തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു സ്വര്‍ണക്കടത്തിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വളഞ്ഞിട്ട് ആക്രമിച്ച മാധ്യമങ്ങള്‍ ഇക്കുറി ആരോഗ്യമന്ത്രി വീണാ വിജയനെ ആശ വര്‍ക്കര്‍മാരുടെ സമരത്തിന്റെ പേരില്‍ വീണ വിജയനെ ഉന്നമിടുന്നത് മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലെ കൊതിക്കെറുവെന്നു സോഷ്യല്‍ മീഡിയ. ആശ വര്‍ക്കര്‍മാരുടെ സമരം നിരാഹാരത്തിലേക്കു നീങ്ങുന്നതിനിടെ പ്രശ്‌നത്തിനു പരിഹാരമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയില്‍ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചെങ്കിലും അനുമതി ലഭിക്കാത്തതിനു പിന്നില്‍ ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകരും കേരളത്തില്‍നിന്നുള്ള ബിജെപി നേതാക്കളുമാണെന്നാണ് ആരോപണം.
ഏഷ്യാനെറ്റ് ന്യൂസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങള്‍ക്കിടെ മന്ത്രി വീണാ ജോര്‍ജും രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. മാധ്യമ പ്രവര്‍ത്തകയായി പ്രവര്‍ത്തിക്കുന്നതിനിടെ ഏഷ്യാനെറ്റ് അവിടേക്കു ജോലിക്കു ക്ഷണിച്ചെന്നും മക്കളുടെ അഡ്മിഷന്‍ അടക്കം ശരിയാക്കി നല്‍കാമെന്ന് പറഞ്ഞിരുന്നെന്നും പ്രസ് മീറ്റില്‍ പറഞ്ഞത് ചില കേന്ദ്രങ്ങള്‍ക്ക് ഇഷ്ടമായില്ലെന്നാണ് സൂചന.
ഇതിനുശേഷമാണ് ഇവര്‍ക്കെതിരേ രൂക്ഷമായ പ്രതികരണങ്ങളുമായി രംഗത്തിറങ്ങിയത്. ഇതുമായി ബന്ധപ്പെട്ട് വൈകുന്നേരത്തെ ചര്‍ച്ചയ്ക്കു മുന്നോടിയായി ഇറക്കിയ സോഷ്യല്‍ മീഡിയ കാര്‍ഡുകളും അതിന്റെ ഉദാഹരണമാണെന്നാണു മന്ത്രിയെ അനുകൂലിക്കുന്ന സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ചൂണ്ടിക്കാട്ടുന്നത്.
കേരളത്തില്‍ ടിവി ജേണലിസം ആരംഭിച്ച കാലത്തു നിറഞ്ഞു നിന്ന മാധ്യമ പ്രവര്‍ത്തകയാണു വീണ. ഇന്നു നടത്തിയ ചര്‍ച്ചകളേക്കാള്‍ ആരോഗ്യകരമായ ചര്‍ച്ചകള്‍ക്കും അവര്‍ നേതൃത്വം നല്‍കിയിരുന്നു. അരുന്ധതി റോയി അടക്കമുള്ള പ്രമുഖരുമായി അവര്‍ നടത്തിയ അഭിമുഖങ്ങളും ഏറെ പ്രശസ്തമാണ്. തുടര്‍ന്നാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് എംഎല്‍എ ആയതും രണ്ടാം ടേമില്‍ ആരോഗ്യ മന്ത്രിയായതും. അന്ന് അവര്‍ക്കൊപ്പം മാധ്യമ പ്രവര്‍ത്തനം നടത്തിയ പലരും അസൂയയുടെ കൊടുമുടിയില്‍ എത്തിയതിനു പിന്നില്‍ ഇതാണെന്നു വിലയിരുത്തുന്നവരുമുണ്ട്. ചാനല്‍ പ്രവര്‍ത്തകരെന്ന നിലയില്‍ അവതാരകരുടെയും ചര്‍ച്ച നയിക്കുന്നവരുടെയും റോളുകളില്‍ അവരുണ്ടെങ്കിലും പലപ്പോഴും സോഷ്യല്‍ മീഡിയയുടെയും വിദഗ്ധരുടെയും രൂക്ഷമായ പരിഹാസത്തിനു പാത്രമാകുന്നവരാണ് ഇവര്‍. ചാനല്‍ ഫ്ളോറില്‍ ഇരുന്ന് പറയുന്ന പല മണ്ടത്തരങ്ങളും ട്രോളുകളായി പുറത്തുവന്നു.
ആശ സമരവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ വീണയോടു കാട്ടുന്ന സമീപനത്തില്‍ മുതിര്‍ന്ന പല മാധ്യമ പ്രവര്‍ത്തകര്‍ക്കും കടുത്ത അതൃപ്തിയുണ്ട്. പ്രശ്‌നപരിഹാരത്തിന് എന്തെങ്കിലും മാര്‍ഗമുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ കേന്ദ്ര മന്ത്രി അനുമതി നിഷേധിക്കുന്നത് സംസ്ഥാന മന്ത്രിയുടെ കുറ്റമാകുന്നത് എങ്ങനെയാണെന്നും ഇവര്‍ ചോദിക്കുന്നു. ആശ പ്രവര്‍ത്തകരുടെ പരിഹാസത്തിലൂന്നി മന്ത്രിയെ ഒറ്റപ്പെടുത്തുന്നതിനു കാരണവും മാധ്യമ പ്രവര്‍ത്തകരുടെ പകയാണെന്ന് ഇവര്‍ വിലയിരുത്തുന്നു.
