നിലമ്പൂർ: വിവാഹം കഴിഞ്ഞ് വെറും മൂന്നുമാസം കഴിയവേ നവദമ്പതികളായ രാജേഷും (23) അമൃത കൃഷ്ണയും (18) ആത്മഹത്യ ചെയ്തത് നിസ്സാര തർക്കങ്ങളെ തുടർന്നെന്ന് സൂചന. നിലമ്പൂർ മണലോടി കറുത്തേടത്ത് നടരാജന്റെയും സത്യഭാമയുടെയും മകനാണ് രാജേഷ്. എരുമമുണ്ട കാനക്കുത്ത് എലിപ്പാറ്റ ബാലകൃഷ്ണന്റെയും തുളസിയുടെയും മകളാണ് അമൃത.
ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. ഇതു പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു. 2022ൽ ആണ് രാജേഷും അമൃതയും അടുപ്പത്തിലായത്. അമൃതയുടെ വീട്ടുകാർ നൽകിയ പരാതിയിൽ പോത്തുകൽ പോലീസ് പോക്സോ കേസെടുത്ത് രാജേഷിനെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. പിന്നീട് അമൃതയ്ക്ക് പ്രായപൂർത്തിയായ ശേഷം 3 മാസം മുൻപാണ് ഇവരുടെ വിവാഹം നടത്തിയത്. പന്തൽ നിർമാണ തൊഴിലാളിയായ രാജേഷ് ശനിയാഴ്ച ജോലിക്ക് പോയിരുന്നില്ല.
ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് സ്ഥലം സന്ദർശിച്ച ഡിവൈഎസ്പി സാജു കെ. ഏബ്രഹാം പറഞ്ഞു. രാജേഷിന്റെ മൃതദേഹം വീടിന്റെ സ്വീകരണ മുറിയിൽ സോഫയിലാണ് കിടന്നിരുന്നത്. അമൃത തൊട്ടടുത്ത മുറിയിൽ പ്ലാസ്റ്റിക് കയറിൽ തൂങ്ങിയ നിലയിലായിരുന്നു.
പോലീസ് പറയുന്നത് ഇങ്ങനെ: ആദ്യം രാജേഷ് തൂങ്ങിമരിച്ചു. വീടിന് പുറത്ത് ജോലിയിലായിരുന്ന അമൃത അകത്തു ചെന്നപ്പോൾ രാജേഷിനെ പ്ലാസ്റ്റിക് കയറിൽ തൂങ്ങിയ നിലയിൽ കണ്ടു. ഉടനെ കയർ അറുത്ത് രാജേഷിനെ താഴെയിട്ടു. രാജേഷ് മരിച്ചെന്ന് മനസിലായ അമൃത ഉടൻ മുറിയിലെത്തി പ്ലാസ്റ്റിക് കയറിൽ തൂങ്ങി. ശബ്ദം കേട്ട് വീട്ടിൽ വന്ന രാജേഷിന്റെ അമ്മ സത്യഭാമ മകൻ നിലത്തു കിടക്കുന്നത് കണ്ടു. അമൃത കയറിൽ തൂങ്ങിയ നിലയായിരുന്നു. സത്യഭാമ രാജേഷിനെ വലിച്ചിഴച്ച് സോഫയിൽ കിടത്തി. അയൽ വീട്ടിലെത്തി വിവരം പറഞ്ഞു. അയൽവാസികൾ എത്തി കയർ അറുത്ത് അമൃതയെ താഴെ കിടത്തി. അടുത്ത വീട്ടിലെ ഡോക്ടർ പ്രാഥമിക ചികിത്സ നൽകി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം ഇന്നു നടത്തും.