പത്തനംതിട്ട: അടൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന ജോയലിൻറെ മരണത്തിന് പിന്നിൽ സിപിഎം ആണെന്ന ആരോപണവുമായി പിതാവ്. ജോയലിൻറെ മരണത്തിൽ നീതി ലഭിക്കും വരെ നിയമ പോരാട്ടം തുടരുമെന്ന് അച്ഛൻ പറയുന്നു. പാർട്ടി രഹസ്യങ്ങൾ ജോയൽ പുറത്ത് പറയുമോ എന്ന ഭയംമൂലം സിപിഎം പ്രാദേശിക നേതാക്കളാണ് പോലീസ് മർദനത്തിന് ഒത്താശ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്.
അടൂരിലെ മൂന്ന് നേതാക്കക്കും പങ്കുണ്ടെന്നാണ് ജോയലിന്റെ വീട്ടുകാരുടെ ആരോപണം. ജോലിതട്ടിപ്പ് കേസ് പ്രതിയുമായുള്ള ബന്ധം പുറത്തറിയാക്കെ ഇരിക്കാനാണ് നേതാക്കൾ ഇടപെട്ടത് എന്നാണ് ബന്ധുക്കൾ പറയുന്നത്. മർദന ദിവസം രാവിലെ മുൻമന്ത്രി എ.സി.മൊയ്തീൻറെ സ്റ്റാഫംഗം വീട്ടിൽ കയറി മർദിച്ചെന്നും പരാതിയുണ്ട്.
കെടിഡിസിയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ അടൂരിലെ പ്രാദേശിക വനിതാ നേതാവ് ജയസൂര്യയുടെ ഡ്രൈവറായിരുന്നു കുറച്ചുകാലം ജോയൽ. ഒരു സിപിഎം നേതാവ് തന്നെയാണ് ഡ്രൈവറായി ജോയലിനെ നിയോഗിച്ചത്. 2018 ഓഗസ്റ്റിൽ പന്തളത്ത് വച്ച് ജയസൂര്യയെ പിടികൂടുമ്പോൾ ജോയലും ഒപ്പം ഉണ്ടായിരുന്നു. പിന്നീട് ജോയലിനെ വിട്ടയച്ചു. പാർട്ടിയുമായി തെറ്റിയതോടെ തട്ടിപ്പുകാരിയും നേതാക്കളുമായുള്ള അടുപ്പം പുറത്തുവരാതിരിക്കാൻ പോലീസിനെ ഉപയോഗിച്ച് ജോയലിനെ ഉപദ്രവിച്ചു എന്നാണ് ആരോപണം.
അതുപോലെ ജോയലിനെ പോലീസ് പിടികൂടിയ ദിവസം രാവിലെ മന്ത്രി എ.സി.മൊയ്തീൻറെ സ്റ്റാഫംഗം വീട്ടിൽ കയറി മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2020 ജനുവരി ഒന്നിന് പോലീസ് മർദനമേറ്റ നെല്ലിമുകൾ കൊച്ചുമുകൾ ജോയൽ നാല് മാസത്തിന് ശേഷം മേയ് 22നാണ് മരിച്ചത്. സിപിഎം നേതാക്കളുടെ നിർദേശപ്രകാരം ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയെ അടൂർ പോലീസ് ഇടിച്ചുകൊന്നെന്ന കുടുംബത്തിന്റെ ആരോപണം ഇന്നലെയാണ് പുറത്തുവന്നത്.
കസ്റ്റഡി മർദ്ദനത്തെ തുടർന്നാണ് ജോയലിന്റെ മരണം എന്നാണ് കുടുംബം ആരോപിക്കുന്നത്. സിപിഎം നേതാക്കളുടെ നിർദേശപ്രകാരം സി ഐ ആയിരുന്ന യു ബിജുവും സംഘവും അതിക്രൂരമായി മർദ്ദിച്ചെന്നും ഇതേതുടർന്ന് അസുഖബാധിതനായി ജോയൽ മരിച്ചതെന്നും കുടുംബം പറയുന്നു. മർദനം തടയാൻ ചെന്ന ജോയലിന്റെ പിതൃസഹോദരി കെ കെ കുഞ്ഞമ്മയെയും പോലീസ് തല്ലിച്ചതച്ചു. 2020 ൽ നടന്ന സംഭവത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ഏറെ ദുരൂഹതയുള്ള കേസിൽ പുനരന്വേഷണം വേണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. എന്നാൽ ഹൃദയാഘാതത്തെ തുടർന്നാണ് ജോയൽ മരിച്ചതെന്നും പാർട്ടിക്ക് സംഭവവുമായി ഒരു ബന്ധമില്ലെന്നും സിപിഎം നേതൃത്വം പ്രതികരിച്ചു.
സംഭവം ഇങ്ങനെ- 2020ൽ വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തർക്കത്തിലാണ് ജോയലിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. തുടർന്നായിരുന്നു മർദനം. 2020 ജനുവരി ഒന്നിനാണ് ജോയലിന് മർദനമേറ്റത്. ഇതിനുശേഷം ഗുരുതരമായ ശാരീരിക പ്രശ്നങ്ങൾ ജോയൽ നേരിട്ടു. അഞ്ചുമാസമാണ് ചികിത്സയിൽ തുടർന്നത്. മരിക്കുന്നതുവരെ മൂത്രത്തിൽ പഴുപ്പും ചോരയുമായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ശാരീരിക അവശതകളെ തുടർന്ന് 2020 മേയ് 22 നാണ് ജോയൽ മരിച്ചത്.
മരിക്കുമ്പോൾ ജോയൽ ഡിവൈഎഫ്ഐ അടൂർ മേഖലാ സെക്രട്ടറിയായിരുന്നു. ചില നേതാക്കൾക്കെതിരെ ജോയൽ പ്രതികരിച്ചതാണ് വിരോധത്തിന് കാരണമെന്നും പിതൃസഹോദരിയായ കെകെ കുഞ്ഞമ്മ ആരോപിച്ചു. അന്നത്തെ സിഐ യു ബിജുവും സംഘവും ചേർന്നാണ് ജോയലിനെ മർദിച്ചത്. ശ്രീകുമാർ എന്ന പോലീസുകാർ മുട്ടുകൊണ്ട് ഇടിച്ച് ചതച്ചു. അവൻ ഇടിയേറ്റ് തെറിച്ചുവീണു. തടയാൻ ചെന്ന തന്നെയും പോലീസ് അടിച്ചു. ഈ സംഭവത്തിൽ കേസിനോ, വഴക്കിനോ പോയാൽ നൂറു കേസ് ചുമത്തുമെന്ന് പറഞ്ഞ് അന്നത്തെ അടൂർ സിഐ യു ബിജു ഭീഷണിപ്പെടുത്തിയെന്നും കെകെ കുഞ്ഞമ്മ പറയുന്നു.
അതേസമയം ജോയലിൻറെ പിതാവിൻറെ ഹർജിയിൽ ഈ മാസം 29ന് ആരോപണ വിധേയരായ പോലീസുകാർ പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകണം.















































