മുംബൈ: രോഹിത്തിന്റെ പിന്നാലെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നുള്ള കാര്യം വിരാട് കോലി ബോധ്യപ്പെടുത്താൻ ബിസിസിഐ ഇടപെടണമെന്ന് ആരാധകർ. അടുത്ത ഇംഗ്ലണ്ട് പര്യടനത്തിനു മുമ്പ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ഒരുങ്ങുന്നതായി കോലി ബിസിസിഐയെ അറിയിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് ആരാധകരുടെ ഇടപെടൽ.
വിരമിക്കൽ വാർത്ത പുറത്തുവന്നതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ കോലി ആരാധകരുടെ പ്രതികരണങ്ങൾകൊണ്ട് നിറഞ്ഞു. കോലിയെ ടെസ്റ്റിൽ നിലനിർത്താൻ സാധ്യമായതെല്ലാം ചെയ്യണമെന്ന് ആരാധകർ ബിസിസിഐയോട് ആവശ്യപ്പെട്ടു. ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റൻ രോഹിത് ശർമ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് കോലിയുടെ തീരുമാനം. കോലി തീരുമാനവുമായി മുന്നോട്ടുപോയാൽ അത് ഇന്ത്യൻ ടെസ്റ്റ് ടീമിൽ വലിയ വിടവാണ് സൃഷ്ടിക്കാൻ പോകുന്നത്. തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐയിലെ ഒരു ഉന്നതൻ കോലിയുമായി സംസാരിച്ചതായും റിപ്പോർട്ടുണ്ട്.
അതേസമയം ഇംഗ്ലണ്ട് പരമ്പരയ്ക്കായുള്ള ടീമിനെ തിരഞ്ഞെടുക്കാനുള്ള സെലക്ഷൻ കമ്മിറ്റി യോഗത്തിന് തൊട്ടുമുമ്പാണ് കോലിയുടെ വാർത്ത വരുന്നത്. കോലി മനസ് മാറ്റിയില്ലെങ്കിൽ പ്രധാനപ്പെട്ട ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യയ്ക്ക് പരിചയസമ്പന്നരില്ലാത്ത മധ്യനിരയാകും ഉണ്ടാകുക.
എന്നാൽ ബോർഡർ ഗാവാസ്‌ക്കർ പരമ്പരയിലെ തോൽവിക്ക് പിന്നാലെ വലിയ വിമർശനമുണ്ടായതിൽ കോലി നിരാശനായിരുന്നുവെന്നാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതാണ് ടെസ്റ്റ് കരിയർ അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചതെന്നുമാണ് സൂചന. ബോർഡർഗവാസ്‌കർ പരമ്പരയിലെ അഞ്ച് മത്സരങ്ങളിൽ 23.75 ആയിരുന്നു കോലിയുടെ ശരാശരി. ഒമ്പത് ഇന്നിങ്‌സുകളിൽ നിന്നായി 190 റൺസ് മാത്രമാണ് താരത്തിന് സ്‌കോർ ചെയ്യാൻ സാധിച്ചത്. പരമ്പരയിൽ തുടർച്ചയായി ഓഫ് സ്റ്റമ്പിന് പുറത്തുപോകുന്ന പന്തുകളിലാണ് കോലി പുറത്തായത്. ഇത് താരത്തെ വലിയ സമ്മർദത്തിലാക്കിയിരുന്നുവെന്നാണ് റിപ്പോർട്ട്. കടുത്ത മാനസിക സമ്മർദത്തിലൂടെയാണ് ആ സമയത്ത് കടന്നുപോയതെന്ന് പിന്നീട് കോലി തന്നെ വെളിപ്പെടുത്തിയിരുന്നു.















































