പിഎം ശ്രീയിൽ സർക്കാർ ഒപ്പിട്ടതോടെ കേരളം ഉറ്റുനോക്കിക്കൊണ്ടിരുന്ന ഒന്നായിരുന്നു സിപിഐയുടെ നിലപാട്. പലപ്പോഴും പല നിലപാടുകളെടുത്തിട്ടും മുന്നണിയുടെ സുഗമമായ ഒഴുക്കിനു തടസമാകാതിരിക്കാൻ ശ്രദ്ധിക്കാറുണ്ടായിരുന്ന സിപിഐ ഇത്തവണ എടുത്ത നിലപാടിൽ ഉറച്ചുനിൽക്കുമോയെന്നായിരുന്നു പലരുടേയും സംശയം. എന്നാൽ ഇന്ന് അതിനൊരു തീരുമാനമായിരിക്കുകയാണ്. സിപിഎമ്മിനു മുന്നിൽ മുട്ടുമടക്കാത്ത ബിനോയ് വിശ്വമെന്ന അചഞ്ജലനായൊരു നേതാവിനെയാണ് ഇന്നത്തെ ചർച്ചകൾക്കു ശേഷം കാണുവാൻ സാധിച്ചത്.
ഒരു പക്ഷെ നാളിതുവരെയുള്ള കാര്യങ്ങളുടെ കിടപ്പുവച്ച് ഈ ചർച്ചയിലൂടെ മുഖ്യമന്ത്രിയും നേതാക്കളുമുദ്ദേശിച്ചത് സിപിഐയെ തങ്ങളുടെ വരുതിക്ക് കൊണ്ടുവരാമെന്നായിരിക്കണം. എന്നാൽ സിപിഐ കാര്യങ്ങളെ മൊത്തത്തിൽ ഉൾട്ടയാക്കി സിപിഐയുടെ വരുതിയിലേക്ക് എത്തിക്കുകയാണ് ചെയ്തത്.
കഴിഞ്ഞ ഒരാഴ്ചയായി പിഎം ശ്രീയിൽ കുടുങ്ങി സിപിഎം- സിപിഐ തർക്കം നീണ്ടുപോയത്. ഇതോടെ കാര്യത്തിലൊരു തീരുമാനമാകാതെ മന്ത്രിസഭാ യോഗങ്ങൾക്കില്ലായെന്ന സിപിഐയുടെ തീരുമാനം അതുറച്ചതായിരുന്നു. പല തരത്തിലുള്ള ചർച്ചകൾ ഉരുത്തിരിഞ്ഞ് വന്നപ്പോഴും പണമല്ല മുഖ്യം നിലപാടും കേരളത്തിലെ വിദ്യാർഥികളുടെ ഭാവിയുമെന്ന നിലപാടിലായിരുന്നു സിപിഐ.
നിലവിൽ പിഎംശ്രീ പദ്ധതി മരവിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതിലൂടെ പലതരത്തിലുള്ള രാഷ്ട്രീയനേട്ടവും മുന്നണിയിൽ സിപിഐക്ക് നേടാനായത്. അതിൽ പ്രധാനം മുകളിൽ പറഞ്ഞതുപോലെ എൽഡിഎഫിൽ സിപിഎം പുലർത്തുന്ന അപ്രമാദിത്വത്തിനു മൂക്കുകയറിടാൻ കഴിഞ്ഞു എന്നതു തന്നെയാണ്. കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അണികൾക്കും ജനങ്ങൾക്കും മുന്നിൽ തലയുയർത്തി നിൽക്കാൻ ഇനി പാർട്ടിക്കാവും.
ഒരാഴ്ച മുൻപുവരെ പാർട്ടിയെടുത്ത നിലപാടും, പാർട്ടിയുടെ ഉറപ്പും വച്ച് പിഎം ശ്രീയിൽ ഒപ്പുവയ്ക്കില്ലെന്നു വിശ്വസിച്ചതൊക്കെ കാറ്റിൽ പറത്തി മുന്നണിയിലുള്ളവർക്ക് പുല്ലുവില നൽകിയാണ് പിഎം ശ്രീയിൽ സർക്കാർ ഒപ്പുവച്ചത്. അതിന് അരിയാഹാരം കഴിക്കാത്തവർക്കു പോലും മനസിലാകുന്ന മുട്ടാപ്പോക്ക് ന്യായീകരണവുമായി സർക്കാരും വിദ്യാഭ്യാസ മന്ത്രിയും. അന്നും സിപിഐയുടെ നിലപാട് സർക്കാരിന് എതിരായിരുന്നു. അതേ നിലപാടിനെ രാഷ്ട്രീയ ഇച്ഛാശക്തിയിലൂടെ ദിവസങ്ങൾക്കുളളിൽ പാർട്ടി നേതൃത്വം തങ്ങളുടെ വരുതിയിലാക്കിയത്. അതും വല്യേട്ടനായ സിപിഐമ്മിനെ അക്ഷരാർത്ഥത്തിൽ മുട്ടുകുത്തിച്ച്. പിഎം ശ്രീ ധാരണപത്രം താൽക്കാലികമായെങ്കിലും മരവിപ്പിക്കാൻ തീരുമാനിച്ചതിലൂടെ സിപിഐ ഉന്നയിച്ച പ്രധാന പ്രശ്‌നത്തിന് പരിഹാരം കാണാനെയെന്ന വിലയിരുത്തലാണ് പാർട്ടി നേതൃത്വവും സർക്കാരും.
