ഹൈദരാബാദ്: അച്ഛൻ സസ്‌പെൻഡ് ചെയ്ത പിന്നാലെ ഭാരത് രാഷ്ട്ര സമിതിയിൽ നിന്ന് (ബിആർഎസ്) കെ. കവിത രാജിവെച്ചു. പാർട്ടി അധ്യക്ഷനും പിതാവുമായ കെ. ചന്ദ്രശേഖര റാവു (കെ.സി.ആർ.) പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കവിതയെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിയിൽനിന്ന് രാജിവെക്കുന്നതായി കവിത അറിയിച്ചത്. കൂടാതെ എംഎൽസി സ്ഥാനവും കവിത രാജിവെച്ചു.
അതേസമയം പാർട്ടിക്കുള്ളിലെ ഗൂഢാലോചനകൾക്ക് താൻ ഇരയായെന്നും കവിത ആരോപിച്ചു. ‘പാർട്ടി ഓഫീസിനുള്ളിൽ നിന്നുതന്നെ എനിക്കെതിരെ വ്യാജപ്രചാരണം നടക്കുന്നുണ്ടെന്ന് ഞാൻ രാമണ്ണയോട് പറഞ്ഞു. വർക്കിങ് പ്രസിഡന്റായ എന്റെ സ്വന്തം സഹോദരനിൽ നിന്ന് ഒരു പ്രതികരണവും ഉണ്ടാകാതിരുന്നപ്പോൾ, എനിക്ക് സാഹചര്യം മനസിലായി’ അവർ പറഞ്ഞു. ബന്ധുവായ ടി ഹരീഷ് റാവു ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്കെതിരെ നടത്തിയ സ്‌ഫോടനാത്മകമായ പരാമർശങ്ങൾക്ക് പിന്നാലെയായിരുന്നു കവിതയെ പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തത്.
‘കെ.സി.ആറിന്റെ ആരോഗ്യവും പാർട്ടി പ്രവർത്തകരേയും ശ്രദ്ധിക്കണമെന്ന് ഞാൻ രാം അണ്ണയോട് അഭ്യർഥിക്കുന്നു’ സഹോദരനും മുൻ മന്ത്രിയുമായ കെ.ടി. രാമറാവുവിനെ അഭിസംബോധന ചെയ്തുകൊണ്ട് അവർ പറഞ്ഞു. കൂടാതെ തെലങ്കാനയിലെ ദളിതർക്കും പിന്നാക്ക വിഭാഗങ്ങൾക്കും നീതി ഉറപ്പാക്കിയ കെസിആറാണ് തന്റെ ‘പ്രചോദനം’ എന്ന് കവിത വാർത്താസമ്മേളനത്തിൽ വിശേഷിപ്പിച്ചു.