ഹൈദരാബാദ്: ഇപ്രാവശ്യം ലോക സുന്ദരി മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത് തെലങ്കാനയാണ്. മെയ് 10-ന് സൗന്ദര്യ മത്സരത്തിന്റെ ഉദ്ഘാടനം ഹൈദരാബാദില്‍ നടന്നിരുന്നു. മെയ് 31-ന് ഹൈദരാബാദില്‍ തന്നെയാണ് ഫൈനല്‍ നടക്കുക. ഇതിന് മുന്നോടിയായി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറിലധികം മത്സരാര്‍ഥികള്‍ തെലങ്കാനയിലെത്തി. ഈ മത്സരാര്‍ഥികളെല്ലാം തങ്ങളുടെ രാജ്യത്തിന്റെ പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ മിസ് വേള്‍ഡ് മത്സരവുമായി ബന്ധപ്പെട്ട ഒരു വീഡിയോ വിവാദമായിരിക്കുകയാണ്.
മത്സരത്തിന് മുന്നോടിയായി ഇവര്‍ തെലങ്കാനയിലെ പ്രശസ്തമായ മുളുകു ജില്ലയിലെ രാമപ്പ ക്ഷേത്രവും വാറങ്കലിലെ തൗസണ്ട് പില്ലര്‍ ക്ഷേത്രവും സന്ദര്‍ശിച്ചിരുന്നു. ഫൈനലിന് മുന്നോടിയായി തെലങ്കാന ടൂറിസം വകുപ്പ് സംഘടിപ്പിച്ചതായിരുന്നു മത്സരാര്‍ഥികളുടെ ഈ ക്ഷേത്ര സന്ദര്‍ശനം. ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് മുമ്പായി മത്സരാര്‍ഥികള്‍ വെള്ളംകൊണ്ട് കാല്‍ കഴുകുകയും ടവ്വല്‍ കൊണ്ട് തുടക്കുകയും ചെയ്തു. എന്നാല്‍ ഇതില്‍ ചിലരുടെ കാലുകള്‍ വളന്റിയര്‍മാര്‍ കഴുകി കൊടുക്കുകയും തുടച്ചുകൊടുക്കുകയും ചെയ്തു.
ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. ജാതിപരവും വംശീയപരവുമാണ് ഈ പ്രവൃത്തിയെന്നും ഇതിനെ അംഗീകരിക്കാനാവില്ലെന്നും ചിലര്‍ കുറിച്ചു. ഇപ്പോഴും കോളനി വാഴ്ച്ചയുടെ കാലമാണ് എന്നാണ് ചിലര്‍ വിശ്വസിക്കുന്നത് എന്നായിരുന്നു മറ്റൊരു പ്രതികരണം.