കൊച്ചി: ആദായനികുതി വകുപ്പിൻ്റെ പരിശോധനയ്ക്കിടെ കോൺഫിഡൻ്റ് ഗ്രൂപ്പ് സ്ഥാപനമായ സി.ജെ.റോയി അസ്വാഭാവികമായി മരണപ്പെട്ട സംഭവത്തിൽ അന്വേഷണം നീങ്ങുന്നു. പരിശോധനയ്ക്കിടെ സ്വയം വെടിയുതിർത്തു മരിക്കാൻ തക്ക ഒന്നും ഓഫീസിൽ സംഭവിച്ചിട്ടില്ലെന്നാണ് ആദായനികുതി വകുപ്പിൻ്റെ റിപ്പോർട്ട്. ഇതേ തുടർന്ന് മറ്റേതെങ്കിലും കേന്ദ്രത്തിൽനിന്നു റോയ്ക്ക് ഭീഷണിയുണ്ടായിരിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നു. സാമ്പത്തീക ഇടപാടുകളെക്കുറിച്ചുള്ള വിശദമായ അന്വേഷണവും നടത്തും. കർണാടക പോലീസിൻ്റെ പ്രത്യേക അന്വേഷണസംഘത്തിനൊപ്പം കേന്ദ്ര ഇൻ്റലിജൻസ് ഏജൻസികളും റോയിയുടെ സാമ്പത്തിക ഇടപാടുകളും സമാന്തര അന്വേഷണത്തിന് ഒരുങ്ങിക്കഴിഞ്ഞു.
റോയിയുടെ 2019നു ശേഷമുള്ള സാമ്പത്തിക ഇടപാടുകൾ സെൻട്രൽ ഇക്കണോമിക് ഇൻ്റലിജൻസ് ബ്യൂറോയുടെ കർശന നിരീക്ഷണത്തിനു വിധേയമായിരുന്നു. റോയ് അടക്കം 6 റിയൽ എസ്റ്റേറ്റ് ബിസിനസുകാരുടെ ഇടപാടുകളെ കുറിച്ച് ബ്യൂറോ സമർപ്പിച്ച വിശദ റിപ്പോർട്ട് ഇക്കണോമിക് ഇൻ്റലിജൻസ് കൗൺസിലിൻ്റെ പരിഗണനയ്ക്കും വന്നു. തുടർനടപടികളുടെ ഭാഗമായി ഇതിൽ 4 കമ്പനികളുടെ കണക്കുകൾ പരിശോധിക്കാനാണ് ആദായനികുതി വകുപ്പിനു കേന്ദ്ര സർക്കാരിൻ്റെ നിർദ്ദേശം ലഭിച്ചത്. ഇതോടനുബന്ധിച്ചാണ് കോൺഫിഡൻ്റ് ഗ്രൂപ്പിൻ്റെ ബാംഗ്ലൂർ ഓഫീസിൽ വെള്ളിയാഴ്ച റെയ്ഡ് നടന്നത്.
അതേസമയം, ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ സമ്മതമാണ് മരണ കാരണമെന്ന് കുടുംബാംഗങ്ങളും കോൺഫിഡൻ്റ് ഗ്രൂപ്പും ആരോപിച്ചു. ഇതേ തുടർന്ന് അന്വേഷണത്തിന് ഡിഐജി വംശി കൃഷ്ണയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ കർണാടക സർക്കാർ രൂപീകരിച്ചു. സൗത്ത്, സെൻട്രൽ ഡിസിപിമാരും രണ്ട് എസ്സിപിമാരും അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത അശോക് നഗർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറും സംഘത്തിലുണ്ട്. റോയിയുടെ ഡയറിയും രണ്ട് മൊബൈൽ ഫോണുകളും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.















































