വാഷിങ്ടൻ: യുദ്ധക്കുറ്റങ്ങളിൽ യൂറോപ്യൻ രാജ്യങ്ങളുടെ അറസ്റ്റ് ഭയന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സഞ്ചാരപാത മാറ്റിയതായി മാധ്യമങ്ങൾ. ഐക്യരാഷ്ട്ര സംഘടനയുടെ സമ്മേളനത്തിൽ പങ്കെടുക്കാനായി പോകവേ നെതന്യാഹുവിന്റെ ഔദ്യോഗിക വിമാനം ‘വിങ്സ് ഓഫ് സായൻ’ യൂറോപ്യൻ രാജ്യങ്ങൾക്ക് മുകളിലൂടെയുള്ള പറക്കൽ ഒഴിവാക്കി മറ്റ് റൂട്ട് പിടിച്ചു. ഇതോടെ നെതന്യാഹുവിന്റെ വിമാനത്തിന് 600 കിലോമീറ്റർ അധികം സഞ്ചരിക്കേണ്ടി വന്നുവെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
2024 നവംബറിലാണ് ഗാസയിലെ യുദ്ധകുറ്റങ്ങളുടെ പേരിൽ നെതന്യാഹുവിന് രാജ്യാന്തര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. നെതന്യാഹുവിനെ കൂടാതെ ഇസ്രയേൽ മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും അറസ്റ്റ് വാറണ്ടുണ്ട്. തങ്ങളുടെ രാജ്യാതിർത്തിക്കുള്ളിൽ പ്രവേശിച്ചാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് ചില യൂറോപ്യൻ രാജ്യങ്ങൾ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. യൂറോപ്യൻ രാജ്യങ്ങളുടെ മുകളിലൂടെ പറന്നാൽ ചിലപ്പോൾ വിമാനം നിലത്തിറക്കേണ്ട സാഹചര്യം ഉണ്ടാകുമായിരുന്നു. ഇത് ഒഴിവാക്കാനായിരുന്നു വഴിമാറ്റി യാത്ര ചെയ്തത്.
ഇക്കാര്യം സാധുകരിക്കുന്ന രീതിയിൽ തങ്ങളുടെ വ്യോമമേഖലയിലൂടെ പറക്കാൻ ഇസ്രയേൽ അനുവാദം ചോദിച്ചെന്നും അതു നൽകിയെന്നും ഫ്രാൻസ് പറഞ്ഞു. എന്നാൽ, ഈ റൂട്ട് ഇസ്രയേൽ ഉപയോഗിച്ചില്ല. അതേസമയം സഞ്ചാരപാത മാറ്റിയത് സംബന്ധിച്ച് ഇസ്രയേൽ പ്രതികരിച്ചിട്ടില്ല. യുഎന്നിലെ പൊതു സമ്മേളനത്തിൽ പങ്കെടുത്തശേഷം നെതന്യാഹു യുഎസ് പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്തും.