കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പോലീസ് എടുത്ത എഫ്‌ഐആറിന് വിരുദ്ധമായി പോലീസുകാരുടെ മൊഴി. കെഎസ്‌യു പ്രവർത്തകരുടെ കയ്യിൽ ആയുധമുണ്ടായിരുന്നില്ല എന്നാണ് പോലീസ് ഉദ്യോഗസ്ഥരുടെ മൊഴിയിൽ പറയുന്നത്. ഗ്രേഡ് എസ്‌ഐ പ്രകാശ്, എസ്‌ഐ അനുരൂപ്, സിപിഒ അഖിൽ എന്നിവരാണ് കെഎസ്‌യു പ്രവർത്തകരുടെ കൈവശം ആയുധങ്ങളുണ്ടായിരുന്നില്ല എന്ന് മൊഴി നൽകിയത്. ഇതോടെ കേസിൽ അറസ്റ്റിലായ കെഎസ്‌യു പ്രവർത്തകർക്ക് തലശേരി ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു.
കെഎസ്‌യു ജില്ലാ പ്രസിഡന്റ് അതുൽ എംസി, അക്ഷയ് മാട്ടൂൽ,ബിതുൽ ബാലൻ, മുബാസ് സി അച്ച്, അഹമ്മദ് യാസീൻ എന്നിവർക്കാണ് കോടതി ജാമ്യം നൽകിയത്. പ്രതികൾ മാരക ആയുധം ഉപയോഗിച്ച് മന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചു എന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ ആയുധം കണ്ടെത്താൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നും ആക്രമണശ്രമം നടന്നിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. തുടർന്ന് കേസിൽ നിർണായക തെളിവുകൾ കണ്ടെത്താനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം അനുവദിച്ചത്.
എല്ലാ തിങ്കളാഴ്ച്ചയും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരാകണം, ജാമ്യ കാലയളവിൽ മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് എന്നീ വ്യവസ്ഥകളോടെ അമ്പതിനായിരം രൂപയുടെ രണ്ട് ആൾ ജാമ്യത്തിലാണ് അഞ്ചുപേരെയും വിട്ടയച്ചത്.
അതേസമയം ഫെബ്രുവരി 25നായിരുന്നു വീണാ ജോർജ്ജിനെതിരെ കെഎസ്‌യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. കണ്ണൂർ റെയിൽവെ സ്റ്റേഷനിൽവെച്ചായിരുന്നു സംഭവം. പ്രതിഷേധത്തിനിടെ കൈയ്ക്കും കഴുത്തിനും പരിക്കേറ്റിരുന്നു. പിന്നാലെ മന്ത്രിയെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തിൽ കോൺഗ്രസ് നേതാക്കൾ വ്യാപക വിമർശനവുമായി രംഗത്തെത്തിയിരുന്നു. മന്ത്രിക്ക് പരുക്കേറ്റിട്ടില്ല എന്നും അഭിനയമാണ് എന്നുമായിരുന്നു കോൺഗ്രസ് നേതാക്കളുടെ ആരോപണം. എന്നാൽ മന്ത്രിയെ അപായപ്പെടുത്താനുള്ള കരുതിക്കൂട്ടിയുള്ള നീക്കമെന്നാണ് സിപിഐഎം നേതാക്കൾ പ്രതികരിച്ചത്.
















































