എമ്പുരാൻ സിനിമയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളുടെ അലയൊലികൾ ഇതുവരെ അടങ്ങിയിട്ടില്ല. അതിനിടെ ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ ആശിർവാദ് സിനിമാസ് പങ്കുവച്ചിരിക്കുന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ഫ്രാങ്ക്ലിൻ ഡി റൂസ്‌വെൽറ്റിന്റെ വാക്കുകളാണ് പോസ്റ്റായി പങ്കുവച്ചിരിക്കുന്നത്.
“ലോകത്ത് എല്ലായിടത്തും സംസാര സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഉറപ്പാക്കണം. ഓരോ വ്യക്തിക്കും സ്വന്തം രീതിയിൽ ദൈവത്തെ ആരാധിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണം. ഇല്ലായ്മകളിൽ നിന്നും ഭയത്തിൽ നിന്നുമുള്ള സ്വാതന്ത്ര്യം ഉറപ്പാക്കണം. ഇത് ഏതെങ്കിലും വിദൂര സഹസ്രാബ്ദത്തിൽ സാധ്യമാകേണ്ട ഒന്നല്ല, അത് നമ്മുടെ സമയത്തും തലമുറയിലും പ്രാപ്യമാവേണ്ട ലോകത്തിന്റെ അടിത്തറയാണ്”. –
എമ്പുരാൻ വിവാദത്തിലും അണിയറപ്രവർത്തകർക്കെതിരായ സൈബർ ആക്രമണത്തിലും പ്രതികരണവുമായി നിർമാതാവ് ആന്റണി പെരുമ്പാവൂർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിരാജിനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞു.
അതേസമയം സിനിമ തനിക്കിഷ്ടപ്പെട്ടെന്നു നടി ഷീല കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മാങ്ങയുള്ള മരത്തിലെ ആളുകൾ കല്ലെറിയൂവെന്നും തനിക്ക് ആ സിനിമ വളരെ ഇഷ്ടപ്പെട്ടുവെന്നും എമ്പുരാൻ നല്ല സിനിമയാണ്. രാഷ്ട്രീയവും അങ്ങനെ ഒരുപാട് കാര്യങ്ങളുമുള്ള സിനിമയാണ് ഇത്. ആ സിനിമ കൊള്ളില്ലെന്ന് പറയുന്നത് ഒരിക്കലും ശരിയല്ല. ഒരു സിനിമ ഉണ്ടാകുമ്പോൾ എത്ര പേർക്ക് ജോലി കിട്ടുന്നതാണ്. കൊള്ളില്ലെന്ന് ഒറ്റ വാക്കിൽ പറയുമ്പോൾ അത് വലിയ തെറ്റാണ്. ഒരു ഇംഗ്ലീഷ് പടം പോലെയാണ് എമ്പുരാന്റെ ഓരോ ഷോട്ടും പൃഥ്വിരാജ് എടുത്തിരിക്കുന്നത്. ചെറിയ ഗ്രാമങ്ങളിൽ പോലും ഹൗസ്ഫുൾ ഷോയായി അത് ഓടിക്കൊണ്ടിരിക്കുകയാണ്. ഇവരിത് കൊള്ളില്ലെന്ന് പറയുമ്പോൾ അത് ഫ്രീയായിട്ടുള്ള പബ്ലിസിറ്റിയാണെന്നും ഷീല പറഞ്ഞു.