തിരുവനന്തപുരം: ആശ വർക്കർമാർക്കെതിരെ പൊതു മധ്യത്തിൽ അപമാനകരമായ പരാമർശങ്ങൾ നടത്തി എന്നാരോപിച്ച് സിഐടിയു നേതാവ് കെഎൻ ഗോപിനാഥിനെതിരെ ആശ വർക്കർമാർ വക്കീൽ നോട്ടീസ് അയച്ചു. ആശ വർക്കർമാരുടെ സംഘടനാ ജനറൽ സെക്രട്ടറി എംഎ ബിന്ദുവാണ് നോട്ടീസ് അയച്ചത്.
ആശമാരുടെ സമരത്തിന് പിന്തുണയറിയിച്ചുകൊണ്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി എത്തിയതിനെ മോശമായി വിമർശിച്ചതിനെതിരെയാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. സെക്രട്ടേറിയറ്റിനു മുന്നിൽ സമരമിരിക്കുന്ന ആശ വർക്കർമാർക്ക് മഴ പെയ്തപ്പോൾ സുരേഷ് ഗോപി കുട നൽകിയതിനെയാണ് ഗോപിനാഥ് പരിഹസിച്ചത്. സുരേഷ് ഗോപി എല്ലാവർക്കും കുട കൊടുക്കുന്നു, ഇനി ഉമ്മയുംകൂടി കൊടുത്തോ എന്നറിയില്ലെന്നായിരുന്നു സിഐടിയു സംസ്ഥാന സെക്രട്ടറിയുടെ പരാമർശം.
‘സമരനായകൻ സുരേഷ് ഗോപി സമരകേന്ദ്രത്തിൽ എത്തുന്നു. എല്ലാവർക്കും കുട കൊടുക്കുന്നു, ഇനി ഉമ്മയും കൂടി കൊടുത്തോ എന്ന് അറിയാൻ പാടില്ല. നേരത്തെ അങ്ങനെ കൊടുക്കുന്ന പതിവുണ്ടായിരുന്നു. ആരോ രണ്ടുപേർ പരാതിപ്പെട്ടതോടുകൂടി ഉമ്മകൊടുക്കൽ നിർത്തി എന്ന് തോന്നുന്നു. ഇപ്പോൾ കുട കൊടുക്കുകയാണ് കേന്ദ്രമന്ത്രി. കുട കൊടുക്കുന്നതിന് പകരം ഈ ഓണറേറിയത്തിന്റെ കാര്യത്തിൽ പാർലമെന്റിൽ പറഞ്ഞ് എന്തെങ്കിലും നേടിക്കൊടുക്കേണ്ടേ. ആ ഓഫറുമായിട്ട് വേണ്ടേ ആ സമരപ്പന്തലിൽ വരാൻ’, എന്നായിരുന്നു ഗോപിനാഥിന്റെ വാക്കുകൾ.
അതേസമയം സഐടിയു നേതാവിന്റെ ഈ പരാമർശത്തിൽ പരസ്യമായി ക്ഷമാപണം നടത്തണം എന്നാണ് ആശ വർക്കർമാരുടെ ആവശ്യം. ആശ വർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യങ്ങൾ നൽകുക തുടങ്ങിയ ആവശ്യങ്ങളുമായി സെക്രട്ടേറിയറ്റിനുമുന്നിൽ ആശ വർക്കർമാർ നടത്തുന്ന സമരം മുപ്പതാം ദിവസത്തിലേക്ക് നീളുന്ന അവസരത്തിലാണ് സിഐടിയു നേതാവിന് വക്കീൽ നോട്ടീസ്. അതേസമയം ആശ വർക്കർമാരുടെ സമരം ലോക്സഭയിലെ ശൂന്യവേളയിൽ കോൺഗ്രസ് എംപിമാർ ഉയർത്തിയിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരസ്പരം പഴിചാരാതെ നടപടിയുണ്ടാക്കണമെന്നായിരുന്നു എംപിമാരുടെ ആവശ്യം.