തിരുവനന്തപുരം: പേരൂർക്കട എസ്എപി ക്യാംപിൽ പൊലീസ് ട്രെയിനിയായ ആദിവാസി യുവാവ് അരവിന്ദ് ഭവനിൽ എ.ആനന്ദ് ജീവനൊടുക്കുന്നതിന് മിനിറ്റുകൾക്കു മുൻപ് അമ്മയോട് സംസാരിച്ചിരുന്നു. കഴിച്ചോയെന്ന് തിരക്കിയെന്നും ജോലിക്ക് പോകുമ്പോൾ സൂക്ഷിക്കണമെന്ന് സ്നേഹോപദേശം നൽകിയതായും അമ്മ ചന്ദ്രിക പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് ആനന്ദിനെ ബാരക്കിലെ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആനന്ദിന്റെ മരണത്തിൽ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു.
ജാതി വിവേചനവും മാനസികപീഡനവും നേരിട്ടിരുന്നതായി ആനന്ദ് തന്നോട് സൂചിപ്പിച്ചിരുന്നെന്ന് സഹോദരൻ എ.അരവിന്ദ് പറഞ്ഞു. പല ട്രെയ്നികളോടും മോശമായും അധിക്ഷേപിക്കുന്ന തരത്തിലും ഉദ്യോഗസ്ഥർ സംസാരിച്ചിരുന്നതായും പലരും പേടിച്ചിട്ടാണ് പുറത്തു പറയാതിരുന്നതെന്നും അരവിന്ദ് പറഞ്ഞു.മരുന്നും ഭക്ഷണവും കൃത്യസമയത്ത് കഴിക്കണമെന്ന അമ്മയുടെ ഉപദേശത്തിന് താൻ അതൊക്കെ ചെയ്തോളാമെന്നും അമ്മ വിഷമിക്കരുതെന്നുമായിരുന്നു ജീവനൊടുക്കുന്നതിന് അൽപം മുൻപ് ആനന്ദ് മറുപടി നൽകിയത്. ആനന്ദിനോട് സംസാരിച്ച് ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥൻ ചന്ദ്രികയെ ഫോണിൽ വിളിച്ചു. എത്രയും വേഗം ക്യാംപിലേക്ക് വരണമെന്നായിരുന്നു നിർദേശം. മൂത്ത മകനിവിടെ ഇല്ലെന്നും ഒറ്റയ്ക്കു വരാൻ കഴിയില്ലെന്നും പറഞ്ഞതോടെ ആനന്ദിനെ അങ്ങോട്ടേക്ക് അയയ്ക്കാമെന്ന് അദ്ദേഹം പറഞ്ഞു.
‘അങ്ങനെ അച്ചു (ആനന്ദ്) വരുമെന്ന് കരുതി അവന്റെ കിടക്കയും ഷീറ്റുമൊക്കെ മാറ്റി, അവനിഷ്ടപ്പെട്ടതൊക്കെ ഉണ്ടാക്കി വയ്ക്കാനുള്ള ജോലി തുടങ്ങി. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഉദ്യോഗസ്ഥനെ തിരിച്ചു വിളിച്ചു. അവൻ വന്നോളും എന്നായിരുന്നു മറുപടി. പിന്നെ വന്നത് അനക്കമില്ലാതെയാണ്…’– ഇതു പറയുമ്പോൾ ചന്ദ്രിക പൊട്ടിക്കരയുകയായിരുന്നു.