തിരുവനന്തപുരം: സിപിഎം നേതാവ് ആര്യാ രാജേന്ദ്രൻ മേയറായിരുന്ന കാലത്ത് എൽഡിഎഫ് ഭരണസമിതി കോർപറേഷൻ കൗൺസിൽ ഹാളിൽനിന്ന് ഒഴിവാക്കിയ ചിത്തിര തിരുനാൾ ബാലരാമവർമയുടെ ചിത്രം തിരിച്ചെത്തിച്ച് ബിജെപി. ചിത്രം തിരിച്ചു സ്ഥാപിച്ചതോടെ കോർപറേഷനിൽ എൽഡിഎഫ്- ബിജെപി തർക്കം ഉടലെടുത്തു.
കോർപറേഷനും കെഎസ്ആർടിസിയും തമ്മിലുണ്ടായ ഇലക്ട്രിക് ബസ് വിവാദം,വി.കെ. പ്രശാന്ത് എംഎൽഎയും ബിജെപി കൗൺസിലറായ ആർ. ശ്രീലേഖയും തമ്മിലുണ്ടായ മുറി തർക്കം, എന്നിവയ്ക്കു തുടർച്ചയായാണ് ഇപ്പോൾ ചിത്രവിവാദവും. ആര്യ മേയറായിരുന്ന സമയത്ത് ചിത്രം മാറ്റിയപ്പോൾ ബിജെപി ഉയർത്തിയ പ്രതിഷേധം മുഖവിലയ്ക്ക് എടുക്കാൻ എൽഡിഎഫ് ഭരണസമിതി തയാറായിരുന്നില്ല. ചിത്രം മുൻപ് അവിടെ ഉണ്ടായിരുന്നതാണെന്നും ഇടക്കാലത്ത് ഒഴിവാക്കപ്പെട്ട ചിത്രം തിരിച്ചുവയ്ക്കുക മാത്രമാണ് ചെയ്‌തെന്നും മേയർ വി.വി.രാജേഷ് പറഞ്ഞു.
അതേസമയം 1940 ൽ കോർപറേഷൻ രൂപീകരിച്ചതു മുതൽ മേയറുടെ ഡയസിനു പുറകിൽ സ്ഥാപിച്ചിരുന്ന ചിത്തിര തിരുനാളിന്റെ ഫോട്ടോ മുൻ എൽഡിഎഫ് ഭരണസമിതിയുടെ അവസാന നാളിൽ നീക്കം ചെയ്തിരുന്നു. ബിജെപിയുടെ നേതൃത്വത്തിൽ പുതിയ ഭരണ സമിതി അധികാരമേറ്റതിനു പിന്നാലെ ഈ ചിത്രം പുനഃസ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടത്. ഫോട്ടോ മാറ്റണമെന്ന് എൽഡിഎഫും പറ്റില്ലെന്ന് ഭരണസമിതിയും അറിയിച്ചതോടെ അന്തരീക്ഷം കലുഷിതമായി.
2020- 2025 കാലയളവിലെ ഭരണസമിതിയുടെ അവസാന കൗൺസിൽ നടത്തുന്നതിനു തൊട്ടു മുൻപാണ് ചിത്തിര തിരുനാളിന്റെ ഫോട്ടോ മാറ്റിയത്. ആ സ്ഥാനത്ത് മഹാത്മാ ഗാന്ധിയുടെ ചിത്രം സ്ഥാപിക്കുകയും ചെയ്തു. അന്ന് ബിജെപി പ്രതിഷേധമുയർത്തിയെങ്കിലും ചിത്തിര തിരുനാളിന്റെ ഫോട്ടോ പഴയ സ്ഥാനത്ത് സ്ഥാപിക്കാൻ എൽഡിഎഫ് ഭരണ സമിതി തയാറായില്ല. ബിജെപി നേതൃത്വത്തിൽ പുതിയ ഭരണ സമിതി അധികാരത്തിലെത്തിയതിനു പിന്നാലെ ഗാന്ധിജിയുടെയും ചിത്തിര തിരുനാളിന്റെയും ചിത്രങ്ങൾ അടുത്തടുത്തായി സ്ഥാപിക്കുകയായിരുന്നു.
















































