ചൈനയിൽ തന്റെ രണ്ട് ആൺമക്കളെ വിറ്റ കേസിൽ 26 കാരിക്ക് അഞ്ച് വർഷത്തെ തടവുശിക്ഷ. തെക്കൻ ചൈനയിലെ ഗുവാങ്‌സി പ്രവിശ്യയിൽ നിന്നുള്ള ഹുവാങ് എന്ന 26 -കാരിയാണ് തന്റെ രണ്ട് മക്കളെയും വിറ്റത്. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള ഇവർക്ക് സ്ഥിരമായ ജോലിയോ സാമ്പത്തിക പിന്തുണയോ ഉണ്ടായിരുന്നില്ല. ഫുജിയാൻ പ്രവിശ്യയിലെ ഫുഷൗവിലേക്ക് താമസം മാറിയ ശേഷം ജീവിക്കുന്നതിനായി ചെറിയ ചെറിയ ജോലികൾ ചെയ്തു വരികയായിരുന്നത്രെ ഇവർ.
ഇതിനിടെ 2020 ഒക്ടോബറിൽ യുവതി തന്റെ ആദ്യത്തെ മകന് ജന്മം നൽകി. സാമ്പത്തിക ബുദ്ധിമുട്ടുകളും കുട്ടിയുടെ പിതാവ് കൂടെ ഇല്ലാത്തതും കാരണം കുഞ്ഞിനെ വിൽക്കാൻ തീരുമാനിക്കുകയായിരുന്നു എന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് എഴുതുന്നു.
ഇതിനായി വീട്ടുടമസ്ഥനായ വെയ് എന്നയാളാണ് തന്റെ ലി എന്ന ഒരു ബന്ധുവിനെ അവൾക്ക് പരിചയപ്പെടുത്തുന്നത്. ആ ബന്ധുവിന്റെ മകന് കുട്ടികളുണ്ടാവില്ലായിരുന്നു. അതിനാൽ ഒരു കുഞ്ഞിനെ ദത്തെടുക്കാൻ അയാൾ ആഗ്രഹിച്ചിരുന്നു. അങ്ങനെ ഹുവാങ് കുട്ടിയെ 45,000 യുവാന് (ഏകദേശം 5,41,074 രൂപ) അയാൾക്ക് വിറ്റു. ആ പണം ഹുവാങ് ചെലവഴിച്ചത് ലൈവ് സ്ട്രീമർമാർക്കുള്ള ടിപ്പ് നൽകുന്നതിന് വേണ്ടിയാണ്.
എന്നാൽ കയ്യിലെ കാശ് തീർന്നതോടെ ഹുവാങ്ങിന് വിൽക്കാൻ മറ്റൊരു കുട്ടി കൂടിയുണ്ടായിരുന്നെങ്കിൽ നന്നായിരുന്നു എന്ന് തോന്നിത്തുടങ്ങി. അങ്ങനെ അതിനായി മാത്രം അവൾ പുരുഷന്മാരെ അന്വേഷിച്ച് തുടങ്ങി. 2022 -ൽ, ഇവർ മറ്റൊരു മകനെ പ്രസവിച്ചു. ആ കുഞ്ഞിനെ ഒരു ബ്രോക്കർക്ക് 38,000 യുവാന് (4,55,161 ഇന്ത്യൻ രൂപ) വിറ്റു. പിന്നീട് അയാൾ കുഞ്ഞിനെ 103,000 യുവാന് (12,02,121 രൂപ) ന് മറിച്ചുവിറ്റു.
ഈ പണവും ഹുവാങ് ചിലവഴിച്ചത് ലൈവ് സ്ട്രീമർമാർക്ക് ടിപ്പ് നൽകിയും വില കൂടിയ വസ്ത്രങ്ങൾ ഉൾപ്പടെയുള്ള സാധനങ്ങൾ വാങ്ങിയുമാണ്. എന്നാൽ 2022 ഏപ്രിൽ 13ന് ഹുവാങ്ങ് കുഞ്ഞുങ്ങളെ വിറ്റതിനെ കുറിച്ച് അധികൃതർക്ക് പരാതിച്ചു ലഭി. പോലീസ് അന്വേഷണത്തിൽ ഫോണിൽ കുട്ടികളെ വിൽക്കുന്നതുമായി ബന്ധപ്പെട്ട ചാറ്റ് റെക്കോർഡുകൾ ഉൾപ്പെടെ കണ്ടെത്തി. 2022 ഏപ്രിലിൽ അധികൃതർ രണ്ട് ആൺകുട്ടികളെയും വിജയകരമായി രക്ഷിച്ചു. ഇപ്പോൾ കുഞ്ഞുങ്ങളെ ഔദ്യോഗികമായി ദത്തെടുക്കാൻ സഹായിക്കുന്ന ലോക്കൽ സിവിൽ അഫയേഴ്‌സ് വകുപ്പുകളുടെ സംരക്ഷണയിലാണ് കുട്ടികൾ.
തുടർന്ന് ജൂലൈ 8 -ന്, ഫുഷൗ ജിനാൻ ജില്ലാ പീപ്പിൾസ് കോടതി ഹുവാങ്ങിനെ വഞ്ചനയ്ക്കും ചൈൽഡ് ട്രാഫിക്കിങ്ങിനും ശിക്ഷിച്ചു. അഞ്ച് വർഷവും രണ്ട് മാസവും തടവും 30,000 യുവാൻ (3,43,399 രൂപ) പിഴയുമാണ് ശിക്ഷ വിധിച്ചത്. കൂട്ടുപ്രതികളായ വെയ്, ലി എന്നിവരെയും കോടതി ശിക്ഷിച്ചു.