ഇതിൽ പ്രധാന പങ്ക് വഹിച്ചത് മന്ത്രിസഭായോഗം ബഹിഷ്‌കരിക്കാനുളള സിപിഐ നേതൃത്വത്തിന്റെ തീരുമാനമാണ്. ഇതോടെ മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടെന്ന ഗുരുതരമായ പ്രതിസന്ധി ഇതോടെ സിപിഎമ്മും സർക്കാരും മുന്നിൽക്കണ്ടു. കൂടാതെ പ്രതിപക്ഷം സിപിഐയ്ക്ക് അനുകൂലമായി നിലപാടെടുത്തതും വേണമെങ്കിൽ കോൺഗ്രസിലേക്കു വന്നാൽ സ്വീകരിക്കുമെന്ന നിലപാടും വന്നതോടെ അക്ഷരാർഥത്തിൽ സർക്കാർ വെട്ടിലായി. ഇതിന് ആക്കം കൂട്ടാനായി പ്രതിപക്ഷനേതാവും, കെപിസിസി പ്രസഡന്റും സിപിഐ വന്നാൽ സ്വീകരിക്കുമെന്ന തരത്തിൽ മാധ്യമങ്ങളോട് മറുപടി പറഞ്ഞതോടെ സിപിഎമ്മിന് നിൽക്കക്കള്ളിയില്ലാതായി.
ഇതിനിടെ പല തരത്തിലുള്ള അനുനയ ചർച്ചകൾ കേന്ദ്ര- സംസ്ഥാന നേതാക്കൾ തമ്മിലുണ്ടായെങ്കിലും സിപിഐ കടുംപിടുത്തം തുടർന്നതോടെ സിപിഎമ്മിന് മുട്ടുമടക്കേണ്ടി വന്നു. ഇതിനു സമാന രീതിയിലാണ് മുൻപ് അഴിമതി ആരോപണത്തിൽപ്പെട്ട തോമസ് ചാണ്ടിക്ക് ഒന്നാം പിണറായി മന്ത്രിസഭയിൽ നിന്ന് പുറത്ത് പോകേണ്ടി വന്നതും. അന്നും സിപിഎമ്മിനെക്കൊണ്ട് സിപിഐ തീരുമാനമെടുപ്പിച്ചതും സമാന നീക്കത്തിലൂടെയായിരുന്നു.
അതേസമയം തദ്ദേശ- നിയമസഭ തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ പിഎം ശ്രീ സിപിഐയ്ക്ക് കിട്ടിയ ഏറ്റവും വലിയ ട്രംകാർഡ് ആയിരുന്നു. അത് ശരിയായ രീതിയിൽ ശരിയായ വിധത്തിൽ ഉപയോഗിച്ചതോടെ അത് ഈ അടുത്ത കാലത്തുണ്ടായ സിപിഐയുടെ വലിയ രാഷ്ട്രീയ വിജയവുമായി തീർന്നു. ഇനി ആത്മവിശ്വാസത്തോടെ അണികളെയെങ്കിലും അഭിമുഖീകരിക്കാൻ പാർട്ടി നേതൃത്വത്തിനാവും. ഇനി അറിയേണ്ടത് സിപിഎമ്മും സിപിഐയും തമ്മിലുള്ള ബന്ധം എങ്ങനെ മുന്നോട്ടുപോകുമെന്നാണ്. ഒരിക്കൽ എടുത്തതീരുമാനമാണ് ഇപ്പോൾ തീരുത്തേണ്ടിവന്നത്, സിപിഎമ്മിന് മാത്രമല്ല, സർക്കാരിന്റെ തലവനെന്ന നിലയിൽ പിണറായി വിജയനും കനത്ത തിരിച്ചടിതന്നെയാണ് ഇത്. മാത്രമല്ല തദ്ദേശ-നിയമസഭാ തെരഞ്ഞെടുപ്പുകളിലെ സീറ്റ് ചർച്ചകളെ വരെ ഇതു ഹാനികരമായി ബാധിച്ചേക്കാം.















































