കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിവേഗ അപ്പീൽ നീക്കവുമായി സംസ്ഥാന സർക്കാർ. ദിലീപ് അടക്കമുള്ളവരെ വെറുതെ വിട്ടുള്ള വിചാരണക്കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നതിനായി ഇന്നുതന്നെ നടപടികൾ തുടങ്ങും. ഇതിനായി അപ്പീൽ നടപടികൾക്ക് ശുപാർശ ചെയ്ത് സ്പെഷൽ പ്രോസിക്യൂട്ടർ സർക്കാരിന് കത്ത് നൽകി. പ്രോസിക്യൂട്ടറുടെ അപേക്ഷ കിട്ടിയാൽ നിയമോപദേശം നൽകുമെന്ന് ഡിജിപി ഇന്നലെത്തെ അറിയിച്ചിരുന്നു. അപ്പീൽ സാധ്യത പരിശോധിച്ച് ഉടൻ ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം. ഇതിനിടെ അതിജീവിതയ്ക്ക് പിന്തുണയുമായി കൂടുതൽ നടിമാർ രംഗത്തുവന്നു.
അതേസമയം വിധിന്യായത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. അതിജീവിത ദിലീപിനെതിരെ നടത്തിയ വെളിപ്പെടുത്തലുകൾക്ക് തെളിവില്ലായെന്നാണ് കോടതിയുടെ കണ്ടെത്തൽ, ചില കാര്യങ്ങൾ അതിജീവിത പറഞ്ഞത് വിശ്വാസയോഗ്യമല്ലെന്നും വിധിന്യായത്തിൽ പറയുന്നു.
വിധിന്യായം ഇങ്ങനെ-
ആക്രമിക്കപ്പെട്ട നടിയോട് നടൻ ദിലീപിന് തീർത്താൽ തീരാത്ത ശത്രുതയുണ്ടായിരുന്നെന്ന പ്രോസിക്യൂഷൻ വാദത്തിന് തെളിവില്ലെന്നാണ് കോടതിയുടെ ഒരു കണ്ടെത്തൽ. അതുപോലെ അതിജീവിതയുടെ അവസരങ്ങൾ ദിലീപ് ഇടപെട്ട് ഇല്ലാതാക്കി എന്നത് തെളിയിക്കാനായില്ല. യൂറോപ്യൻ യാത്രയ്ക്കിടെ ദിലീപുമായി സംസാരിച്ചിരുന്നില്ലെന്ന നടിയുടെ മൊഴി വിശ്വസനീയമല്ലെന്നും വിചാരണ കോടതിയുടെ വിധി ന്യായത്തിൽ പറയുന്നു.
കാവ്യ മാധവനുമായി അക്കാലത്തുണ്ടായിരുന്ന ബന്ധത്തെപ്പറ്റി ഭാര്യയായിരുന്ന മഞ്ജു വാര്യരോട് പറഞ്ഞതിലുള്ള കടുത്ത വിരോധത്തെത്തുടർന്നാണ് ദിലീപ് പൾസർ സുനിക്ക് ക്വട്ടേഷൻ കൊടുത്തത് എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. എന്നാൽ നടിയുമായി ദിലീപിന് അത്ര അടുപ്പമുണ്ടായിരുന്നില്ലെങ്കിലും ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുക്കാൻ മാത്രമുള്ള ശത്രുതയ്ക്ക് തെളിവില്ലെന്നാണ് വിധിന്യായത്തിലുള്ളത്. വൈരാഗ്യത്തെത്തുടർന്ന് നടിയുടെ സിനിമാ അവസരങ്ങൾ ദീലിപ് നിഷേധിച്ചെന്ന ആരോപണവും ശരിയല്ല. വർഷം രണ്ടോ മൂന്നോ സിനിമകളിൽ അഭിനയിച്ചിരുന്നതായി നടി തന്നെ പറയുന്നുണ്ട്. അവസരം നിഷേധിച്ച എതെങ്കിലും പ്രോജക്ടുകൾ, സംഭവങ്ങൾ കോടതിമുറിയിൽ കൃത്യമായി സ്ഥാപിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. അതുപോലെ 2012ലെ യൂറോപ്യാൻ സ്റ്റേജ് ഷോയ്ക്കിടെ ദിലീപ് ഭീഷണിപ്പെടുത്തി എന്നതിനും തെളിവില്ലെന്നും വിധിന്യായത്തിൽ പറയുന്നുണ്ട്.


















































