തൃശ്ശൂർ: ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് കവർച്ചാ കേസ് പ്രതി റിജോ ആന്റണിയെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. പല ചോദ്യങ്ങൾക്കും പ്രതി വ്യത്യസ്തമായ മറുപടിയാണ് നൽകുന്നതെന്നത് പോലീസ്. തനിക്ക് 49 ലക്ഷം രൂപ കടമുണ്ടെന്നും ഇത് വീട്ടാൻ വേണ്ടിയാണ് കവർച്ച നടത്തിയതെന്നുമാണ് പ്രതി പോലീസിന് നൽകിയ മൊഴി.
വിദേശത്ത് നഴ്സായ ഭാര്യ ഓരോ മാസവും അയച്ചുകൊടുത്തിരുന്ന പണം റിജോ ധൂർത്തടിച്ചിരുന്നു. അടുത്ത ഏപ്രിലിൽ ഭാര്യ വരാനിരിക്കെ പണം സംഘടിപ്പിക്കാൻ വേണ്ടിയാണ് കവർച്ച നടത്തിയത്. റിജോയ്ക്ക് പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമാണുള്ളത്. കോവിഡ് കാലത്ത് ഗൾഫിലെ ജോലി പോയതോടെയാണ് വീട്ടിലെത്തിയത്. താൻ മോഷ്ടിച്ച പണത്തിൽ നിന്നും 2.90 ലക്ഷം രൂപയെടുത്ത് ഒരാളുടെ കടം വീട്ടിയെന്നും റിജോ മൊഴി നൽകിയിരുന്നു. എന്നാൽ ടിവിയിൽ വാർത്ത കണ്ട് മോഷ്ടാവ് റിജോ ആണെന്ന് തിരിച്ചറിഞ്ഞ അന്നനാട് സ്വദേശിയും സഹപാഠിയുമായിരുന്നയാൾ, റിജോ കടം വീട്ടിയ 2, 94 ,000 രൂപ പോലീസ് സ്റ്റേഷനിലെത്തിച്ചു.
ബാങ്ക് മോഷണ ചർച്ചയിൽ സജീവ പങ്കാളി, പള്ളിയലച്ചന്റെ സംശയത്തേയും വഴിതിരിച്ചുവിട്ടു, “അവൻ ഏതെങ്കിലും കാട്ടിൽ ഒളിച്ചിരിപ്പുണ്ടാകു”മെന്ന് കമെന്റ്, സ്വയം ബുദ്ധിമാനെന്നു വിശ്വസിച്ച റിജോയ്ക്കായി പോലീസ് ഒരുക്കിയത് കത്രികപ്പൂട്ട്
റിജോ ഒരു സുപ്രഭാതത്തിൽ മോഷ്ടിക്കാനിറങ്ങിയതല്ലെന്നു പോലീസ്. ആഴ്ചകൾ നീണ്ട ആസൂത്രണത്തിന് ശേഷമാണ് റിജോ ബാങ്ക് കൊള്ളയടിച്ചത്. രണ്ടാം ശ്രമത്തിലാണ് കവർച്ച വിജയകരമായി നടത്തിയത്. മുൻപും ബാങ്കിൽ കവർച്ച നടത്താൻ പ്രതി ശ്രമിച്ചിരുന്നു. നാല് ദിവസം മുൻപായിരുന്നു ആദ്യ ശ്രമം. അന്ന് പോലീസ് ജീപ്പ് കണ്ടതോടെ ആ ശ്രമം ഉപേക്ഷിച്ചു. കൊള്ള നടത്തുന്ന സമയത്ത് ഉപയോഗിച്ച ജാക്കറ്റ് പ്രതി വീട്ടിലെത്തി കത്തിച്ചുകളഞ്ഞുവെന്നാണ് വിവരം. ഫോണും ഉപയോഗിച്ചിരുന്നില്ല. ഇന്നലെ രാത്രി വീട്ടിൽ നടന്ന കുടുംബ സംഗമത്തിനിടെയാണ് വീട് വളഞ്ഞ് പ്രതിയെ പോലീസ് പിടികൂടിയത്. വീട്ടുമുറ്റത്ത് പോലീസെത്തുമ്പോഴാണ് പിടിവീണെന്നു പ്രതിക്കു മനസിലായത്.