ഭോപ്പാൽ: തന്നെ ആക്രമിച്ച് തന്റെ കൺമുന്നിലിട്ട് അച്ഛനെ കൊന്നുതള്ളിയ മൂത്ത സഹോദരനെ ഇല്ലാതാക്കാൻ മറ്റൊരു മകൻ കാത്തിരുന്നത് 8 വർഷം. മധ്യപ്രദേശിലാണ് സംഭവം. 2017-ലാണ് റിട്ട.പോലീസ് ഇൻസ്‌പെക്ടറായ ഹനുമാൻ സിങ് തോമർ കൊല്ലപ്പെടുന്നത്. ഒപ്പമുണ്ടായിരുന്ന മകൻ ഭാനു തോമറിനും വെടിയേറ്റിരുന്നു. തലനാരിഴയ്ക്കാണ് അന്നു ഭാനു തോമർ രക്ഷപ്പെട്ടത്. ഹനുമാൻ സിങ് തോമറിന്റെ മൂത്ത മകൻ അജയ് ആണ് കൊലപാതകം നടത്തിയത്. പിന്നീട് അജയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചു. ഹനുമാൻ സിങ് തോമറിന്റെ മരണത്തോടെ മകൻ ഭാനു തോമറിന് പോലീസിൽ ജോലി ലഭിച്ചു. കൺ മുന്നിലിട്ട് പിതാവിനെ കൊന്ന സഹോദരനോടുള്ള പ്രതികാരം വർഷങ്ങളോളും ഭാനു തോമർ മനസിലൊളിപ്പിച്ച് നടന്നു.
ഒടുവിൽ കഴിഞ്ഞ മാസം അജയ്ക്ക് 40 ദിവസത്തെ പരോൾ ലഭിച്ചു. ജയിലിൽനിന്ന് പുറത്തിറങ്ങി ഒമ്പത് ദിവസത്തിന് ശേഷം ജൂലായ് 23-ന് അജയ് ശിവപുരിയിൽനിന്ന് ഗ്വാളിയാറിലേക്ക് കാറിൽ യാത്ര ചെയ്യുകയായിരുന്നു. കൂടെ 17-കാരിയായ ഒരു പെൺകുട്ടിയുമുണ്ടായിരുന്നു. പെൺകുട്ടി അജയ് യുമായി അടുത്തിടെയാണ് സൗഹൃദത്തിലായത്. ഏഴ് വർഷത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയ അജയ് വളരെ ഉന്മേഷവാനായിരുന്നു. എന്നാൽ യാത്ര പുറപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ അച്ഛൻ കൊല്ലപ്പെട്ടതുപോലെ വെടിയുണ്ടകളേറ്റ് അജയും കൊല്ലപ്പെട്ടു. പദ്ധതി നടപ്പാക്കി ഭാനു തോമർ സഹോദരനോടുള്ള പ്രതികാരം തീർക്കുകയും ചെയ്തു.
അതേസമയം സ്വത്ത് സംബന്ധിച്ച് തർക്കത്തിനൊടുവിലാണ് അജയ് തന്റെ പിതാവിനെ 2017 മെയ് 23ന് കൊലപ്പെടുത്തിയത്. അമ്മ ശകുന്തളാ ദേവിയുടെയും സഹോദരൻ ഭാനു തോമറിന്റെയും മൊഴിയുടെ അടിസ്ഥാത്തിൽ അജയ് പിടിയിലായത്. പിന്നീട് അജയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷയും ലഭിച്ചു.
വർഷങ്ങൾക്കുശേഷം അജയ്ക്ക് ലഭിച്ച പരോൾ ഭാനു തോമർ ഒരു അവസരമായി കണ്ട് പദ്ധതികൾ ആസൂത്രണം ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അജയ്ക്കൊപ്പം ഉണ്ടായിരുന്ന 17 വയസുകാരി, ഇൻഡോറിലെ ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട ഒരു കൂട്ടബലാത്സംഗ കേസിലെ പ്രതിയായിരുന്നു. ഭാനു തോമർ 17-കാരിയെ കണ്ട് കാര്യങ്ങൾ വിശദീകരിച്ചിരുന്നു. പിന്നീട് പോലീസുകാരന്റെ നിർദേശംനുസരിച്ച് പെൺകുട്ടി അജയുമായി സൗഹൃദം സ്ഥാപിക്കുകയും വിശ്വാസം നേടിയെടുക്കുകയും ചെയ്തു. തുടർന്ന് അജയ്ക്കൊപ്പം ഗ്വാളിയോറിലേക്ക് പോകുകയായിരുന്നു.
