തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോറിൽ പ്രതികരണവുമായി നടൻ അമിത് ചക്കാലയ്ക്കൽ. കസ്റ്റംസ് വീട്ടിലെത്തി ഗരേജിൽ പരിശോധന നടത്തിയിരുന്നെന്നും തൻറെ ഒരു വാഹനം കൊണ്ടുപോയിയെന്നും നടൻ വെളിപ്പെടുത്തി. തൻറെ ഗരേജിൽ ഒന്നിലധികം വണ്ടികളുണ്ട്. ഈ വണ്ടികൾക്ക് വേണ്ട പാർട്സ് ശരിയാക്കുന്നതുൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ നടത്താറുണ്ട്. കോയമ്പത്തൂർ സംഘത്തിൽ നിന്ന് സാധനങ്ങൾ വാങ്ങിയിട്ടുണ്ട്.
ആ സംഘം ആദ്യം വണ്ടിക്കച്ചവടം അല്ല നടത്തിയിരുന്നത്. വാഹനങ്ങളുടെ പാർട്സ് വിൽക്കുകയായിരുന്നു. ഈ പിടിച്ചെടുത്ത വാഹനങ്ങൾ എല്ലാം എൻറെതല്ല. ഒരു വാഹനം മാത്രമാണ് എൻറേത്. ആ വണ്ടി കഴിഞ്ഞ അഞ്ച് വർഷമായി താൻ ഉപയോഗിക്കുന്നതാണ്. അതുപോലെ സെലിബ്രിറ്റികൾക്ക് വാഹനം എത്തിച്ച് കൊടുക്കാൻ ഇടനിലക്കാരനായി താൻ നിന്നിട്ടില്ല. വണ്ടിയുടെ കണ്ടീഷൻ പരിശോധിക്കാൻ എന്നെ സമീപിക്കാറുണ്ട്. ആ വാഹനങ്ങൾ താൻ ഇൻസ്പെക്ട് ചെയ്യാറുണ്ട്. അതിന് സഹായികളുമുണ്ടെന്നും അമിത് പ്രതികരിച്ചു.
കൂടാതെ സുഹൃത്തുക്കളായ സെലിബ്രിറ്റികൾ മിക്കവരും വാഹനങ്ങൾ എടുക്കുമ്പോൾ തന്നോട് അഭിപ്രായം ചോദിക്കാറുണ്ട്. എന്നാൽ നിലവിൽ ദുൽഖർ സൽമാനുമായും പ്രൃത്വിരാജുമായും ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങളിൽ തനിക്ക് ബന്ധമില്ലെന്നും ആ വാഹനങ്ങൾ കണ്ടിട്ടില്ലെന്നും അമിത് പറഞ്ഞു. അതേസമയം അമിത് ചക്കാലയ്ക്കലിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താൻ നീക്കം ഉണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കൂടാതെ നടന്റെ ബെനാമി ഇടപാടും പരിശോധിക്കും
. കേരളത്തിൽ ആദ്യമായി ഫസ്റ്റ് ഓണർ വാഹനം പിടിച്ചെടുത്തതിൽ അടിമുടി ദുരൂഹതയെന്നും റിപ്പോർട്ട്. കുണ്ടന്നൂരിലെ വർക്ക്ഷോപ്പിൽ നിന്ന് പിടിച്ചെടുത്ത ലാൻഡ് ക്രൂയിസറിൻറെ ആർസി വിലാസം വ്യാജമാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളത്. അസം സ്വദേശി മാഹിൻ അൻസാരിയുടെ പേരിലാണ് വാഹനം. അങ്ങനെയൊരാളില്ലായെന്നും കസ്റ്റംസ് വ്യക്തമാക്കി. അതോടൊപ്പം വണ്ടിയുടെ യഥാർത്ഥ ഉടമയെ കണ്ടെത്താൻ ശ്രമം നടക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.