ഗാസിയാബാദ്: ഉത്തർപ്രദേശിൽ വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥക്ക് ദാരുണാന്ത്യം. കവി നഗർ പൊലീസ് സ്റ്റേഷനിലെ എസ്ഐആയ റിച്ച സച്ചൻ (25) ആണ് തിങ്കളാഴ്ച ഉച്ചക്ക് 2 മണിയോടെ അപകടത്തിൽപ്പെട്ടത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് അപകടം സംഭവിച്ചത്. അപ്രതീക്ഷിതമായി റോഡിലേക്ക് പാഞ്ഞെത്തിയ തെരുവ് നായയെ വണ്ടിയിടിക്കാതെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ റിച്ചയുടെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. നായയെ ഇടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതോടെ റിച്ച റോഡിലേക്ക് തെറിച്ചു വീണു.
ഇതോടെ പിന്നിൽ നിന്നെത്തിയ കാർ റിച്ച സച്ചനെ ഇടിച്ചിട്ടു. ഹെൽമറ്റ് ധർച്ചിരുന്നെങ്കിലും ഇടിയേറ്റ് റിച്ചക്ക് ഗുരുതര പരിക്കേറ്റു. വിവരമറിഞ്ഞ് പൊലീസ് പട്രോളിംഗ് ടീം എത്തി പൊലീസ് ഉദ്യോഗസ്ഥയെ സർവോദയ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് കവി നഗർ അഡീഷണൽ പൊലീസ് കമ്മീഷണർ ഭാസ്‌കർ വർമ്മ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
കാൺപൂർ നിവാസിയായ റിച്ച 2023 ൽ ആണ് സബ് ഇൻസ്പെക്ടറായി ജോലിയിൽ പ്രവേശിക്കുന്നത്. ശാസ്ത്രി നഗർ ഔട്ട് പോസ്റ്റിന്റെ ചുമതലയായിരുന്നു റിച്ചക്ക്. യുപിഎസ്‌സി പരീക്ഷകൾക്ക് തയ്യാറെടുക്കുകയിരുന്നു റിച്ചയെന്നും അടുത്ത വർഷം വിവാഹം നടത്താൻ തീരുമാനിച്ചിരുന്നതാണെന്നും റിച്ചയുടെ മാതാപിതാക്കൾ പറഞ്ഞു. റിച്ചയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്‌കരിക്കുന്നതിനായി മാതാപിതാക്കൾ നാട്ടിലേക്ക് കൊണ്ടുപോയി.