കേന്ദ്രപാര: ഒഡിഷയിൽ ബ്രാഹ്മണി നദിയിൽ 73 എരുമകൾ കൂട്ടത്തോടെ മുങ്ങിച്ചത്തു. ഓൾ ബ്ലോക്കിന് കീഴിലുള്ള ഏകമാനിയ ഗ്രാമത്തിനടുത്താണ് ദാരുണ സംഭവം. മത്സ്യബന്ധനത്തിനായി നദിയിലെ വെള്ളത്തിൽ വിഷം കലർത്തിയെന്ന ആരോപണത്തെത്തുടർന്ന്, വെറ്ററിനറി ഉദ്യോഗസ്ഥർ എരുമകൾ ചത്തതിന് പിന്നിലെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. എന്നാൽ കൂട്ടത്തോടെ നദിയിലിറങ്ങിയ പോത്തുകൾ മുതലകളെ കണ്ടതിനെ തുടർന്ന് തിക്കിലും തിരക്കിലും പെടുകയായിരുന്നുവെന്നും പറയുന്നു. ഏകദേശം 88 എരുമകളാണ് വെള്ളത്തിലിറങ്ങിയത്. അതിൽ 73 എരുമകൾ ചത്തു.
പ്രാഥമിക അന്വേഷണത്തിൽ തിക്കിലും തിരക്കിലും പെട്ട് 73 എരുമകൾ നദിയിൽ മുങ്ങി ചത്തതായി ചില ദൃക്‌സാക്ഷികൾ പറഞ്ഞതായി കേന്ദ്രപാറ ചീഫ് ജില്ലാ വെറ്ററിനറി ഓഫീസർ (സിഡിവിഒ) മനോജ് കുമാർ പട്‌നായിക് പറഞ്ഞു. കട്ടക്കിലെ ഫുൽനഖരയിലുള്ള മൃഗരോഗ ഗവേഷണ സ്ഥാപനത്തിലെ (എഡിആർഐ) വെറ്ററിനറി ഉദ്യോഗസ്ഥരുടെയും ശാസ്ത്രജ്ഞരുടെയും സംഘം അന്വേഷണത്തിനായി തിങ്കളാഴ്ച ഏകമാനിയ ഗ്രാമത്തിലെത്തി.
എരുമകൾ കൂട്ടത്തോടെ ചത്തതിന്റെ കൃത്യമായ കാരണം ഇപ്പോഴും വ്യക്തമല്ല, സംഭവം അന്വേഷണത്തിലാണ്. ഇതുവരെ 44 എരുമകളുടെ ശവശരീരങ്ങൾ കണ്ടെടുത്തു. അന്വേഷണം പുരോഗമിക്കുമ്പോൾ കൃത്യമായ എണ്ണവും മറ്റ് വിശദാംശങ്ങളും ലഭിക്കുമെന്നും പട്നായിക് പറഞ്ഞു.
മത്സ്യം പിടിയ്ക്കാൻ ചില മത്സ്യത്തൊഴിലാളികൾ നദിയിലെ വെള്ളത്തിൽ വിഷം കലർത്തിയതായി നാട്ടുകാർ ആരോപിച്ചതായി സിഡിവിഒ പറഞ്ഞു. വിഷമുള്ള വെള്ളം കുടിച്ചാണ് പോത്തുകൾ ചത്തതെന്ന് പറയപ്പെടുന്നു. എഡിആർഐയിലെ ശാസ്ത്രജ്ഞർ നദിയിൽ നിന്ന് വെള്ളം ശേഖരിച്ച് പരിശോധിച്ചു. ചത്ത എരുമകളിൽ ചിലതിന്റെ പോസ്റ്റ്‌മോർട്ടം വെറ്ററിനറി ഡോക്ടർമാരുടെ സംഘം നടത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, എരുമ ഉടമകൾ സർക്കാരിൽ നിന്ന് മതിയായ നഷ്ടപരിഹാരം ആവശ്യപ്പെട്ടു. സംഭവത്തിൽ തനിക്ക് 40 എരുമകളെ നഷ്ടപ്പെട്ടതായി ഏകമാനിയയിലെ ഗണേഷ് ദാസ് എന്ന കർഷകൻ പറഞ്ഞു. എരുമകളിൽ നിന്ന് പാൽ വിറ്റ് ഞാൻ പ്രതിമാസം 30,000 രൂപയോളം സമ്പാദിച്ചിരുന്നു. എന്റെ 40 എരുമകളും ചത്തതോടെ എന്റെ ഭാവി ഇപ്പോൾ അപകടത്തിലാണെന്നും എനിക്ക് സർക്കാരിൽ നിന്ന് നഷ്ടപരിഹാരം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജഗന്നാഥ് ദാസിന്റെ 17 എരുമകളും പഗല ബിസ്വാളിലെ 16 എരുമകളും നദിയിൽ മുങ്ങിമരിച്ചതായി വൃത്തങ്ങൾ അറിയിച്ചു.