തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി അധികാരം പിടിച്ചെടുത്തപ്പോഴക്കും വാക്കുവ്യത്യാസം വരുത്തി നേതൃത്വം. ഇതോടെ തലസ്ഥാനത്ത് ബിജെപി അംഗങ്ങൾക്കിടയിൽ അമർഷം പുകയുന്നു. കോർപറേഷനിലെ എല്ലാ സ്ഥിര സമിതികളിലും അധ്യക്ഷ സ്ഥാനം ഉറപ്പിക്കാൻ കഴിയാത്തതിലാണ് നിലവിലെ അമർഷത്തിനു കാരണം. തുടക്കത്തിൽ തന്നെ മേയർ സ്ഥാനം മോഹിപ്പിച്ച് കൗൺസിലർ സ്ഥാനത്ത് ഒതുക്കിയതിനെതിരെ ആർ ശ്രീലേഖ രംഗത്തെത്തിയിരുന്നു. പാർട്ടിയുടെ നിർദേശമനുസരിച്ച് അത് മാധ്യമങ്ങളുടെ നെഞ്ചത്തേക്കിട്ടെങ്കിലും സത്യം പകൽ പോലെ വ്യക്തമാണ്. ഇപ്പോൾ കോർപറേഷനിലെ എല്ലാ സ്ഥിര സമിതികളിലും അധ്യക്ഷ സ്ഥാനം ഉറപ്പിക്കാൻ കഴിയാത്തതും പലർക്കുമിടയിൽ അസ്വാരസ്യത്തിനു കാരണമായിട്ടുണ്ട്.
8 സ്ഥിരം സമിതികൾ ഉള്ളതിൽ നികുതി അപ്പീൽ സ്ഥിര സമിതിയിലേക്ക് ഒരു അംഗം മാത്രം നാമ നിർദേശ പത്രിക സമർപ്പിച്ചാൽ മതിയെന്നാണ് പാർട്ടി നേതൃത്വത്തിന്റെ നിർദേശം. ഇതോടെ എൽഡിഎഫ്, യുഡിഎഫ് അംഗങ്ങൾ ഒരുമിച്ചില്ല എങ്കിൽ പോലും നികുതി– അപ്പീൽ സ്ഥിര സമിതി അധ്യക്ഷ സ്ഥാനം ബിജെപിയുടെ കയ്യിൽ നിന്ന് പോകാൻ സാധ്യതയുണ്ട്. 8 സ്ഥിരം സമിതികളാണ് കോർപറേഷനിലുള്ളത്. ഇതിൽ ഡെപ്യൂട്ടി മേയർ അധ്യക്ഷ സ്ഥാനം വഹിക്കുന്ന ധനകാര്യ സ്ഥിര സമിതിയിൽ വോട്ടെടുപ്പ് ഇല്ല.
മറ്റ് 7 സ്ഥിര സമിതികളിൽ 6 വീതം അംഗങ്ങളെ ഉൾപ്പെടുത്താനായിരുന്നു തിങ്കളാഴ്ച നടത്തിയ യോഗത്തിൽ തീരുമാനമെടുത്തത്. എല്ലാ സ്ഥിര സമിതികളിലും അധ്യക്ഷ സ്ഥാനം ഉറപ്പാക്കുന്നതിനു വേണ്ടിയായിരുന്നു തീരുമാനം. പക്ഷെ ഇന്നലെയായപ്പോഴേക്കും നിലപാട് മാറ്റി. അധ്യക്ഷ സ്ഥാനത്തേക്ക് വോട്ടെടുപ്പ് ഇല്ലാത്ത ധനകാര്യ സ്ഥിര സമിതിയിലുൾപ്പെടെ 7 വീതം അംഗങ്ങളെ ഉൾപ്പെടുത്താൻ തീരുമാനിച്ചു. 50 അംഗങ്ങൾ മാത്രമുള്ള ബിജെപി, 7 സ്ഥിരം സമിതികളിൽ അംഗങ്ങളെ വിന്യസിച്ചപ്പോൾ നികുതി– അപ്പീൽ സമിതിയിൽ ഭൂരിപക്ഷം ഇല്ലാത്ത അവസ്ഥയായി.
അതേസമയം അപ്രധാനമായ സ്ഥിര സമിതി വേണമെങ്കിൽ പ്രതിപക്ഷ പാർട്ടികളിൽ ആരെങ്കിലും എടുത്തോട്ടെ എന്ന നിലപാട് എടുത്തതാണ് കൗൺസിലർമാരുടെ യോഗത്തിൽ പ്രതിഷേധമുണ്ടാകാൻ കാരണം. വോട്ടിങ് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിചയപ്പെടുത്താൻ ഇന്നലെ രാവിലെ 10ന് നിശ്ചയിച്ച യോഗം വൈകിട്ട് മൂന്നിനാണ് തുടങ്ങിയത്. എൽഡിഎഫിന് 53 അംഗങ്ങളുടെ പിന്തുണയുണ്ടായിരുന്ന കഴിഞ്ഞ കൗൺസിലിൽ ധനകാര്യ സ്ഥിര സമിതിയിൽ ബിജെപി അംഗങ്ങൾക്കായിരുന്നു ഭൂരിപക്ഷം. ധനകാര്യ സമിതി പാസാക്കിയാൽ മാത്രമേ ഡെപ്യൂട്ടി മേയർക്ക് ബജറ്റ് അവതരിപ്പിക്കാൻ കഴിയൂ. ബിജെപി അംഗങ്ങൾ വിയോജന കുറിപ്പ് രേഖപ്പെടുത്തിയതോടെ 2024 ലെ ബജറ്റ് അവതരണം അനിശ്ചിതത്വത്തിലായി.
