കൊച്ചി: 2023ലെ കോഴിക്കോട് എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയായ ഷാരൂഖ് സൈഫി, അവിശ്വാസികളെ കൊല്ലുന്നത് തന്റെ പാപങ്ങൾക്ക് മോചനം നേടാനുള്ള മാർഗമാണെന്ന് വിശ്വസിച്ചാണ് ട്രെയിനിന് തീവെച്ചതെന്ന് എൻഐഎ (ദേശീയ അന്വേഷണ ഏജൻസി) കോടതിയെ അറിയിച്ചതായി ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. കേസിൽ വിചാരണ ആരംഭിക്കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി എൻഐഎ കോടതിയിൽ പ്രതി കഴിഞ്ഞ മാസം സമർപ്പിച്ച ജാമ്യാപേക്ഷയ്ക്കുള്ള മറുപടിയായാണ് കോടതി സത്യവാങ്മൂലം സമർപ്പിച്ചത്. പ്രതിയുടെ ഹർജി കോടതി തള്ളുകയും ചെയ്തു.
2023 ഏപ്രിലിൽ ആലപ്പുഴ- കണ്ണൂർ എക്സ്പ്രസിൽ പെട്രോൾ ഒഴിച്ച് കോച്ച് കത്തിച്ചതിന് സൈഫി അറസ്റ്റിലായിരുന്നു. എന്നാൽ അറസ്റ്റിനുള്ള കാരണം രേഖാമൂലം അറിയിക്കാതെ 2023 ഏപ്രിൽ 6 ന് തന്നെ അറസ്റ്റ് ചെയ്തതായി കാണിച്ച് സൈഫി ഹർജി കോടതിയിൽ ഫയൽ ചെയ്തിരുന്നു. മാത്രമല്ല കൂടുതൽ അന്വേഷണം നടക്കുന്നതിനാൽ, സമീപഭാവിയിൽ വിചാരണ ആരംഭിക്കാനുള്ള സാധ്യതയില്ലെന്ന് പ്രതി ചൂണ്ടിക്കാട്ടി.
ഇതിലാണു എൻഐഎ സത്യവാങ്മൂല സമർപ്പിച്ചത്. പ്രതിക്ക് തന്റെ ജീവിതശൈലിയിൽ പശ്ചാത്താപം തോന്നിയെന്നും ഒരു യഥാർത്ഥ മുസ്ലീം ആകാൻ ആഗ്രഹിച്ചുവെന്നും എൻഐഎ പറഞ്ഞു. ഇതിനായി, തീവ്ര ഇസ്ലാമിക പ്രബോധകർ പ്രചരിപ്പിക്കുന്ന അക്രമാസക്തമായ ജിഹാദിനെക്കുറിച്ച് പഠിക്കാൻ ഓൺലൈൻ തിരഞ്ഞു. തന്റെ പാപങ്ങൾക്ക് മോചനം നേടാനുള്ള ഏറ്റവും ചെറിയ മാർഗമായി കാഫിറുകളെ (അവിശ്വാസികളെ) കൊല്ലുകയാണെന്ന് പ്രതി തീരുമാനിച്ചു. തുടർന്നാണ് ട്രെയിനിന് തീവെക്കാൻ പദ്ധതിയിട്ടതെന്നും എൻഐഎ മറുപടിയിൽ പറഞ്ഞു.
എന്നാൽ തന്നെ പെട്ടെന്ന് തിരിച്ചറിയാതിരിക്കാനായാണ് പ്രതി കേരളം തെരഞ്ഞെടുത്തത്. 2023 മാർച്ച് 31 ന് ദില്ലിയിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനിൽ കയറിയെന്നും ഏജൻസി പറഞ്ഞു. 2023 ഏപ്രിൽ 2 ന് അദ്ദേഹം ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ എത്തി. അവിടെ ഒരു പമ്പിൽ നിന്ന് കുപ്പിയിൽ പെട്രോൾ വാങ്ങി. റെയിൽവേ സ്റ്റേഷന് മുന്നിലുള്ള ഒരു ബങ്കർ ഷോപ്പിൽ നിന്ന് ഒരു ലൈറ്ററും വാങ്ങി. തുടർന്ന് കറുത്ത ബാക്ക്‌പാക്കിൽ പെട്രോളും ലൈറ്ററും ഒളിപ്പിച്ച്, ടിക്കറ്റില്ലാതെ സൈഫി ട്രെയിനിൽ കയറിയതായി എൻഐഎ പറഞ്ഞു.
അതേസമയം ഇയാളുടെ ബാഗിൽ നിന്ന് കണ്ടെടുത്ത റൈറ്റിംഗ് പാഡിൽ കഴക്കൂട്ടം, തിരുവനന്തപുരം, കോളച്ചൽ, കന്യാകുമാരി, കോവളം തുടങ്ങി കേരളത്തിലെയും തമിഴ്‌നാട്ടിലെയും സ്ഥലങ്ങളുടെ പേരുകൾ ഉണ്ടായിരുന്നു. സൈഫിയുടെ ഇമെയിൽ, സോഷ്യൽ മീഡിയ ഡാറ്റകളും എൻഐഎ ശേഖരിച്ചു. സാക്കിർ നായിക് പോലുള്ള തീവ്ര ഇസ്ലാമിക പ്രഭാഷകരെയും ഡോ. ഇസ്രാർ അഹമ്മദ്, താരിഖ് ജാമിൽ, മുഫ്തി താരിഖ് മസൂദ്, തൈമൂർ അഹമ്മദ് തുടങ്ങിയ പാകിസ്ഥാൻ ആസ്ഥാനമായുള്ള മതപ്രഭാഷകരെയും അയാൾ പതിവായി നിരീക്ഷിച്ചിരുന്നതായി കണ്ടെത്തി.
വിചാരണ വൈകിപ്പിക്കാൻ പ്രതി മാനസിക രോഗത്തെക്കുറിച്ച് ആവർത്തിച്ച് തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ചതായി ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള കോടതി ചൂണ്ടിക്കാട്ടി. കാലതാമസത്തിന് പ്രോസിക്യൂഷനെയോ കോടതിയെയോ സംവിധാനത്തെയോ കുറ്റപ്പെടുത്താൻ കഴിയില്ല. ഹർജിക്കാരൻ സഹകരിക്കാൻ തയ്യാറാണെങ്കിൽ, വിചാരണ വേഗത്തിലാക്കാൻ കഴിയുമെന്ന് കോടതി നിരീക്ഷിച്ചു.


















































