കോഴിക്കോട്: ബാങ്കുവിളികളിൽ വരുന്ന അമിത ശബ്ദം ഒഴിവാക്കണമെന്ന് എസ്.വൈ.എസ്. ജനറൽ സെക്രട്ടറി എ.പി. അബ്ദുൽ ഹക്കീം അസ്ഹരി. ബാങ്ക് വിളിക്കുമ്പോൾ ശബ്ദത്തിൽ മിതത്വം പാലിക്കണം. ദിക്ർ ആയാലും ബാങ്കുവിളി ആയാലും മിതമായ ശബ്ദത്തിൽ ആവണം. അത് കേൾക്കേണ്ട സ്ഥലത്ത് കേൾപ്പിക്കണം. ആരാധനാകർമ്മങ്ങളിൽ അമിതമായ ശബ്ദം പാടില്ലെന്നാണ് പ്രവാചക വചനമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുസ്ലിങ്ങൾ മാത്രം താമസിക്കുന്ന മേഖലകളിൽ വർഷത്തിൽ ഒരിക്കൽ നടക്കുന്ന മൗലിദിൽ ആവശ്യമെങ്കിൽ ശബ്ദം പുറത്തേക്ക് കേൾപ്പിക്കാം. എന്നാൽ അത് നിത്യമായാൽ മുസ്ലിങ്ങൾക്കും പ്രയാസമാകും. അമുസ്ലിങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിൽ ശബ്ദം പുറത്തേക്ക് കേൾപ്പിക്കരുതെന്നും അസ്ഹരി പറഞ്ഞു.