മൂന്നാർ: 34 വർഷങ്ങൾക്കു മുൻപ് കടുത്ത കോൺഗ്രസ് അനുഭാവിയും സോണിയ ഗാന്ധിയോടുള്ള ഇഷ്ടവും കാരണം ദുരെരാജ് തന്റെ മകൾക്ക് സോണിയ ഗാന്ധിയെന്നു പേരിട്ടു… പക്ഷെ കാലങ്ങൾക്കിപ്പുറം അവളുടെ വിവാഹം കഴിഞ്ഞതോടെ പണി മരുമകന്റെ രൂപത്തിലെത്തി. അങ്ങനെ സോണിയ ഗാന്ധി ബിജെപിക്കാരിയായി. സംഭവം ഇങ്ങു മൂന്നാറിലാണ്.
മൂന്നാർ പഞ്ചായത്തിലെ 16-ാം വാർഡ് നല്ലതണ്ണിയിലാണ് ബിജെപി സ്ഥാനാർഥിയായി സോണിയാ ഗാന്ധി (34) മത്സരിക്കുന്നത്. ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി സുഭാഷിന്റെ ഭാര്യയാണ് സോണിയ. നല്ലതണ്ണി കല്ലാറിലെ മുതിർന്ന കോൺഗ്രസ് നേതാവ് പരേതനായ ദുരെരാജിന്റെ മകളാണു സോണിയ ഗാന്ധി.
കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയോടുള്ള ഇഷ്ടംകൊണ്ടാണ് അദ്ദേഹം മകൾക്ക് ഈ പേരിട്ടത്. എന്നാൽ, ബിജെപി പ്രവർത്തകനായ സുഭാഷിനെ വിവാഹം ചെയ്തതോടെ സോണിയ കാലക്രമേണ ബിജെപി അനുഭാവിയായി. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത്തവണ സോണിയയ്ക്ക് മത്സരിക്കാനുള്ള സീറ്റും ലഭിച്ചു. കോൺഗ്രസിലെ മഞ്ജുള രമേശും സിപിഎമ്മിലെ വലർമതിയുമാണ് സോണിയ ഗാന്ധിയുടെ എതിർ സ്ഥാനാർഥികൾ.

















