വസ്തുതകള്‍ മനസിലാക്കാന്‍ സാഹചര്യങ്ങളുണ്ടായിരിക്കേ, ഇന്നലെ കേരളത്തില്‍ എത്തിയ മന്ത്രിയോടു ചോദിച്ച ചോദ്യങ്ങളും ഇവ ര്‍ ഉയര്‍ത്തിക്കാട്ടുന്നു. ഇതിനെ അതേ നാണയത്തില്‍തന്നെയാണ് മന്ത്രി വീണയും നേരിട്ടത്. ഇതിനുശേഷം മന്ത്രി അനുമതി ആവശ്യപ്പെട്ട് അയച്ച ഒഫീഷ്യല്‍ ഇ-മെയിലിന്റെ സ്‌ക്രീന്‍ ഷോട്ടും ഫേസ്ബുക്കില്‍ കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടു നല്‍കിയ കുറിപ്പില്‍ ചേര്‍ത്തു.
‘ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറിന്റെ ഏഷ്യാനെറ്റ് ന്യൂസ് ഉള്‍പ്പെടെ ‘മന്ത്രിയുടെ തട്ടിപ്പ്, മന്ത്രിയുടെ യാത്ര പ്രഹസനമോ, മന്ത്രിയുടെ മോണോ ആക്ട്’ എന്ന് പറഞ്ഞ് ഒരു ദിവസം മുഴുവന്‍ ആക്രമിച്ച് മതിയാകാതെ ഇന്ന് രാവിലെ ഞാന്‍ കേരളത്തില്‍ വന്ന് ഇറങ്ങിയപ്പോള്‍, അപ്പോയ്മെന്റ് ചോദിച്ചതിലെ കുറ്റം കൊണ്ടാണ് അനുവാദം ലഭിക്കാത്തത് എന്ന് സ്ഥാപിക്കാനാണ് ശ്രമിച്ചത്. ഇന്നവര്‍ രാവിലെ ‘ബ്രേക്ക്’ ചെയ്ത ‘വീണാ ജോര്‍ജിന്റെ വാദം തള്ളി കേന്ദ്രം, കത്ത് നല്‍കിയത് ബുധനാഴ്ച രാത്രി വൈകി…’ (ജന്മഭൂമി ഓണ്‍ലൈനിന്റെ ഇന്നലത്തെ വാര്‍ത്തയുടെ കോപ്പി) എന്ന വാര്‍ത്ത സമര്‍ത്ഥിക്കാനാണ് ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ചോദ്യം ചോദിച്ചു കൊണ്ടിരുന്നത്. എപ്പോഴാണ് കേന്ദ്രത്തിന്റെ അപ്പോയ്‌മെന്റിനായി കത്തയച്ചത് എന്നായിരുന്നു ആവര്‍ത്തിച്ചുള്ള ചോദ്യം. എപ്പോള്‍ കത്തയ്ക്കണമായിരുന്നു എന്നാണ് നിങ്ങള്‍ പറയുന്നത് എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു.
അപ്പോയ്‌മെന്റ് തേടിയുള്ള കത്തിന് എന്റെ ഓഫീസിലേക്കോ എനിക്കോ മറുപടിയോ അറിയിപ്പോ ഇതുവരെ ലഭിച്ചിട്ടില്ല. മറുപടി ലഭിക്കുന്ന മുറയ്ക്ക് അനുവാദം ലഭിക്കുന്നുണ്ടെങ്കില്‍ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയെ കാണും. അപ്പോയ്‌മെന്റിന് അനുവാദം തേടി ഇ-മെയിലില്‍ അയച്ച കത്ത് ഡിജിറ്റല്‍ തെളിവ് കൂടിയാണല്ലോ. കേരള വിരുദ്ധതയില്‍ അഭിരമിക്കുന്ന ചില മാധ്യമ പ്രവര്‍ത്തകരുടെ നുണ പ്രചാരണങ്ങളെ തുറന്നു കാട്ടുവാന്‍ അത് കൂടി ഇവിടെ ചേര്‍ക്കുന്നു എന്നായിരുന്നു പോസ്റ്റ്.
എന്തായാലും ആശ പ്രവര്‍ത്തകരുടെ സമരത്തിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലെ ചേരിതിരിവ് തുറന്നുകാട്ടുന്നതാണ് അടുത്തിടെ നടന്ന സംഭവങ്ങളെന്നും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ചര്‍ച്ചകള്‍ ഏകപക്ഷീയമാകുന്നെന്നും ബിജെപിയുടെ തൊഴിലാളി യൂണിയനായ ബിഎംഎസിന്റെ പിന്തുണയോടെ നടത്തുന്ന ആശ സമരത്തിന്റെ രാഷ്ട്രീയം കാണാതെ പോകരുതെന്ന് ഒരു മാധ്യമ പ്രവര്‍ത്തകന്‍ തുറന്നടിച്ചതും ഈ സാഹചര്യത്തിലാണ്. ചുരുങ്ങിയ കാലംകൊണ്ട് മാധ്യമ പ്രവര്‍ത്തകയില്‍നിന്ന് മന്ത്രിയെന്ന നിലയിലേക്ക് വീണയ്ക്കു ലഭിച്ച സമ്മതിയാണ് ഇവരെ സംസ്ഥാന കമ്മിറ്റിയിലെ ക്ഷണിതാവാക്കിയതിനു പിന്നിലെന്നതും ഒരു പറ്റം ടിവി ജേണലിസ്റ്റുകളുടെ അസൂയയ്ക്കു കാരണമാക്കിയെന്നാണു ചൂണ്ടിക്കാട്ടുന്നത്.