തിരുവനന്തപുരം: സെക്രട്ടറിയേറ്റ് പടിക്കൽ സമരം തുടരുന്ന ആശാ വർക്കേഴ്സ് നാളെ സമരത്തിന്റെ അടുത്ത ഘട്ടമായ മുടി മുറിച്ചുള്ള പ്രതിഷേധം നടത്തും. അതേസമയം നിരാഹാര സമരം 11-ാം ദിവസത്തിലേക്കും രാപ്പകൽ സമരം 49-ാം ദിവസത്തിലേക്കും കടന്നു. സമരം തുടങ്ങി അമ്പതാം ദിവസമാണ് മുടിമുറിക്കൽ പ്രതിഷേധം. ഇത്രയും ദിവസമായിട്ടും സർക്കാർ സമരക്കാരെ പരിഗണിക്കുന്നില്ല എന്നതിനാലാണ് പ്രതിഷേധം കടുപ്പിക്കാനുള്ള ആശാ വർക്കേഴ്സിൻ്റെ തീരുമാനം.
154 ലോകരാജ്യങ്ങളിലെ 700 തൊഴിലാളി സംഘടനകൾ അംഗമായുള്ള ആഗോള തൊഴിലാളി ഫെഡറേഷൻ പബ്ലിക് സർവീസ് ഇൻ്റർനാഷണൽ സമരക്കാരുടെ ആവശ്യങ്ങൾ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. മുടി മുറിക്കൽ സമരത്തോടെ ആഗോളതലത്തിൽ സമരത്തിന് പിന്തുണയേറും എന്നാണ് സമരം ഇരിക്കുന്ന ആശാവർക്കേഴ്സിന്റെ അവകാശവാദം.