കാബൂൾ: അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾ ഉൾപെടെ എട്ടുപേർ കൊല്ലപ്പെട്ടു. കബീർ, സിബ്ഗത്തുള്ള, ഹാരൂൺ എന്നിവരാണ് മരിച്ചത്. പാക്കിസ്ഥാൻ അതിർത്തിയിലെ കിഴക്കൻ പക്തിക പ്രവിശ്യയിലെ ഷരണയിൽ സൗഹൃദ മത്സരത്തിൽ പങ്കെടുക്കാനായി ഉർഗുണിൽ നിന്നെത്തിയതാണ് താരങ്ങളെന്നു അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (എസിബി) അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ട് മത്സരത്തിനിടെയുള്ള ഒത്തുചേരൽ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് താരങ്ങളുടെ ദാരുണാന്ത്യം. ഇവരെക്കൂടാതെ മറ്റ് അഞ്ച് പേരും ഇതേ വ്യോമാക്രമണത്തിലാണ് കൊല്ലപ്പെട്ടത്.
അതേസമയം ശ്രീലങ്കയിൽവച്ച് നടക്കുന്ന പാക്കിസ്ഥാൻ ഉൾപ്പെടുന്ന ത്രിരാഷ്ട്ര പരമ്പരയിൽനിന്ന് അഫ്ഗാനിസ്ഥാൻ പിന്മാറി. പാക്കിസ്ഥാൻ വ്യോമാക്രമണത്തെ തുടർന്നാണു മത്സരത്തിൽ നിന്നു അഫ്ഗാൻ പിന്മാറിയത്. ക്രിക്കറ്റ് താരങ്ങളുടെ മരണത്തിൽ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അനുശോചനം രേഖപ്പെടുത്തി. ‘‘പാക്കിസ്ഥാൻ ഭരണകൂടം നടത്തിയ ഭീരുത്വം നിറഞ്ഞ ആക്രമണത്തിൽ കൊല്ലപ്പെട്ട പക്തിക പ്രവിശ്യയിലെ ഉർഗുൻ ജില്ലയിലെ ധീരരായ ക്രിക്കറ്റ് കളിക്കാരുടെ ദാരുണമായ രക്തസാക്ഷിത്വത്തിൽ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. ’’– എക്സിലെ പോസ്റ്റിൽ എബിസി പറഞ്ഞു.
‘‘അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ സിവിലിയൻമാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ വളരെയധികം ദുഃഖമുണ്ട്. ലോക വേദിയിൽ തങ്ങളുടെ രാജ്യത്തെ പ്രതിനിധീകരിക്കാൻ സ്വപ്നം കണ്ട സ്ത്രീകൾ, കുട്ടികൾ, യുവ ക്രിക്കറ്റ് താരങ്ങൾ എന്നിവരുടെ ജീവൻ അപഹരിച്ച ദുരന്തമാണിത്. സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വയ്ക്കുന്നത് തികച്ചും അധാർമികവും ക്രൂരവുമാണ്. ഏത്തരം അന്യായവും നിയമവിരുദ്ധവുമായ പ്രവർത്തനങ്ങൾ മനുഷ്യാവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണ്. ഇത് ആരും അറിയാതെ പോകരുത്.’’– അഫ്ഗാൻ ക്യാപ്റ്റൻ റാഷിദ് ഖാൻ കുറിച്ചു. അതുപോലെ ദേശീയ താരങ്ങളായ മുഹമ്മദ് നബി, ഫസൽഹഖ് ഫറൂഖി എന്നിവരും പാക്ക് ആക്രമണത്തെ അപലപിച്ചു.
അതേസമയം വെള്ളിയാഴ്ച, പക്തിക പ്രവിശ്യയിൽ പാക്കിസ്ഥാൻ ഒട്ടേറെ വ്യോമാക്രമണങ്ങൾ നടത്തിയതായി അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ കരാർ പാക്കിസ്ഥാൻ ലംഘിച്ചെന്നും അഫ്ഗാനിസ്ഥാൻ പറഞ്ഞു. ഉർഗുൺ, ബർമൽ ജില്ലകളിലെ ജനവാസ മേഖലകളെ ലക്ഷ്യമിട്ടാണ് വ്യോമാക്രമണം നടത്തിയതെന്നും ഇത് സിവിലിയന്മാർക്ക് കാര്യമായ നാശനഷ്ടങ്ങൾ വരുത്തിയെന്നും അഫ്ഗാനിസ്ഥാനിലെ ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു. ദിവസങ്ങൾ നീണ്ടുനിന്ന അതിർത്തി കടന്നുള്ള ഏറ്റുമുട്ടലുകൾക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ 48 മണിക്കൂർ വെടിനിർത്തൽ കരാർ ഒപ്പിട്ടതിനു പിന്നാലെയാണ് ആക്രമണങ്ങൾ ഉണ്ടായത്. അതിർത്തി കടന്നുള്ള സംഘർഷങ്ങൾ തടയുന്നതിനും സംഘർഷം ലഘൂകരിക്കുന്നതിനുമായി നടന്നുകൊണ്ടിരിക്കുന്ന ദോഹ ചർച്ചകൾ അവസാനിക്കുന്നതുവരെ വെടിനിർത്തൽ നീട്ടണമെന്ന് പാകിസ്ഥാൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ദോഹയിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾ അവസാനിക്കുന്നതുവരെ വെടിനിർത്തൽ നീട്ടാൻ കാബൂൾ നിർദ്ദേശം അംഗീകരിച്ചതായി റിപ്പോർട്ടുണ്ട്. ഇരുപക്ഷവും തമ്മിലുള്ള ചർച്ചകൾ ഇന്നു ആരംഭിക്കും.