മോസ്കോ: അതിശക്തമായ ഭൂകമ്പത്തെ തുടർന്നു റഷ്യൻ തീരങ്ങളിൽ ശക്തമായ സൂനാമി തിരകൾ ആഞ്ഞടിച്ചു. റഷ്യയിലെ സെവേറോ-കുറിൽസ്ക് മേഖലയിൽ സൂനാമി തിരകൾ കരയിലേക്ക് ആഞ്ഞടിക്കുന്ന ഒട്ടേറെ വിഡിയോകൾ സമൂഹമാധ്യമങ്ങളിലുണ്ട്. റഷ്യയിലെ കാംചത്ക ഉപദ്വീപിൽ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായത്. പസിഫിക് സമുദ്രത്തിൽ പെട്രോപാവ്‌ലോവ്‌സ്ക് – കാംചാറ്റ്സ്കി നഗരത്തിന് തെക്കുകിഴക്കായി 126 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഇവിടെ 3-4 മീറ്റർ ഉയരത്തിൽ സൂനാമി തിരമാലകൾ ആഞ്ഞടിച്ചുവെന്നു വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
റഷ്യയിലെ കംചത്ക ഉപദ്വീപിൽ ഉണ്ടായ ഭൂകമ്പത്തെ തുടർന്ന് സൂനാമി തിരകൾ ജപ്പാനിൽ എത്തിയതായി റിപ്പോർട്ടുകൾ. വടക്കൻ ജപ്പാനിലെ ഹൊക്കൈഡോ മേഖലയിലാണ് സൂനാമി തിരകൾ എത്തിയത്. ഏകദേശം 30 സെന്റീമീറ്റർ ഉയരത്തിലാണ് ഇവിടെ കടൽജലം അടിച്ചുകയറുന്നത്. ജപ്പാനിലും അമേരിക്കയിലും സൂനാമി മുന്നറിയിപ്പ് നേരത്തേ പുറപ്പെടുവിച്ചിരുന്നു. അലാസ്കയിലും ഹവായിയിലും യുഎസ് അധികൃതർ സൂനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പസഫിക് സമുദ്രത്തിൽ മൂന്ന് മീറ്റർ ഉയരത്തിൽ തിരമാലകളുണ്ടാകുമെന്നു ജപ്പാൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീരപ്രദേശത്ത് നിന്നും ഒഴിപ്പിക്കൽ നടപടികളും ആരംഭിച്ചിട്ടുണ്ട്. ജപ്പാനിൽനിന്ന് 250 കിലോമീറ്റർ അകലെയാണ് ഭൂകമ്പം ഉണ്ടായത്.
ജൂലൈ 20നു റഷ്യയിൽ ഒരു മണിക്കൂറിനിടെ 5 ഭൂകമ്പമാണ് ഉണ്ടായത്. പസഫിക് സമുദ്രത്തിൽ പെട്രോപാവ്‌ലോവ്‌സ്ക്-കാംചാറ്റ്സ്കി നഗരത്തിന് അടുത്തായാണ് അന്ന് 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. തുടർച്ചയായി ഭൂകമ്പം ഉണ്ടായതിനെ തുടർന്നു സൂനാമി മുന്നറിയിപ്പ് നൽകിയിരുന്നു. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. 6.7 മുതൽ 7.4 വരെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഉണ്ടായത്. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായ മേഖലയ്ക്ക് 300 കിലോമീറ്റർ ചുറ്റളവിൽ സൂനാമി മുന്നറിയിപ്പ് നൽകിയെങ്കിലും പിന്നീട് ചിലയിടങ്ങളിൽ സൂനാമി മുന്നറിയിപ്പ് പിൻവലിച്ചിരുന്നു. 1900 മുതൽ 8.3 തീവ്രത രേഖപ്പെടുത്തിയ ഏഴു ഭൂകമ്പങ്ങൾ പ്രദേശത്തുണ്ടായിട്ടുണ്ട്. 1952ൽ 9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. അന്ന് ആളപായമുണ്ടായില്ല.