തങ്ങളുടെ രഹസ്യവിവരങ്ങൾ ചോർത്തിയെന്നു കാണിച്ച് ചൈനീസ് സ്മാർട്‌ഫോൺ നിർമാതാക്കളായ ഓപ്പോയ്‌ക്കെതിരെ കോടതിയെ സമീപിച്ച് ആപ്പിൾ. ആപ്പിളിന്റെ പ്രധാനപ്പെട്ട എൻജിനീയർമാരിൽ ഒരാളെ ഓപ്പോ തട്ടിയെടുത്തുവെന്നും അയാൾ വഴി ആപ്പിൾ വാച്ച് സാങ്കേതിക വിദ്യയുടെ രഹസ്യങ്ങൾ ചോർത്തിയെന്നുമാണ് ആരോപണം. ഇതുകാണിച്ചു സാൻ ഹൊസോയിലെ ഫെഡറർ കോടതിയിലാണ് കമ്പനി പരാതി നൽകിയത്.
അതേസമയം ഇക്കഴിഞ്ഞ ജൂണിലാണ് ആപ്പിളിന്റെ സെൻസർ സിസ്റ്റം ആർക്കിടെക്റ്റായ ചെൻ ഷി കമ്പനി വിട്ടത്. പോവുന്നതിനൊപ്പം ആപ്പിളിന്റെ ഹെൽത്ത് സെൻസിൻ ഫീച്ചറുകളുമായി ബന്ധപ്പെട്ട രഹസ്യ രേഖകളും അയാൾ കൊണ്ടുപോയെന്ന് ആപ്പിൽ ആരോപിച്ചു. ഈ വിവരങ്ങൾ ഷി പിന്നീട് ഓപ്പോയ്ക്ക് കൊടുത്തു. ഇതുവഴി അവർ സ്വന്തം വെയറബിൾ ഉപകരണം നിർമിച്ചുവെന്നും ആപ്പിൾ പരാതിയിൽ പറഞ്ഞു. തങ്ങളുടെ പ്രധാന എതിരാളികളൊരാളായ സ്ഥാപനത്തിലേക്ക് മാറാനൊരുങ്ങുന്ന വിവരം മറച്ചുവെച്ച് ഷി ആപ്പിൾ വാച്ച് ടെക്‌നിക്കൽ ടീം അംഗങ്ങളുടെ യോഗങ്ങളിൽ പങ്കെടുത്തുവെന്നും നടന്നുകൊണ്ടിരുന്ന ഗവേഷണങ്ങളെ കുറിച്ച് മനസിലാക്കിയെന്നും ആപ്പിൾ പറയുന്നു.
കൂടാതെ ആപ്പിൾ വിടുന്നതിന് മൂന്ന് ദിവസങ്ങൾക്ക് മുമ്പ് ഒരു അർധരാത്രി ഒരു സംരക്ഷിതമായ ബോക്‌സ് ഫോൾഡറിൽ നിന്ന് 63 രേഖകൾ ഷി ഡൗൺലോഡ് ചെയ്‌തെടുത്തുവെന്നും പോകുന്നതിന് ഒരു ദിവസം മുമ്പ് ഈ രേഖകൾ ഒരു യുഎസ്ബി ഡ്രൈവിലേക്ക് പകർത്തിയെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
അതേസമയം 2020 ലാണ് ചെൻ ഷി ആപ്പിളിലെത്തിയത്. ഇയാൾ റിസൈൻ ചെയ്യുന്നതിന്റെ കാരണമായി സഹപ്രവർത്തകരോട് പറഞ്ഞത് പ്രായമായ മാതാപിതാക്കളെ നോക്കാൻ ചൈനയിലേക്ക് തിരികെ പോവുകയാണെന്നാണ്. എന്നാൽ പുതിയ കമ്പനിയിലേക്ക് പോവുന്ന വിവരം ഷി മറച്ചുവെച്ചു. പിന്നാലെ, സിലിക്കൺ വാലിയിലെ തന്നെ ഓപ്പോ റിസർച്ച് ഹബ്ബിൽ ഷി ചേർന്നു. ആപ്പിളിൽ പ്രവർത്തിക്കുന്ന സമയത്ത് തന്നെ ഓപ്പോയുടെ ഉദ്യോഗസ്ഥരുമായി ഷി നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്ന് ആപ്പിൾ ആരോപിക്കുന്നു.
വിവിധ ഇന്റേണൽ മെറ്റീരിയലുകൾ പരിശോധിച്ചുകൊണ്ടിരികുകയാണെന്നും പരമാവധി വിവരങ്ങൾ ശേഖരിക്കാൻ നിരവധി യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ടെന്നും അവ പിന്നീട് പങ്കുവെക്കാമെന്നും ഓപ്പോയുടെ വൈസ് പ്രസിഡന്റിന് അയച്ച സന്ദേശത്തിൽ ഷി എഴുതിയതായും ആപ്പിൾ പറഞ്ഞു. ഇതിന് ഓപ്പോ വൈസ് പ്രസിഡന്റ് ‘ശരി’ എന്ന് മറുപടി നൽകുകയും ചെയ്തു. അതേസമയം ഇതിന് മുമ്പും ചൈനയിലേക്ക് വിവരങ്ങൾ കടത്തിയ ഉദ്യോഗസ്ഥർക്കെതിരെ ആപ്പിൾ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. അതേസമയം, ആപ്പിളിന്റെ ആരോപണങ്ങൾ ഓപ്പോ നിഷേധിച്ചു. ആപ്പിൾ ഉൾപ്പടെ എല്ലാ കമ്പനികളുടേയും വ്യാപാര രഹസ്യങ്ങളെ ബഹുമാനിക്കുന്ന കമ്പനിയാണ് ഓപ്പോയെന്നും. ആപ്പിളിന്റെ രഹസ്യങ്ങൾ ചോർത്താൻ ഓപ്പോ ശ്രമിച്ചിട്ടില്ലെന്നും നിയമനടപടികളുമായി സഹകരിച്ചുവരികയാണെന്നും കമ്പനി വീചാറ്റിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.