പലവട്ടം തന്നെ പീഡിപ്പിച്ചുവെന്നാണ് പരാതി. ഗർഭിണിയായപ്പോൾ വിവാഹം കഴിക്കുമെന്ന് വാഗ്ദാനം നൽകി. സിപിഎം നേതാക്കളും അലൻറെ കുടുംബവും ഒപ്പമുണ്ടെന്ന് പറഞ്ഞു. എന്നാൽ ആരോഗ്യകാരണങ്ങളാൽ ഗർഭം അലസിയതോടെ അലൻ കാലുമാറി. ഇതോടെ പരാതിയുമായി പോലീസിനെ സമീപിച്ചു. കേസ് എടുക്കാൻ നിർദേശം നൽകി എസ്പി കൈമാറിയ പരാതി സിപിഎം നേതാക്കളും റാന്നി പോലീസും ചേർന്ന് മുക്കിയെന്നും പരാതിക്കാരി ആരോപിച്ചു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അലൻ സിപിഎം സ്ഥാനാർഥിയായിരുന്നു. അതേസമയം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം പിന്മാറിയ മനോവിഷമത്തിൽ പരാതിക്കാരി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. കേസിലെ പ്രതി അലൻ മാത്യു ഒളിവിലെന്നാണ് പോലീസ് പറയുന്നത്.













































