ന്യൂഡല്‍ഹി: ഡല്‍ഹിയിലെയും നോയിഡയിലെയും സ്‌കൂളുകള്‍ക്ക് വീണ്ടും ബോംബ് ഭീഷണി. സ്റ്റെപ്പ് ബൈ സ്റ്റെപ്പ് സ്‌കൂള്‍, ദി ഹെറിറ്റേജ് സ്‌കൂള്‍, ഗ്യാന്‍ശ്രീ സ്‌കൂള്‍, മയൂര്‍ സ്‌കൂള്‍ എന്നിവയ്ക്ക് ഇമെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചതായി പൊലീസ് അറിയിച്ചു. വിവരം ലഭിച്ചയുടനെ യുപി പോലീസ് സംഘം, ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡ് (ബിഡിഎസ്), ഫയര്‍ ബ്രിഗേഡ്, ഡോഗ് സ്‌ക്വാഡ് എന്നിവ സ്ഥലത്തെത്തി, സ്‌കൂളുകളില്‍ സമഗ്രമായ അന്വേഷണം നടത്തി. പരിശോധനയ്ക്കുപിന്നാലെ സ്‌കൂളുകളില്‍ നിര്‍ത്തിവച്ച ക്ലാസുകള്‍ പുനരാരംഭിച്ചു. സന്ദേശം അയച്ചത് ആരെന്ന് വ്യക്തമല്ലെന്നും കാര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ബുധനാഴ്ച ഉത്തര്‍പ്രദേശിലെ നോയിഡയിലെ നാല് സ്വകാര്യ സ്‌കൂളുകള്‍ക്കും ബോംബ് ഭീഷണി ലഭിച്ചിരുന്നു. അതേസമയം സ്‌കൂളില്‍ പോകാന്‍ താല്‍പര്യമില്ലാത്ത 14 വയസുകാരനാണ് സന്ദേശം അയച്ചതെന്നും കുട്ടിയെ പിന്നീട് അറസ്റ്റ് ചെയ്‌തെന്നും പൊലീസ് വ്യക്തമാക്കി. ബോംബ് ഭീഷണിയെക്കുറിച്ചുള്ള വാര്‍ത്തകളില്‍ നിന്നാണ് ഐഡിയ കിട്ടിയതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. നോയിഡയിലെ സെക്ടര്‍ 126 പോലീസ് സ്റ്റേഷനില്‍ ഐടി ആക്ടിലെ വകുപ്പുകള്‍ പ്രകാരം 9 ക്ലാസ് വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്തു.
സമാനമായ ഒരു കേസില്‍, ജനുവരി 10 ന്, 23 സ്‌കൂളുകളിലേക്ക് ബോംബ് ഭീഷണി ഇമെയിലുകള്‍ അയച്ച 12 ക്ലാസ് വിദ്യാര്‍ത്ഥിയെ ഡല്‍ഹിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. പരീക്ഷ എഴുതാന്‍ ഇഷ്ടമല്ലാത്തതിനെത്തുടര്‍ന്നാണ് കുട്ടി തന്റെ വിദ്യാഭ്യാസ സ്ഥാപനം ഒഴികെയുള്ള നിരവധി സ്‌കൂളുകളിലേക്ക് ബോംബ് ഭീഷണി ഇമെയിലുകള്‍ അയച്ചത്.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി തുടര്‍ച്ചയായി നിരവധി ബോംബ് ഭീഷണികളാണ് ഡല്‍ഹിയിലെയും ഉത്തര്‍ പ്രദേശിലെയും സ്വകാര്യ സ്‌കൂളുകളില്‍ ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.