സന: ഓഗസ്റ്റ് 28ന് യെമനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മുതിർന്ന സൈനിക മേധാവിയും ചീഫ് ഓഫ് സ്റ്റാഫുമായ മുഹമ്മദ് അബ്ദുൽ കരീം അൽ ഗമാരി കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരണം. യെമൻ സായുധ സംഘമായ ഹൂതികളാണ് പ്രസ്താവനയിലൂടെ തങ്ങളുടെ നേതാവിന്റെ മരണം സ്ഥിരീകരിച്ചത്. ആക്രമണത്തിൽ ഗമാരിയും അദ്ദേഹത്തിന്റെ 13കാരനായ മകൻ ഹുസൈനും കൊല്ലപ്പെട്ടുവെന്നാണ് ഹൂതികൾ പ്രതികരിച്ചു.
എന്നാൽ ഇസ്രയേലുമായുള്ള പ്രശ്‌നങ്ങൾ ഒന്നും അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ഹൂതികൾ, ചെയ്ത തെറ്റിന് ഇസ്രയേലിന് തക്കതായ മറുപടി ലഭിക്കുമെന്നും പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകി. യെമൻ തലസ്ഥാനമായ സനയിൽ ഉന്നത ഹൂതി നേതാക്കളെ ലക്ഷ്യമിട്ട് ആഗസ്റ്റ് 28ന് ഇസ്രയേൽ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിലാണ് അൽ ഗമാരി കൊല്ലട്ടെതെന്നാണ് അറിയുന്നത്.
അന്നത്തെ ആക്രമണത്തിൽ ഹൂതി വിമതർ നയിക്കുന്ന സർക്കാരിന്റെ പ്രധാനമന്ത്രി അഹമ്മദ് അൽ രഹാവി കൊല്ലപ്പെട്ടിരുന്നു. പ്രധാനമന്ത്രിക്കൊപ്പം ഹൂതി സർക്കാർ പ്രതിരോധ മന്ത്രി മുഹമ്മദ് അൽ അതിഫിയും ചില മന്ത്രിമാരും കൊല്ലപ്പെട്ടിരുന്നു. അൽ ഗമാരിയുടെ മരണവിവരം ഹൂതികൾ സ്ഥിരീകരിച്ചതോടെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്രയേൽ രംഗത്തെത്തി. അൽ ഗമാരി തങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി കാറ്റ്‌സ് പ്രഖ്യാപിച്ചു. ഭാവിയിൽ ഉണ്ടായേക്കാവുന്ന ഏത് ഭീഷണിയേയും നേരിടാനായി ഞങ്ങൾ ഇതുപോലെതന്നെ ചെയ്യും എന്ന ഭീഷണിയും ഹൂതികൾക്ക് നേരെ കാറ്റ്‌സ് നടത്തി. അതേസമയം അതിക്രൂര ആക്രമണം എന്നാണ് ഹൂതികൾ ഇസ്രയേൽ ആക്രമണത്തെകുറിച്ച് പ്രസ്താവനയിൽ പറയുന്നത്.