ബെയ്‌ജിങ്: ആർത്തവ അവധിക്ക് അപേക്ഷിച്ച വിദ്യാർത്ഥിയോട് വസ്ത്രം അഴിച്ച് തെളിവു കാണിക്കണമെന്ന് ആവശ്യപ്പെട്ട് ചൈനീസ് സർവകലാശാല.ബെയ്‌ജിങ്ങിലെ ഒരു സ്വകാര്യ സർവ്വകലാശാലയാണ് വിദ്യാർത്ഥിനിയോട് വസ്ത്രമഴിച്ച് തെളിവ് കാണിക്കണമെന്ന് ആവശ്യപ്പെട്ടത്.സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഗെങ്‌ഡാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബെയ്ജിംഗ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലാണ് സംഭവം നടന്നത്. മെയ് 15 ന്, പേര് വെളിപ്പെടുത്താത്ത വിദ്യാർത്ഥിനി തനിക്കുണ്ടായ ദുരനുഭവം വിവരിക്കുന്ന വീഡിയോ ഓൺലൈനിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
സംഭവം പുറത്തുവന്നതോടെ യൂണിവേഴ്സിറ്റിക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. അവധി ലഭിക്കണമെങ്കിൽ ക്യാമ്പസ് ക്ലിനിക്കിൽ എത്തി വസ്ത്രം അഴിച്ച് പരിശോധനയ്ക്ക് വിധേയമാകണം എന്നായിരുന്നു സർവകലാശാല അധികൃതർ വിദ്യാർഥിനിയോട് ആവശ്യപ്പെട്ടത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ വിദ്യാർഥിനി ക്യാമ്പസ് ക്ലിനിക്കിലെ ഒരു വനിതാ സ്റ്റാഫ് അംഗത്തോട് ഈ ആവശ്യത്തെ ചോദ്യം ചെയ്യുന്നതും കേൾക്കാം. ആർത്തവസമയത്ത് എല്ലാവരും അവരുടെ വസ്ത്രം അഴിച്ചുമാറ്റി തെളിവ് നൽകണമെന്നാണോ നിങ്ങൾ ആവശ്യപ്പെടുന്നത് എന്ന് വിദ്യാർത്ഥിനി ചോദിക്കുമ്പോൾ അതെ എന്നും ഇത് തന്റെ വ്യക്തിപരമായ നിയമമല്ലെന്നും കോളേജിന്റെ നിയമം ആണെന്നും സ്റ്റാഫ് അംഗം വ്യക്തമാക്കുന്നതുമായ സംഭാഷണ ഭാഗങ്ങളാണ് വീഡിയോയിൽ ഉള്ളത്.
തുടർന്ന് വിദ്യാർത്ഥിനി ഈ നിയമത്തിന്റെ രേഖാമൂലമുള്ള പകർപ്പ് ആവശ്യപ്പെട്ടെങ്കിലും സ്റ്റാഫ് അംഗം അതിന് തയ്യാറാകുന്നില്ല. സംഭവം വിവാദമായതോടെ സ്റ്റാഫ് അംഗത്തിന്റെ പ്രവൃത്തിയെ ന്യായീകരിച്ചുകൊണ്ട് യൂണിവേഴ്സിറ്റി ഒരു ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. യൂണിവേഴ്സിറ്റിയുടെ കൃത്യമായ നടപക്രമങ്ങൾ പാലിച്ചുകൊണ്ടാണ് സ്റ്റാഫ് പ്രവർത്തിച്ചത് എന്നായിരുന്നു ഈ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നത്. കുറച്ചുകാലമായി യൂണിവേഴ്സിറ്റിയിൽ നടപ്പിലാക്കി വരുന്ന നിയമമാണ് ഇതെന്നും വിദ്യാർഥികൾ അവധി ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് ഇത്തരത്തിൽ ഒരു പരിശോധന നിർബന്ധമാക്കിയത് എന്നുമാണ് സംഭവത്തിൽ യൂണിവേഴ്സിറ്റിയുടെ ന്യായീകരണം.