ദുബായ്: ഏഷ്യാകപ്പ് സൂപ്പർ ഫോറിൽ ഓട്ടക്കൈകളോടെയായിരുന്നു ഇന്ത്യൻ താരങ്ങൾ കളത്തിലിറങ്ങിയത്. ക്യാച്ചുകൾ നഷ്ടപ്പെടുത്തിയും സ്റ്റംപ് ചെയ്യാനുള്ള സുവർണാവസരം പാഴാക്കിയും ഇന്ത്യ പാക്കിസ്ഥാന് ഭേദപ്പെട്ട സ്കോറിനുള്ള വഴിയൊരുക്കിക്കൊടുത്തു. ഇതോടെ ഇന്ത്യയ്ക്കു മുന്നിൽ 172 റൺസ് വിജയലക്ഷ്യമുയർത്തി പാക്കിസ്ഥാൻ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു.
അർധ സെഞ്ചുറി നേടിയ ഓപ്പണർ സഹിബ്സദ ഫർഹാനാണ് പാക്കിസ്ഥാനെ പൊരുതാവുന്ന സ്കോറിലേക്കെത്തിച്ചത്. 45 പന്തുകൾ നേരിട്ട സഹിബ്സദ ഫർഹാൻ 58 റൺസെടുത്തു പുറത്തായി. അവസാന ഓവറുകളിൽ എട്ട് പന്തിൽ 20 റൺസടിച്ച ഫഹീം അഷറഫിന്റെ കാമിയോ റോളും പാക് നിരയ്ക്കു രക്ഷകനായി. മുഹമ്മദ് നവാസ് (19 പന്തിൽ 21), സയിം അയൂബ് (17 പന്തിൽ 21), ക്യാപ്റ്റൻ ആഗ സൽമാൻ (13 പന്തിൽ 17) എന്നിവരാണ് പാക്കിസ്ഥാന്റെ മറ്റു പ്രധാന സ്കോറർമാർ.
ടോസ് നേടി പാക്കിസ്ഥാനെ ബാറ്റിംഗിന് അയച്ച ഇന്ത്യയ്ക്ക് ആഗ്രഹിച്ച തുടക്കമാണ് ഹാർദ്ദിക് പാണ്ഡ്യ ഒരുക്കിയത്. പാണ്ഡ്യ എറിഞ്ഞ പാക് ഇന്നിംഗ്സിലെ ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ സാഹിബ്സാദ ഫർഹാൻ നൽകിയ ക്യാച്ച് തേർഡ്മാനിൽ അഭിഷേക് ശർമ കൈവിട്ടു. ആദ്യ ഓവറിൽ ആറ് റൺസെടുത്ത പാക്കിസ്ഥാൻ രണ്ടാം ഓവറിൽ ജസ്പ്രീത് ബുമ്രയെ കടന്നാക്രമിക്കാനാണ് ശ്രമിച്ചത്. ബുമ്ര എറിഞ്ഞ രണ്ടാം ഓവറിൽ രണ്ട് ബൗണ്ടറി അടക്കം 11 റൺസടിച്ച ഫഖർ സമൻ പാക്കിസ്ഥാന് നല്ല തുടക്കം നൽകി. മൂന്നാം ഓവറിലെ ആദ്യ പന്തിലും ഹാർദ്ദിക് പാണ്ഡ്യക്കെതിരെ ഫഖർ ബൗണ്ടറി നേടി ഭീഷണി ഉയർത്തിയെങ്കിലും അടുത്ത പന്തിൽ ഫഖറിനെ വിക്കറ്റിന് പിന്നിൽ സഞ്ജുവിൻറെ കൈകളിലെത്തിച്ച് പാണ്ഡ്യ പകരം വീട്ടി. പാണ്ഡ്യയുടെ സ്ലോ ബോളിൽ എഡ്ജ് ചെയ്ത ഫഖറിനെ സഞ്ജു പന്ത് നിലത്ത് തൊടും മുമ്പ് ഗ്ലൗസിലൊതുക്കി.
തുടർന്നു വരുൺ ചക്രവർത്തിയുടെ അഞ്ചാം ഓവറിൽ സയിം അയൂബിനെ പുറത്താക്കാനുള്ള രണ്ടാം അവസരം കുൽദീപ് യാദവും പാഴാക്കി. ഷോർട്ട് ഫൈൻ ലെഗിൽ ഉയർന്നുപൊങ്ങിയ പന്ത് കുൽദീപ് വിട്ടുകളഞ്ഞത് ഇന്ത്യൻ താരങ്ങൾക്കു കടുത്ത നിരാശയാണ് സമ്മാനിച്ചത്. പവർപ്ലേ ഓവറുകളിൽ 55 റൺസാണ് പാക്ക് താരങ്ങൾ അടിച്ചെടുത്തത്. വരുൺ ചക്രവർത്തിയുടെ എട്ടാം ഓവറിലെ മൂന്നാം പന്തിൽ സഹിബ്സദ ഫർഹാനെ അഭിഷേക് ശർമ വീണ്ടും കൈവിട്ടു. ഫർഹാൻ ലോങ് ഓണിലേക്കു പറത്തിയ പന്ത് ബൗണ്ടറി ലൈനിനു സമീപത്തു വച്ച് അഭിഷേക് ശർമയുടെ കയ്യിൽ തട്ടി സിക്സർ ആയി. ഫീൽഡിങ്ങിനിടെയുള്ള ഓട്ടത്തിൽ അഭിഷേകിന് പന്തിലുള്ള നിയന്ത്രണം നഷ്ടമാകുകയായിരുന്നു.
ഇതിനിടെ വരുൺ ചക്രവർത്തിയുടെ ഓവറിൽ പന്ത് കൈപ്പിടിയിലൊതുക്കി സഞ്ജുവെറിഞ്ഞ ഉഗ്രനൊരു ത്രോ വരുൺ പാഴാക്കിയതോടെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് പൊളിക്കാനുള്ള സുവർണാവസരമാണ് നഷ്ടമായത്.