ആലപ്പുഴ: എയിംസ് വിവാദത്തിൽ സുരേഷ് ഗോപി സാധാരണ പൊട്ടിക്കുന്നതു പോലെ ഒന്നിറക്കി നോക്കിയതാണെന്നു സിപിഎം. സുരേഷ് ഗോപി നടത്തുന്നത് ഉടായിപ്പ് പണിയാണെന്നും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ. സുരേഷ് ഗോപി പറയുന്നതിൽ യാതൊരു കഴമ്പുമില്ല. കേരളത്തിനെ കേന്ദ്രം ഒരു തീരുമാനവും അറിയിച്ചിട്ടില്ലെന്നും എയിംസ് വിഷയത്തിൽ കേന്ദ്രം ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും ആർ നാസർ വ്യക്തമാക്കി.
എയിംസ് കേരളത്തിൽ എവിടെ വന്നാലും സ്വാഗതാർഹമാണ്. എയിംസ് കേരളത്തിൽ കൊണ്ടുവരാനുള്ള വലിയ പരിശ്രമമാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. 10 വർഷമായി കേന്ദ്രം അതിനു തയ്യാറായിട്ടില്ല. എവിടെ വേണമെങ്കിലും സ്ഥലം ഏറ്റെടുക്കാൻ സർക്കാർ തയ്യാറാണ്. ആലപ്പുഴയിൽ കൊണ്ടുവരുന്നതിനും ഒരു വിഷയവും ഇല്ല. എയിംസ് കൊണ്ടുവരുന്നുണ്ടെങ്കിൽ സർക്കാരിനെ അറിയിക്കണം. നേരത്തെ കോട്ടയത്ത്, കോഴിക്കോട് സ്ഥലം ഏറ്റെടുത്തു.
കേന്ദ്രം ഒന്നും പ്രതികരിച്ചില്ല. സുരേഷ് ഗോപി സാധാരണ പൊട്ടിക്കുന്നത് പോലെ ഒന്ന് പൊട്ടിച്ചതാണെന്നും അത്ര മാത്രമേയുള്ളൂ, അല്ലാതെ ഒരു തീരുമാനവുമില്ലെന്നും ആലപ്പുഴ ജില്ലാ സെക്രട്ടറി പറഞ്ഞു. അങ്ങനെ ഒരു സംഭവം അല്ല. നേരത്തെ തൃശൂർ എന്നു പറഞ്ഞു. ഇപ്പോൾ ആലപ്പുഴ പറയുന്നു. ഇനി മറ്റൊരു സ്ഥലം പറയുമെന്നും ആർ നാസർ പ്രതികരിച്ചു.