വോട്ടെടുപ്പ് ഇല്ലെങ്കിലും ധനകാര്യ സമിതിയിൽ പ്രതിപക്ഷ പാർട്ടി അംഗങ്ങളെ കൂടുതലായി വിന്യസിച്ചാലുള്ള തിരിച്ചടി ഭയന്നാണ് ഒരു സ്ഥിര സമിതി നഷ്ടപ്പെട്ടാലും മറ്റ് 7 സമിതികളിലും 7 അംഗങ്ങളെ വീതം ഉൾപ്പെടുത്താൻ തീരുമാനിച്ചതെന്നും സൂചനയുണ്ട്. അതുപോലെ നേരത്തെ സ്ഥിര സമിതി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന മുതിർന്ന നേതാക്കളിൽ മിക്കവരെയും തഴഞ്ഞതിലും പാർട്ടിക്കുള്ളിൽ അമർഷം പുകയുന്നുണ്ട്.
അതേസമയം ക്ഷേമ കാര്യ സമിതിയിൽ വെള്ളാർ കൗൺസിലർ വി. സത്യവതിയും മരാമത്ത് സ്ഥിര സമിതിയിൽ കാലടി കൗൺസിലർ ജി.എസ്. മഞ്ജുവും അധ്യക്ഷരായേക്കും. നഗരാസൂത്രണ സ്ഥിര സമിതിയിൽ കരമന കൗൺസിലർ കരമന അജിത്തും വിദ്യാഭ്യാസ കായിക സ്ഥിര സമിതിയിൽ മണ്ണന്തല കൗൺസിലർ ചെമ്പഴന്തി ഉദയനും അധ്യക്ഷരാകുമെന്നാണ് അറിയുന്നത്.
ആരോഗ്യ കാര്യ സമിതി അധ്യക്ഷ സ്ഥാനം സ്വതന്ത്ര അംഗം കണ്ണമ്മൂല കൗൺസിലർ എം. രാധാകൃഷ്ണന് നൽകിയാൽ വികസന കാര്യ സ്ഥിര സമിതി അധ്യക്ഷ സ്ഥാനം നേമം കൗൺസിലർ എം.ആർ. ഗോപന് ലഭിച്ചേക്കും. ആരോഗ്യ, വികസന സ്ഥിര സമിതികളുടെ അധ്യക്ഷ സ്ഥാനങ്ങൾ സംബന്ധിച്ച് ഇന്നലെ രാത്രി വൈകിയും രാധാകൃഷ്ണനുമായി ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. കേവല ഭൂരിപക്ഷമില്ലാത്തതിനാൽ സ്വതന്ത്ര അംഗം രാധാകൃഷ്ണന് സ്ഥിര സമിതി അധ്യക്ഷ സ്ഥാനം നൽകി ഒപ്പം നിർത്താനാണ് ബിജെപി ശ്രമിക്കുന്നത്.
ഇതിനിടെ, ഒരു സ്ഥിര സമിതിയിലേക്കും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കേണ്ട എന്നാണ് യുഡിഎഫ് തീരുമാനം എന്നറിയുന്നു. എന്നാൽ എൽഡിഎഫ് അധ്യക്ഷ സ്ഥാനത്തിന് അവകാശ വാദം ഉന്നയിച്ചേക്കും. ധനകാര്യം, വികസനം, ക്ഷേമം, ആരോഗ്യ കാര്യം സ്ഥിര സമിതികളിൽ 13 വീതം അംഗങ്ങളും മരാമത്ത്, നഗരാസൂത്രണം, നികുതി– അപ്പീൽ, വിദ്യാഭ്യാസ– കായിക സ്ഥിര സമിതികളിൽ 12 വീതം അംഗങ്ങളുമാണുള്ളത്. ഓരോ കൗൺസിലർമാരും ഏതെങ്കിലും ഒരു സ്ഥിരം സമിതിയിൽ അംഗം ആയിരിക്കണം എന്നാണ് വ്യവസ്ഥ.
ധനകാര്യം, ക്ഷേമകാര്യം, മരാമത്ത്, നികുതി അപ്പീൽ സ്ഥിരം സമിതികൾ ഇക്കുറി വനിതാ സംവരണമാണ്. വികസന കാര്യം, ആരോഗ്യ കാര്യം, നഗരാസൂത്രണം, വിദ്യാഭ്യാസ കായിക കാര്യ സ്ഥിരം സമിതികളാണ് ജനറൽ വിഭാഗത്തിനുള്ളത്. ധനകാര്യ സ്ഥിരം സമിതിയുടെ അധ്യക്ഷ സ്ഥാനം ഡപ്യൂട്ടി മേയർക്ക് സംവരണം ചെയ്തിട്ടുള്ളതിനാൽ ഈ സ്ഥിരം സമിതിയിൽ അധ്യക്ഷ സ്ഥാനത്തേക്ക് വോട്ടെടുപ്പ് ഇല്ലതാനും.














































