തിരുവനന്തപുരം∙ ലോട്ടറി ക്ഷേമനിധി ബോർഡിൽ വൻ തട്ടിപ്പു നടത്തിയ ക്ലാർക്ക് ആറ്റിങ്ങൽ മാമം സ്വദേശി കെ.സംഗീത് സമാന തട്ടിപ്പ് ലോട്ടറി ഡയറക്ടറേറ്റിലും നടത്തിയതായി വിജിലൻസിനു വിവരം ലഭിച്ചു. ലോട്ടറി ഡയറക്ടറുടെ ചുമതല വഹിച്ചിരുന്ന ഡപ്യൂട്ടി ഡയറക്ടറുടെ കള്ളഒപ്പ് ചെക്കിൽ രേഖപ്പെടുത്തിയായിരുന്നു തട്ടിപ്പ്. ഇതു സംബന്ധിച്ച് അന്വേഷണം വന്നാൽ, പിടിക്കപ്പെടാതിരിക്കാനായി ഫയലുകൾ നശിപ്പിച്ചതായും കണ്ടെത്തി. കാൻസർ രോഗിയായും മാനസിക ദൗർബല്യമുള്ളയാളായും അഭിനയിച്ച് ജീവനക്കാർക്കിടയിൽ സഹതാപം പിടിച്ചുപറ്റാനും ഇയാൾ ശ്രമം നടത്തി.
ലോട്ടറി ക്ഷേമനിധി ബോർഡിലും ഡയറക്ടറേറ്റിലുമായി ഇയാൾ ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നാണു നിഗമനം. ക്ഷേമനിധി ബോർഡിൽ വിവിധ രീതിയിലായിരുന്നു തട്ടിപ്പ്. സ്ഥാനക്കയറ്റം ലഭിച്ചാൽ സ്ഥലംമാറ്റുമെന്നതിനാൽ അതു വേണ്ടെന്നു വച്ചു. ബോർഡിന്റെ അക്കൗണ്ട് ഒരു ബാങ്കിൽ നിന്നു മറ്റൊരു ബാങ്കിലേക്കു മാറ്റിയപ്പോൾ സ്വന്തം അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ മാറ്റി. ഇതിനു പുറമേ ഇയാളുടെ വീട് നിർമിക്കുന്ന കരാറുകാരന്റെ അക്കൗണ്ടിലേക്ക് 60 ലക്ഷം രൂപയും മാറ്റിയെന്നു കണ്ടെത്തിയിട്ടുണ്ട്. ഫയലുകളിൽ തിരിമറി കാട്ടിയതിനാൽ ലോക്കൽ ഫണ്ട് ഓഡിറ്റിൽ പോലും ഈ തട്ടിപ്പു കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് വിജിലൻസിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ ചുരുളഴിഞ്ഞത്. ക്ഷേമനിധി ബോർഡിലെ ഉദ്യോഗസ്ഥർ സ്വന്തം നിലയ്ക്ക് നടത്തിയ അന്വേഷണത്തിലും തട്ടിപ്പ് ബോധ്യപ്പെട്ടതോടെ മ്യൂസിയം പൊലീസിനും പരാതി നൽകുകയായിരുന്നു. തട്ടിപ്പിൽ സംശയം തോന്നിയതിനു പിന്നാലെ സംഗീതിനെ ഡയറക്ടറേറ്റിലേക്കു മാറ്റി. അവിടെ 30 ചെക്കുകൾ മോഷ്ടിച്ചു. ഇതുപയോഗിച്ച് എത്ര തുക പിൻവലിച്ചിട്ടുണ്ടെന്ന് വിജിലൻസ് അന്വേഷിക്കുന്നുണ്ട്. ബാങ്കിൽ അടയ്ക്കേണ്ട പണത്തിലും തട്ടിപ്പു നടത്തിയെന്നാണു സൂചന.
തട്ടിയെടുത്ത പണം കൊണ്ട് 2 വീടുകൾ
കാൻസർ ബാധിതനാണെന്നു രേഖകൾ സഹിതം ഓഫിസിൽ അറിയിച്ചെങ്കിലും സംശയം തോന്നിയ മേലുദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ ഇവ വ്യാജമാണെന്നു തിരിച്ചറിഞ്ഞു. സംഗീത് മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണെന്നാണ് ബന്ധുക്കൾ പൊലീസിനും വിജിലൻസിനും നൽകിയിരിക്കുന്ന വിവരം. ഇതിന്റെ സത്യാവസ്ഥയും പൊലീസ് പരിശോധിക്കുന്നുണ്ട്. ഓഫിസിലെ ഫയലുകൾ വീട്ടിൽ കൊണ്ടു പോകുന്ന പതിവും സംഗീതിനുണ്ടായിരുന്നു. ഇതുവഴി പല ഫയലുകളും മുക്കിയെന്നാണു സൂചന. തട്ടിയെടുത്ത പണം ഉപയോഗിച്ച് നഗരത്തിൽ ഇയാൾ 2 വീടുകൾ നിർമിച്ചെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.