പാലക്കാട്: പുതുശ്ശേരി സുരഭി നഗറിൽ കരോൾ നടത്തിയ കുട്ടികൾക്കെതിരേയുണ്ടായ ആക്രമണത്തിൽ അശ്വിൻരാജിനെക്കൂടാതെ മറ്റാർക്കും പങ്കില്ലെന്ന് പോലീസ്. മദ്യപിച്ചാണ് പ്രതി അക്രമം നടത്തിയതെന്നും വിശദമായ അന്വേഷണം നടത്തി ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്നും പോലീസ് പറഞ്ഞു. ഞായറാഴ്ച രാത്രിയാണ് കുരുടിക്കാട് സുരഭി നഗറിൽ പത്ത് സ്കൂൾ വിദ്യാർഥികളടങ്ങുന്ന കാരൾ സംഘത്തെ കാണാണ്ടിത്തറ സ്വദേശി അശ്വിൻരാജ് (24) തടഞ്ഞുനിർത്തി മർദിച്ചത്.
മദ്യപിച്ചെത്തിയ അശ്വിൻരാജ് ബാൻഡ് വാദ്യങ്ങളുമായെത്തിയ കുട്ടികളെ തടഞ്ഞുനിർത്തി ഡ്രമ്മുകൾ ചവിട്ടിയും അടിച്ചും തകർത്തുവെന്നാണ് കേസ്. അതേസമയം കരോള്‍ നടത്തിയ കുട്ടികൾക്കെതിരെ അധിക്ഷേപപരാമർശവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാർ. കരോള്‍ നടത്തിയ കുട്ടികൾ മദ്യപിച്ചിരുന്നുവെന്നായിരുന്നു ആരോപണം. വിവാദമായതോടെ പ്രസ്താവന തിരുത്തി കൈയൊഴിഞ്ഞു. ആക്രമണത്തെത്തുടർന്ന് അറസ്റ്റിലായ അശ്വിൻ രാജിന്റെ രാഷ്ട്രീയം എന്തെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുമ്പോഴായിരുന്നു വിവാദപ്രസ്താവന.
സംഭവത്തിൽ പ്രതിയായ അശ്വിൻരാജിന് ആർഎസ്എസുമായും ബിജെപിയുമായും ഒരു ബന്ധവുമില്ലെന്നും മദ്യപിച്ചവരുമായി ഉണ്ടായ തർക്കങ്ങളെല്ലാം പാർട്ടിയേറ്റെടുക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു പരാമർശം. മദ്യപിച്ച് സിപിഎം ഏരിയ കമ്മിറ്റിയുടെ ബാൻഡ് സെറ്റുമായി പോകുന്നവരെ കരോൾ സംഘമായിട്ടാണോ കാണേണ്ടതെന്നും കൃഷ്ണകുമാർ ചോദിച്ചു. എന്നാൽ, കാരൾ നടത്തിയത് കുട്ടികളാണെന്നും അവർ മദ്യപിച്ചിരുന്നതായി എങ്ങനെ പറയുമെന്നും ചോദ്യം ഉയർന്നതോടെയാണ് താൻ പറഞ്ഞത് പൊതുവായിട്ടാണെന്നു പറഞ്ഞ് കൃഷ്ണകുമാർ കൈയൊഴിഞ്ഞത്.

















