ഇതിനിടെ കൊലപാതകത്തിനായി മറ്റൊരു കൊലപാതകക്കേസിൽ ശിക്ഷകഴിഞ്ഞ് അടുത്തിടെ ജയിൽ മോചിതനായ കൊടുംകുറ്റവാളി ധർമ്മേന്ദ്ര കുശ്വാഹയെയെയും ഭാനു തോമർ ഏർപ്പാടാക്കി. ഒരു ലക്ഷം രൂപയ്ക്കായിരുന്നു കരാർ. ഇൻസ്റ്റാഗ്രാം വഴിയാണ് ഭാനു ധർമേന്ദ്രയുമായി ബന്ധപ്പെട്ടതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അജയിയുടെ കാർ ഗ്വാളിയോറിലേക്ക് പോകുന്നതും വാടകക്കൊലയാളികൾ അതിനെ പിന്തുടരുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. നയാഗാവ് തിരാഹയിലെ ഒരു പെട്രോൾ പമ്പിന് സമീപംവെച്ച്, ശുചിമുറിയിൽ പോകണമെന്നാവശ്യപ്പെട്ട് 17-കാരി അജയിയോട് വണ്ടി നിർത്താൻ പറഞ്ഞ് പെൺകുട്ടി കാറിൽനിന്ന് പുറത്തിറങ്ങി.
എന്നാൽ ഇതു കൊലയാളികൾക്കുള്ള സൂചനയായിരുന്നു. നിമിഷങ്ങൾക്കകം കൊലയാളികൾ കാറിനടുത്തെത്തി അജയ്ക്കുനേരെ വെടിയുതിർത്തു. സംഭവസ്ഥലത്ത് വെച്ചുതന്നെ അജയ് കൊല്ലപ്പെട്ടു. തുടർന്നുള്ള ദിവസങ്ങളിൽ, ദുഃഖം അഭിനയിച്ച ഭാനു, അജയിയുടെ അന്ത്യകർമങ്ങളിലും പങ്കെടുത്തു. മൂന്ന് ദിവസത്തിന് ശേഷം ഭാനു ആരുമറിയാതെ ബാങ്കോക്കിലേക്ക് കടന്നു.
അതേസമയം പെൺകുട്ടിയേയും വാടക കൊലയാളിയേയും കണ്ടെത്തിയതോടെയാണ് സംഭവത്തിന് പിന്നിലെ ആളെ കണ്ടെത്താൻ പോലീസിനായത്. ശിവപുരിക്കും ഗ്വാളിയോറിനും ഇടയിലുള്ള 500 ക്യാമറകളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിരുന്നു. ദൃശ്യങ്ങളിലൊന്നിൽ, 17-കാരി ഒരു കാറിൽ നിന്നിറങ്ങുന്നത് കാണാമായിരുന്നു. ഈ കാർ ഭാനു തോമറിന്റേതാണന്ന് പോലീസ് തിരിച്ചറിഞ്ഞു. തുടർന്നു ഗൂഢാലോചനയിൽ പങ്കാളിയായിരുന്ന ധർമേന്ദ്രയെയും ഭാനുവിന്റെ ബന്ധു മോനേഷിനെയും താമസിയാതെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയെയും കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധമായ പിസ്റ്റളും ഭാനു തോമറിനെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന മറ്റ് തെളിവുകളും പോലീസ് കണ്ടെടുത്തു.
നിലവിൽ ബാങ്കോക്കിലുള്ള ഭാനു തോമറിനെ തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണു പോലീസ്. ഭാനുവിന്റെ പേരിൽ ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അയാളുടെ മടങ്ങിവരവ് ഉറപ്പാക്കാൻ പാസ്പോർട്ട് സംബന്ധിച്ച വിവരം വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ടെന്നും ശിവപുരി പോലീസ് സൂപ്രണ്ട് അമൻ സിങ് റാത്തോഡ് പറഞ്ഞു.