ഊഹാപോഹങ്ങൾക്കും സംഗീത സ്വർണലിംഗവുമായുള്ള വിവാഹമോചനക്കേസിനുമിടെ പൊതുവേദിയിൽ നടി തൃഷയ്ക്കൊപ്പമെത്തി വിജയ്. നിർമാതാവ് കൽപ്പാത്തി എസ്. സുരേഷിന്റെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനാണ് ഇരുവരും ഒന്നിച്ചെത്തിയത്. ഒരുകാറിൽ, ഒരേ തരത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചെത്തിയ ഇരുവരും വധൂവരന്മാർക്ക് ആശംസകൾ നേർന്ന് കുടുംബാംഗങ്ങൾക്കൊപ്പം ഏറെ നേരം സമയം ചെലവഴിച്ചതിനു ശേഷമാണ് വേദി വിട്ടത്.
ഇതോടെ തൃഷയും വിജയ്‌യും ഒന്നിച്ചെത്തിയ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി വൈറലായിരിക്കുകയാണ്. ഊഹാപോഹങ്ങളും ഇരുവരുമായി ബന്ധപ്പെട്ട വിവാദങ്ങളുമെല്ലാം ശരിയാണെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിൽ കമന്റുകൾ. ഇരുവർക്കുമെതിരെ കടുത്ത വിർമശനവും ഉയരുന്നുണ്ട്. എന്നാൽ ഇരുവരും നല്ല സുഹൃത്തുക്കളാണെന്നും ഇങ്ങനെയൊരു ചടങ്ങിൽ ഒരുമിച്ചെത്തിയതിൽ എന്താണ് തെറ്റെന്ന് ചോദിക്കുന്നവരുമുണ്ട്.
നേരത്തെ വിജയ്‌യുടെ ദാമ്പത്യം തകരാൻ കാരണം തൃഷയാണെന്ന് ആരോപിച്ച് നടന്റെ ആരാധകർ തൃഷയ്ക്കു നേരെ സൈബർ ആക്രമണം നടത്തിയിരുന്നു. അതേസമയം ചെങ്കൽപേട്ട് കുടുംബ കോടതിയിൽ സംഗീത ഫയൽ ചെയ്ത വിവാഹമോചന ഹർജിയിൽ ഏപ്രിൽ 20-ന് നേരിട്ട് ഹാജരാകാൻ വിജയ്‌യോട് കോടതി നിർദേശിച്ചിട്ടുണ്ട്.
വിവാഹമോചന ഹർജിയിൽ ഗുരുതരമായ ആരോപണങ്ങളാണ് വിജയ്‌യ്ക്കെതിരെ സംഗീത ഉന്നയിച്ചിരിക്കുന്നത്. 2021 മുതൽ തങ്ങൾ അകന്നു കഴിയുകയാണെന്നും ഒരു പ്രമുഖ നടിയുമായുള്ള വിജയ്‍യുടെ ബന്ധമാണ് ഇതിന് കാരണമെന്നും ഹർജിയിൽ സംഗീത ആരോപിച്ചിട്ടുണ്ട്. ഈ ബന്ധം തിരിച്ചറിഞ്ഞ സംഗീതയോട് ബന്ധം അവസാനിപ്പിക്കാമെന്നു വിജയ് ഉറപ്പു നൽകിയെന്നും എന്നാൽ വീണ്ടും അത് തുടരുകയായിരുന്നുവെന്നും ആരോപിക്കുന്നു.
1954-ലെ സ്‌പെഷൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു ഇരുവരുടേയും വിവാഹം. ഈ നിയമത്തിലെ 27(1)(എ), 27(1)(ഡി) വകുപ്പുകൾ പ്രകാരമാണ് സംഗീത വിവാഹമോചനത്തിന് ആവശ്യപ്പെട്ടിരിക്കുന്നത്. വിവാഹേതരബന്ധം, ക്രൂരത എന്നീ കാരണങ്ങളാൽ വിവാഹമോചനം തേടാൻ അനുവദിക്കുന്ന വകുപ്പുകളാണ് ഇത്.
അതേസമയം 1999 ഓഗസ്റ്റ് 25-നാണ് വിജയ്‌യും സംഗീതയും വിവാഹിതരായത്. മകൻ ജേസൺ സഞ്ജയ്, മകൾ ദിവ്യ സാഷ എന്നിവർ നിലവിൽ അമ്മയ്ക്കൊപ്പമാണ് നിൽക്കുന്നതെന്നാണ് സൂചനകൾ. വിജയ്‌യുടെ രാഷ്ട്രീയ പരിപാടികളിൽ നിന്നും കുടുംബ ചടങ്ങുകളിൽ നിന്നും ഇവർ വിട്ടുനിൽക്കുന്നത് ആരാധകർക്കിടയിൽ നേരത്തെ തന്നെ ചർച്ചയായിരുന്നു. ഇതിനിടെ കേസ് ഒത്തുതീർപ്പാക്കാൻ വിജയ്‍യുടെ ഭാഗത്തുനിന്ന് ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും, സംഗീത ഹർജി പിൻവലിച്ചിട്ടില്ല.
Cute ‘uh le 😍 pic.twitter.com/w1QBhkvMA9
— Let’s X OTT GLOBAL (@LetsXOtt) March 5, 2026















































