തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം.. കഴിഞ്ഞ 16-ന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച പോത്തൻകോട് വാവറ അമ്പലം സ്വദേശിനിയായ ഹബ്സാ ബീവി (79) ആണ് മരിച്ചത്. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 11 മണിയോടെയാണ് മരണം. ഇതോടെ രണ്ട് ദിവസത്തിനിടെ തലസ്ഥാനത്ത് രണ്ട് പേരാണ് അമീബിക്ക് മസ്തിഷ്ക ജ്വരം മൂലം മരിച്ചത്.
രണ്ടാഴ്ച മുൻപ് പനി വന്നതിനേത്തുടർന്ന് ഹബ്സാ ബീവി പോത്തൻകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മുഖത്ത് നീരും പനിയും കുറയാത്തതിനാൽ ഐസിയുവിൽ തുടരുകയും നാല് ദിവസത്തിനുശേഷം സ്ട്രോക്കിന് സമാനമായ ലക്ഷണങ്ങൾ കണ്ടതോടെ എസ്.യു.ടി. ഹോസ്പിറ്റലിൽ പ്രവേശിക്കുകയുമായിരുന്നു.
തുടർന്നു തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെ വൃക്കകൾ തകരാറിലാവുകയും മൂന്നുതവണ ഡയാലിസിസ് നടത്തുകയും ചെയ്തുവെങ്കിലും പനി കുറയാതിരുന്നതിനാൽ വീണ്ടും വിശദമായി രക്തം പരിശോധിച്ചപ്പോഴാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. ഇവരുടെ കിണറ്റിലെ വെള്ളത്തിൻ്റെ സാമ്പിൾ ആരോഗ്യവകുപ്പ് പരിശോധനയ്ക്കായി എടുത്തിരുന്നു.
അതേസമയം ഈ വർഷം മാത്രം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ 129 ആണ്. ഇതിൽ 41 കേസുകളും ഈ മാസമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ വർഷം 38 പേർക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ചത്. ഇങ്ങനെ രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴും ആരോഗ്യവകുപ്പ് പ്രഖ്യാപിച്ച പഠനം എങ്ങുമെത്താത്ത സ്ഥിതിയിലാണ്. മാത്രമല്ല രോഗികളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള പഠനവും ഇനിയും തുടങ്ങിയിട്ടില്ല. കഴിഞ്ഞ വർഷം ആകെ റിപ്പോർട്ട് ചെയ്തതിനേക്കാൾ കേസുകളാണ് ഈ മാസം മാത്രം കേരളത്തിൽ റിപ്പോർട്ട് ചെയ്തത്.
അതേസമയം ലോകത്ത് അപൂർവ്വമായി മാത്രം റിപ്പോർട്ട് ചെയ്തിരുന്ന രോഗമാണ് കേരളത്തിൽ ദിവസവും രണ്ടും മൂന്നും പേർക്ക് വീതം റിപ്പോർട്ട് ചെയ്യുന്നത്. ഓരോ കേസുകൾ വരുമ്പോഴും പഠനം നടത്തുന്നെന്ന് ആരോഗ്യമന്ത്രി പറഞ്ഞെങ്കിലും ഒന്നരമാസം കഴിഞ്ഞിട്ടും പഠനത്തിൻറെ കാര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ കൈമലർത്തുകയാണ്. രോഗികളുടെ എണ്ണം നിയന്ത്രിക്കുന്നത് സംബന്ധിച്ച് ഡിഎച്ച്എസും ഡിഎംഇയും ഐസിഎംആറും ചേർന്ന് നടത്തുന്ന കേസ് കൺട്രോൾ സ്റ്റഡി ഇപ്പോഴും പ്രാരംഭാവസ്ഥയിലാണ്. പഠനമാതൃക മാത്രമേ ആയിട്ടുള്ളൂ. അതുമാത്രമല്ല രോഗത്തെപ്പറ്റി ഫീൽഡിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ച് തുടങ്ങിയിട്ടില്ല താനും.
അമീബിക് മസ്തിഷ്ക ജ്വരം
നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ, വെർമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്കജ്വരം അഥവാ അമീബിക് മെനിൻജോ എൻസെഫലൈറ്റിസ് ഉണ്ടാകുന്നത്. സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗബാധ ഉണ്ടാകുന്നത്. മൂക്കിനെയും മസ്തിഷ്കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണപടലത്തിലുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ അമീബ തലച്ചോറിലേക്ക് കടന്ന് രോഗകാരണമാവുന്നു.
97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. രോഗം മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരില്ല. രോഗാണുബാധ ഉണ്ടായാൽ അഞ്ച് മുതൽ 10 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്നു.
ലക്ഷണങ്ങൾ
തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട്. കുഞ്ഞുങ്ങളിൽ ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്‌ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങൾ എന്നിവയുണ്ടാകാം. രോഗം ഗുരുതരാവസ്ഥയിലായാൽ ഓർമ്മക്കുറവ്, അപസ്മാരം, ബോധക്ഷയം എന്നിവയുമുണ്ടാകും. ലക്ഷണങ്ങൾ പ്രകടമായാൽ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം.
രോഗം പ്രതിരോധിക്കാം
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ തലമുങ്ങി കുളിക്കുന്നതും വെള്ളത്തിലേക്ക് മുങ്ങാംകുഴി ഇട്ട് ഡൈവ് ചെയ്യുന്നതും ഒഴിവാക്കുക. മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നത് ഒഴിവാക്കുക
നീന്തുന്നവരും നീന്തൽ പഠിക്കുന്നവരും മൂക്കിൽ വെള്ളം കടക്കാതിരിക്കാൻ നോസ് ക്ലിപ്പ് ഉപയോഗിക്കുക.
വാട്ടർ തീം പാർക്കുകളിലെയും സ്വിമ്മിങ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കുക
കിണറുകൾ ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസരണം നിശ്ചിത ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുക. അത് അമീബയെ നശിപ്പിക്കുന്നതിനും അതോടൊപ്പം മഞ്ഞപ്പിത്തത്തെ (ഹെപ്പറ്റൈറ്റിസ് എ) തടയുന്നതിനും സഹായിക്കും.
നീന്തൽ കുളങ്ങളിൽ ആഴ്ചയിൽ ഒരിക്കൽ വെള്ളം പൂർണമായും ഒഴുക്കിക്കളയുക. വശങ്ങളും തറയും ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകുക.
ഫിൽറ്ററുകൾ വൃത്തിയാക്കി ഉപയോഗിക്കുക. പുതിയതായി നിറയ്ക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്യുക.