വാഷിങ്ടൺ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ ഫയലുകൾ മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സും. അന്തരിച്ച വ്യവസായിയും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീന്റെ പക്കൽ നിന്നുള്ള ഇമെയിലുകൾ ആസ്പദമാക്കി ബ്രിട്ടീഷ് മാധ്യമങ്ങൾ പുറത്തുവിട്ട വിവരങ്ങൾ ബിൽ ഗേറ്റ്‌സിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. റഷ്യൻ പെൺകുട്ടികളുമായുള്ള ബന്ധത്തിലൂടെ ഗേറ്റ്‌സിന് ലൈംഗികരോഗം ബാധിച്ചുവെന്നും ഇത് തന്റെ ഭാര്യ മെലിൻഡ അറിയാതെ ചികിത്സിക്കാൻ രഹസ്യമായി ആന്റിബയോട്ടിക്കുകൾ ആവശ്യപ്പെട്ടുവെന്നുമാണ് ഈ രേഖകൾ അവകാശപ്പെടുന്നത്.
‘ദി സൺ’, ‘ഡെയ്‌ലി മെയിൽ’ എന്നീ മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, 2013 ജൂലൈ മാസത്തിൽ എപ്സ്റ്റീൻ തനിക്ക് തന്നെ അയച്ച ഇമെയിലുകളിലാണ് ഈ പരാമർശങ്ങൾ ഉള്ളത്. കൂടാതെ താനുമായുള്ള ബന്ധം അവസാനിപ്പിക്കാനുള്ള ഗേറ്റ്‌സിന്റെ തീരുമാനത്തിൽ എപ്സ്റ്റീൻ അങ്ങേയറ്റം അതൃപ്തനായിരുന്നുവെന്നും, തന്റെ രോഗത്തെക്കുറിച്ചുള്ള വിവരങ്ങളും ആന്റിബയോട്ടിക്കുകൾക്കായുള്ള അഭ്യർത്ഥനയും അടങ്ങിയ ഇമെയിലുകൾ ഡിലീറ്റ് ചെയ്യാൻ ഗേറ്റ്‌സ് ആവശ്യപ്പെട്ടുവെന്നും ഫയലിൽ ആരോപിക്കുന്നു.
മാത്രമല്ല എപ്സ്റ്റീൻ അയക്കാതെ സൂക്ഷിച്ച കത്തുകളുടെ ഡ്രാഫ്റ്റുകളാണ് ഈ രേഖകളിലധികവുമെന്നാണ് വിവരം. അതുപോലെ ഗേറ്റ്‌സിന്റെ മുൻ ഉപദേഷ്ടാവ് ബോറിസ് നിക്കോളിക്കിനെക്കുറിച്ചും ഈ രേഖകളിൽ ഗുരുതരമായ പരാമർശങ്ങളുണ്ട്. ഗേറ്റ്‌സും മെലിൻഡയും തമ്മിലുള്ള ദാമ്പത്യ തർക്കങ്ങളിൽ നിക്കോളിക് പലപ്പോഴും വലിച്ചിഴയ്ക്കപ്പെട്ടതായും, ഗേറ്റ്‌സിന് വേണ്ടി മരുന്നുകൾ എത്തിക്കാനും മറ്റ് സ്ത്രീകളുമായുള്ള കൂടിക്കാഴ്ചകൾക്ക് സൗകര്യമൊരുക്കാനും അദ്ദേഹം നിർബന്ധിതനായെന്നും എപ്സ്റ്റീൻ തന്റെ കുറിപ്പുകളിൽ പറയുന്നു.
അതേസമയം, ഈ ആരോപണങ്ങൾ പൂർണ്ണമായും ശുദ്ധ അസംബന്ധവും വാസ്തവ വിരുദ്ധവുമാണെന്ന് ബിൽ ഗേറ്റ്‌സിന്റെ വക്താവ് പ്രതികരിച്ചു. ഗേറ്റ്‌സുമായി തുടർബന്ധം നിലനിർത്താൻ സാധിക്കാത്തതിലുള്ള എപ്സ്റ്റീന്റെ നിരാശയും ഗേറ്റ്‌സിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളുമാണ് ഈ രേഖകളിൽ കാണുന്നതെന്ന് വക്താവ് വ്യക്തമാക്കി.

















































