റാന്നി: പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അയിരൂർ നോർത്ത് ചെറുകോൽപ്പുഴ ഇടത്തറമൺ മുണ്ടപ്ളാക്കൽ വീട്ടിൽ എം.പി അജിത്ത് (31)ആണ് ഇലവുംതിട്ട പൊലീസിൻറെ പിടിയിലായത്. പെൺകുട്ടിയെ കാറിനുള്ളിൽ കയറ്റി ദേഹത്ത് കടന്നുപിടിച്ച് അതിക്രമം കാട്ടുകയും അപമാനിക്കുകയും ചെയ്തെന്ന പരാതിയിലാണ് നടപടി. ഇന്നലെ രാവിലെ 8.15ന് പെൺകുട്ടി സ്കൂളിൽ പോകുന്ന വഴി പുതിയത്തു പടിക്കൽ ബസ് സ്റ്റോപ്പിന് സമീപത്ത് വച്ചാണ് യുവാവ് ആക്രമിച്ചത്.
പെൺകുട്ടിയെ ബലമായി കാറിൽ പിടിച്ചുകയറ്റിയശേഷം പ്രതി അതിക്രമം കാട്ടുകയായിരുന്നു. യുവാവിൻറെ കൈ അമർത്തിപ്പിടിച്ചപ്പോൾ നഖം കൊണ്ട് പെൺകുട്ടിക്ക് മുറിവേറ്റു. സംഭവത്തിൽ കുട്ടി പൊലീസിന് കഴിഞ്ഞ ദിവസം മൊഴി നൽകി. പെൺകുട്ടിക്ക് മാനഹാനിയും അപമാനവും ഉണ്ടാക്കിയെന്നതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തത്. പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ അയിരൂർ നിന്നുമാണ് പ്രതി പിടിയിലാകുന്നത്.
വൈദ്യപരിശോധനക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു. ഇയാളുടെ ചിത്രം മൊബൈൽ ഫോണിൽ അയച്ചുകൊടുത്ത് പെൺകുട്ടി തിരിച്ചറിഞ്ഞു. തുടർന്ന് രാവിലെ 10 ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. അജിത്ത് കുട്ടിയെ കയറ്റിക്കൊണ്ടുപോയ കാർ പിടിച്ചെടുത്തിട്ടുണ്ട്. തുടർ നടപടികൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. ലവുംതിട്ട എസ് ഐ കെ.എൻ അനിൽ കുമാറിൻറെ നേതൃത്വത്തിലാണ് പ്രതിയെ പൊക്കിയത്.