കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന മുഖ്യപ്രതി പൾസർ സുനിയുടെ യാത്ര ആഡംബര കാറിലാണെന്ന് പോലീസ് കണ്ടെത്തൽ. അതേസമയം ജാമ്യത്തിലിറങ്ങിയ ശേഷമുള്ള ഇടപാടുകളിൽ പോലീസ്അന്വേഷണം തുടങ്ങി. ജാമ്യത്തിൽ ഇറങ്ങിയശേഷം ഉപയോഗിച്ചിരുന്നത് എറണാകുളം സ്വദേശിയുടെ പേരിലെടുത്ത കാറാണെന്നും കണ്ടെത്തൽ. എന്നാൽ വാഹനം പണയത്തിന് എടുത്തതാണെന്നാണ് പൾസർ സുനിയുടെ മൊഴി.
തനിക്ക് കാർ എടുക്കാൻ വേണ്ടി അമ്മയെ കൊണ്ട് ലോൺ എടുപ്പിച്ചു എന്നാണ് പൾസർ സുനിയുടെ മൊഴി. രണ്ടരലക്ഷം രൂപയ്ക്കാണ് കാർ പണയത്തിന് എടുത്തത്. അതേസമയം പൾസർ സുനി കൂടുതലും വാട്സ്ആപ്പ് കോളുകളാണ് വിളിച്ചിരുന്നതെന്നും പോലീസ് കണ്ടെത്തി. സുനിയുടെ പണമിടപാടുകളുടെ വിവരങ്ങളും പോലീസ് അന്വേഷിക്കും.
അതോസമയം ഹോട്ടലിൽ അതിക്രമം നടത്തിയ കേസിൽ പൾസർ സുനിയെ സ്റ്റേഷൻ ജാമ്യത്തിൽ തിങ്കളാഴ്ച വിട്ടിരുന്നു. ജാമ്യത്തിലിറങ്ങിയ സുനിയെ നിരീക്ഷിക്കാൻ പോലീസിന് നിർദേശമുണ്ട്. ഹോട്ടലിൽ അതിക്രമം നടത്തിയ കേസിൽ കൂടി ഉൾപ്പെട്ടതിനാൽ നടിയെ ആക്രമിച്ച കേസിലെ സുനിയുടെ ജാമ്യം റദ്ദാക്കുന്നതിനായി കോടതിയെ സമീപിക്കാനാണ് ഇപ്പോൾ അന്വേഷണ സംഘത്തിന്റെ തീരുമാനം. അന്വേഷണ സംഘം ഇത് സംബന്ധിച്ച് വിചാരണ കോടതിയിൽ റിപ്പോർട്ട് നൽകിയേക്കുമെന്നാണ് അറിയുന്നത്. ജാമ്യത്തിൽ ഇറങ്ങിയ ശേഷവും ഇയാൾ മറ്റൊരു കേസിൽ പ്രതിയായ കാര്യം അന്വേഷണസംഘം കോടതിയെ അറിയിക്കും. പൾസർ സുനിയുടെ ജാമ്യം റദ്ദാക്കി ജയിലിൽ അടയ്ക്കണമെന്ന് ആവശ്യപ്പെടുമെന്നുമാണ് വിവരം.